ഷാർജ മ്യൂസിയം ഓഫ് ഇസ്ലാമിക് സിവിലൈസേഷനിൽ സംഘടിപ്പിക്കുന്ന ‘സീന സ്‌പ്ലെൻഡർ ഓഫ് ദി ഇന്ത്യൻ കോർട്ട്‌സ്’ പ്രദർശനം സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ H.H. ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
കുവൈത്തിലെ ദാർ അൽ-അഥർ അൽ-ഇസ്‌ലാമിയ്യയുമായി സഹകരിച്ച് കൊണ്ട് ഷാർജ മ്യൂസിയം അതോറിറ്റിയാണ് ഈ എക്സിബിഷൻ സംഘടിപ്പിക്കുന്നത്. കുവൈത്തിലെ അന്തരിച്ച ഷെയ്ഖ് നാസർ സബാഹ് അൽ അഹമ്മദ് അൽ സബാഹ്, ഷെയ്ഖ് ഹെസ്സ സബാഹ് അൽ സബാഹ് എന്നിവരുടെ ശേഖരത്തിൽ നിന്നുള്ള 84 അപൂർവ പുരാവസ്തുക്കളാണ് ‘സീന സ്‌പ്ലെൻഡർ ഓഫ് ദി ഇന്ത്യൻ കോർട്ട്‌സ്’ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും വിപുലവും അഭിമാനകരവുമായ പുരാതന, ഇസ്‌ലാമിക കലകളുടെ ശേഖരമാണ് ഈ എക്സിബിഷനിലെത്തുന്ന സന്ദർശകർക്ക് മുൻപിൽ അവതരിപ്പിക്കുന്നത്. പതിനാറാം നൂറ്റാണ്ടിനും പതിനെട്ടാം നൂറ്റാണ്ടിനും ഇടയിൽ വൈവിധ്യവും വിശിഷ്ടവുമായ വസ്തുക്കൾ രൂപകല്പന ചെയ്ത ഇന്ത്യൻ ആഭരണനിർമ്മാതാക്കളുടെ അസാധാരണമായ കരകൗശലപാടവം എടുത്ത് കാട്ടുന്ന ഈ പ്രദർശനം ആ കാലഘട്ടത്തിലെ രാജകുമാരന്മാരുടെ ജീവിതം, വ്യവഹാരങ്ങൾ, പദവി എന്നിവയെ ചിത്രീകരിക്കുന്നു.
ഏറ്റവും വലുതും പഴക്കമുള്ളതുമായ രാജകീയ ലിഖിതങ്ങൾ ഉൾക്കൊള്ളുന്ന രാജകീയ രത്‌നക്കല്ല്, എഡി 1637-1638 കാലഘട്ടത്തിൽ മുഗൾ ചക്രവർത്തി ഷാജഹാൻ നിയോഗിച്ച ജേഡ് പെൻഡന്റ്, 1651 കാലഘട്ടത്തിൽ ഇതേ ചക്രവർത്തി നൽകിയ ആർച്ചറി മോതിരം എന്നിവ ഉൾപ്പെടെയുള്ള ആകർഷകമായ പുരാവസ്തുക്കളാണ് ഈ പ്രദർശനത്തിലുള്ളത്. കൂടാതെ 1652 എ.ഡി കാലഘട്ടത്തിലെ രത്നങ്ങളുള്ള കഠാരകൾ, കത്തികൾ, വാളുകൾ എന്നിവയും വാൾ, കഠാര കരകൗശല വിദ്യയിലെ പുരോഗതി വ്യക്തമാക്കുന്ന ആലേഖനങ്ങളുള്ള പതക്കങ്ങൾ തുടങ്ങിയവയുടെ ശേഖരവും ഈ പ്രദർശനത്തിലുണ്ട്.
ഈ പ്രദർശനം 2024 ഏപ്രിൽ 14 വരെ ഷാർജ മ്യൂസിയം ഓഫ് ഇസ്ലാമിക് സിവിലൈസേഷനിൽ തുടരും.
WAM