ഗാന്ധിജിയോടൊപ്പം

Ezhuthupura

ഒരിക്കൽ ഒരു കുട്ടി അവന്റെ അച്ഛനോട് ചോദിച്ചു, “ബാപ്പുജി ആരാണ്? അദ്ദേഹത്തെക്കുറിച്ച് മനസ്സിലാക്കാൻ ഓരോരുത്തരും വീട്ടിൽ പോയി മാതാപിതാക്കളോട് ചോദിച്ചറിയാൻ ടീച്ചർ പറഞ്ഞിട്ടുണ്ട്.”

എപ്പോഴും തിരക്കാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ഇന്നത്തെ മാതാപിതാക്കളുടെ പ്രതിനിധിയായ ആ കുട്ടിയുടെ അച്ഛൻ മൊബൈലിൽ നിന്നും ശ്രദ്ധമാറ്റി മകനോട് അൽപ്പം നീരസത്തോടെ പറഞ്ഞു. “ഇതൊക്കെ വീട്ടിൽ വന്നു പഠിക്കണമെങ്കിൽ പിന്നെ ടീച്ചർക്കെന്താ അവിടെ ജോലി?” അതിനു ശേഷം തിരികെ വീണ്ടും മൊബൈലിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു.

Mahatma Gandhi, from a December 1917 copy of Mahatma Gandhi: his life, writings and speeches.

മാതാപിതാക്കളുടെ അശ്രദ്ധയിൽ മങ്ങുന്നത് കുട്ടികളുടെ ഭാവിയാണെന്ന് ബഹുപൂരിപക്ഷം ആളുകളും ഓർക്കുന്നില്ല. ആ മകൻ അടുക്കളയിലേയ്ക്ക് ഓടിച്ചെന്ന് അമ്മയോടും ഇതേ ചോദ്യം ചോദിച്ചു, എന്നാൽ അമ്മയാകട്ടെ “കഴുകാനുള്ള തുണി ബാക്കി കിടക്കാ, അതിനിടയിലാ ചെക്കന് ഗാന്ധിയെക്കുറിച്ച് അറിയാഞ്ഞിട്ട്, പോയിരുന്നു പഠിച്ചേ!” എന്ന് എപ്പോഴത്തെയും പോലെ ഒരു ശാസനയും.

പഠനമെന്നത് മാതാപിതാക്കളെ ബാധിക്കാതെ നടത്തേണ്ട ഒരു കാര്യം ആണെന്ന് തെറ്റിദ്ധരിച്ച ആ കുട്ടി അവന്റെ മുറിയിൽ പോയി പുസ്തകം തുറന്നു… അതിൽ അതാ പുഞ്ചിരിക്കുന്ന ഒരു മുഖം… കൂടെ ഒരു തലക്കെട്ടും “ഗാന്ധിയെ അറിയാം” അവന് സന്തോഷമായി അവൻ ആ പുസ്തകത്തോട് ചോദിച്ചു “ആരാണ് ബാപ്പു, ഒന്ന് പറഞ്ഞു തരാമോ ?”

പെട്ടന്ന് ആ പുസ്തകത്തിലെ പുഞ്ചിരിതൂകുന്ന ഗാന്ധി ചിരിച്ചുകൊണ്ട് ആ കുട്ടിയോട് പറഞ്ഞു…”മറന്നു തുടങ്ങുന്നവയിൽ കടന്നുകൂടിയ എന്നെക്കുറിച്ച് ഞാൻ തന്നെ നിനക്ക് പറഞ്ഞു തരാം…”

