അബുദാബി: ലോകത്തെ ഏറ്റവും വലിയ ഒഴുകുന്ന പുസ്തകമേളയ്ക്ക് തുടക്കമായി

GCC News

ലോഗോസ് ഹോപ്പ് എന്ന കപ്പലിൽ ഒരുക്കിയിട്ടുള്ള ലോകത്തെ ഏറ്റവും വലിയ ഒഴുകുന്ന പുസ്തകമേള അബുദാബി അറബിക് ലാംഗ്വേജ് സെന്റർ 2023 മെയ് 18-ന് ഉദ്ഘാടനം ചെയ്തു. ഈ കപ്പൽ നിലവിൽ അബുദാബിയിലെ മിന സായിദ് പോർട്ടിൽ നിർത്തിയിട്ടിരിക്കുകയാണ്.

അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസത്തിന് കീഴിലാണ് അബുദാബി അറബിക് ലാംഗ്വേജ് സെന്റർ പ്രവർത്തിക്കുന്നത്. ലോഗോസ് ഹോപ്പ് കപ്പലിൽ ഒരുക്കിയിട്ടുള്ള ഈ പുസ്തകമേളയിലേക്ക് 2023 ജൂൺ 4 വരെ സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്നതാണ്.

Source: Abu Dhabi Media Office.

2023 മെയ് 22 മുതൽ ആരംഭിക്കുന്ന 32-മത് അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയറിനോട് അനുബന്ധിച്ചാണ് ഈ ഒഴുകുന്ന പുസ്തകമേള ഒരുക്കിയിരിക്കുന്നത്. സ്പോർട്സ്, സയൻസ്, ആർട്സ് തുടങ്ങി വിവിധ വിഷയങ്ങളിലുള്ള അയ്യായിരത്തിലധികം പുസ്തകങ്ങൾ, പ്രസിദ്ധീകരണങ്ങൾ എന്നിവ ലോഗോസ് ഹോപ്പ് കപ്പലിലെ പുസ്തകമേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Source: Abu Dhabi Media Office.

ഇതോടൊപ്പം നിരവധി സാംസ്‌കാരിക പരിപാടികൾ, സംവാദങ്ങൾ, സംഗീതപരിപാടികൾ എന്നിവയും ഈ ഒഴുകുന്ന പുസ്തകമേളയുടെ ഭാഗമായി അരങ്ങേറുന്നതാണ്.

2009-ലാണ് ലോഗോസ് ഹോപ്പ് കപ്പലിലെ ഈ പുസ്തകമേള ആദ്യമായി ആരംഭിച്ചത്. ഇതിനിടെ ഈ കപ്പൽ ലോകത്തെ 150-ൽ പരം രാജ്യങ്ങൾ സന്ദർശിക്കുകയും, 49 ദശലക്ഷത്തോളം സന്ദർശകരെ സ്വാഗതം ചെയ്യുകയും ചെയ്തിട്ടുണ്ട്.

32-മത് അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ 2023 മെയ് 22 മുതൽ ആരംഭിക്കുന്നതാണ്. മെയ് 28 വരെ അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിൽ (ADNEC) വെച്ചാണ് ഈ പുസ്തകമേള സംഘടിപ്പിക്കുന്നത്.

Cover Image: Abu Dhabi Media Office.