കുട്ടി പേടിച്ചരണ്ട് കൊണ്ട് പുസ്തകം കൊട്ടിയടച്ചു… എന്നിട്ട് അവൻ അച്ഛന്റെ അരികിലേക്ക് ഓടിച്ചെന്നു… അപ്പോഴും ഫോണിൽ ശ്രദ്ധിച്ചിരുന്ന ആ അച്ഛൻ അവനോട് ദേഷ്യത്തോടെ പറഞ്ഞു “ഒന്ന് പോയിരുന്നു പഠിക്കുന്നുണ്ടോ?” പേടികൊണ്ട് ശബ്ദം പുറത്തു വരാതിരുന്ന അവന് തിരികെ പുസ്തകത്തിനടുത്തേയ്ക്ക് പോകാൻ പേടിയായി. അവൻ TV ഓൺ ചെയ്‌തു അപ്പോൾ അതാ നേരത്തെ പുസ്തകത്തിൽ കണ്ട ആ അപ്പൂപ്പൻ TV യിലും,അതോടെ അവൻ വേഗംതന്നെ ടീവിയും ഓഫായാക്കി സോഫയിൽ കിടന്നുറങ്ങി.

Mr. and Mrs. Gandhi, from a December 1917 copy of Mahatma Gandhi: his life, writings and speeches.

എന്നാൽ ഉറക്കത്തിൽ അവൻ ഒരു സ്വപ്നം കണ്ടു. ബാപ്പുജി അവന്റെ അടുത്തെത്തി കൈപിടിച്ച് അദ്ദേഹത്തിന്റെ ജീവിതത്തിലൂടെ അവനെ നടത്തുന്നു,അവന്റെ മുൻപിൽ ആ ജീവിതം തന്നെ ഒരു വലിയ പാഠമാവുകയായിരുന്നു. അഹിംസ, സഹകരണം, സഹവർത്തിത്വം എന്നീ മഹത്തായ പാഠങ്ങൾ അവൻ ആ അപ്പൂപ്പനിൽ നിന്നും പഠിച്ചു. മെല്ലെ, മെല്ലെ ആ കുട്ടിക്ക് ബാപ്പുജിയെ ഇഷ്ടമായി… അവൻ ഉണർന്നെഴുന്നേറ്റ ഉടൻ അവന്റെ പഠന മുറിയിലേക്കോടി, ആ പുസ്തകം തുറന്നു… ഗാന്ധിജിയുടെ ജീവിതത്തിലൂടെ കണ്ണോടിച്ചു… അപ്പോഴും, പരാതിയോ പരിഭവമോ ഇല്ലാതെ ആ മഹാത്മാവ് പുഞ്ചിരിതൂകികൊണ്ടേയിരുന്നു…

ഏതാനും കുറച്ച് വർഷങ്ങൾക്ക് ശേഷം നമ്മുടെ വരും തലമുറ “ഗാന്ധിയെക്കുറിച്ചു അറിയുമോ?”, എന്ന് ഈ തലമുറയിലുള്ളവരോട് ചോദിച്ചാൽ, ഒരു പക്ഷെ “ആ നോട്ടിൽ കാണുന്ന ആളില്ലേ, അത് തന്നെ! ” എന്ന് ലാഘവത്തോടെ പറഞ്ഞു കൊടുത്തേക്കാം.

മറക്കുന്ന ഓരോ നല്ല ചിന്തകളും നമ്മേ ഇരുട്ടിലാക്കുന്നവയാണ് എന്ന് നാം ഓരോരുത്തരും ഓർക്കേണ്ട ജീവിത സാഹചര്യത്തിലൂടെയാണ് നമ്മൾ ഇന്ന് കടന്നു പോയ്കൊണ്ടിരിക്കുന്നത്…

കുട്ടികൾക്ക് ബാപ്പുവിനെ കുറിച്ച് പറഞ്ഞു കൊടുക്കണം, അതിന് അദ്ദേഹത്തിന്റെ ജീവിതത്തിലൂടെ കണ്ണോടിക്കേണ്ടത് അനിവാര്യമാണ്…

സസ്നേഹം അബ്ദുൾറൗഫ്‌, അബുദാബി.

Leave a Reply

Your email address will not be published. Required fields are marked *