ഇന്നത്തെ തിരക്ക്പിടിച്ച ജീവിതയാത്രയിൽ നമ്മളിൽ കുറേപേർക്കെങ്കിലും ഉണ്ടാകുന്ന ഒരു അവസ്ഥയാണ് മനസ്സ് വരണ്ടുപോകുന്നതുപോലെ (Dryness) എന്ന തോന്നൽ. ഇതേ തുടർന്ന് മനസ്സിൽ പിരിമുറുക്കങ്ങളും, വിശപ്പില്ലായ്മയും, എന്തിനോടും ഒരു ആശങ്കയും, പിൻതിരിയലും അനുഭവപ്പെടുന്നു. പലപ്പോളും ഈ അവസ്ഥ ചെറുതെന്നു കണക്കാക്കുമെങ്കിലും അത് നമ്മുടെ മനസ്സിനെ ഭാരമേറിയതാക്കി മാറ്റുന്നു. ഈ അവസ്ഥയ്ക്ക് കാരണമെന്ന് കരുതുന്ന ചില കാര്യങ്ങൾ താഴെ പറയുന്നു, ഈ അവസ്ഥയ്ക്ക് അൽപ്പം ശമനം ലഭിക്കാനും മനസ്സിനെ ഉന്മേഷമുള്ളതാക്കാനും ഈ ഉൾനോട്ടം സഹായിക്കുമെന്ന് കരുതാം :
അവനവനിലേക്ക് ഒതുങ്ങുന്നു.
ഇന്നത്തെ ജീവിത ചുറ്റുപാടുകളിൽ മുഖം കാണാതെ ഒരു മായയ്ക്കപ്പുറത്തും ഇപ്പുറത്തുമിരുന്നു എഴുതിയയക്കുന്ന ലഖുലേഖയിലൂടെ മനുഷ്യൻ ആശയ വിനിമയത്തെ ചുരുക്കുന്നു. ദിവസവും ഒത്തൊരുമിച്ചു സംസാരവും, മൊബൈലും ഇന്റർനെറ്റും എന്ന ഇടനിലക്കാരില്ലാത്ത നിമിഷങ്ങളും ഇന്ന് വിരളമായിരുന്നു. പ്രതീക്ഷകളുടെയും, ആശയവിനിമയത്തിൻറെയും അതിപ്രസരം കാരണം നാം അറിയാതെ നമ്മുടെ മനസ്സിനെ ഘനപ്പെടുത്തുന്നു. പല കാഴ്ചകളും നാം നമ്മുടേതായ കണ്ണുകളിലൂടെ കണ്ടുകൊണ്ട് സ്വയം വിശകലനം ചെയ്ത് മനസ്സിനെ വിഷമമേറിയതാക്കുന്നു.
അമിതമായ പ്രതീക്ഷ.
ഇന്ന് നാം പ്രതീക്ഷകൾക്ക് അമിതമായ പ്രാധാന്യം നൽകിവരുന്നതും മനസ്സിനെ താളം തെറ്റിക്കുന്നതിന്റെ ഒരു കാരണമായി കാണാവുന്നതാണ്. പണ്ടെല്ലാം നാം ഒരു കാര്യത്തിലേക്ക് കടക്കുമ്പോൾ അതിൽ നടക്കാനും, നടക്കാതിരിക്കാനും എന്ന സാധ്യതകൾക്ക് ഇടം കൊടുത്തിരുന്നു, എന്നാൽ ഇന്ന് നാം അതിലേക്കുള്ള അമിതമായ ആഗ്രഹം കാരണം ഏതെങ്കിലും കാര്യങ്ങൾ ശരിയായ രീതിയിലോ, സമയത്തിനുള്ളിലോ കഴിഞ്ഞില്ലെങ്കിൽ നാം നമ്മുടെ വിധിയെ പഴിക്കാനാരംഭിക്കുന്നു. “എന്ത് ചെയ്താലും ശരിയാവുന്നില്ലെന്നും”, “തനിക്കു മാത്രം എന്താ ഇങ്ങിനെയെന്നും” ആലോചിച്ച് മനസ്സിനെ കുഴപ്പിക്കുന്നു. “താൻ പാതി ദൈവം പാതി” എന്നൊക്കെ മനസ്സിൽ ഉരുവിടും എങ്കിലും തന്റെ കാര്യം വരുമ്പോൾ അവിടെ പാതിപോരാ മുഴുവനും താൻ ആഗ്രഹിക്കുന്ന രീതിയിൽ മതി എന്ന നമ്മൾ മനുഷ്യരുടെ സ്വാർത്ഥ ചിന്തയായിരിക്കാം ഈ വിഷമത്തിനും കാരണം.
സന്തോഷിക്കാൻ മടി.
നമ്മുടെ മനസ്സിന് ഏതെങ്കിലും രീതിയിൽ ഒരു സന്തോഷം വരാനിടയായാൽ , അതിനെ നമ്മൾ മനപ്പൂർവ്വം അടിച്ചമർത്തുന്ന ഒരു രീതിയും ഈ അവസ്ഥയ്ക്ക് കാരണമായി തോന്നുന്നു. ഇപ്പോൾ താൻ സന്തോഷിച്ചാൽ പിന്നീട് ദുഃഖിക്കേണ്ടിവരും എന്ന ചിന്തയിൽ അമിതമായി മനസ്സിനെ തെറ്റിദ്ധരിപ്പിച്ചു മുൻപോട്ടുള്ള സന്തോഷത്തിനു വേണ്ടി വേഴാമ്പലിനെ പോലെ മനസ്സ് കാത്തിരിക്കുന്നു. വരാനിരിക്കുന്ന കാലത്തെക്കുറിച്ച് അമിതമായി വേവലാതിപ്പെടാതെ ഇപ്പോഴുള്ള കൊച്ചു കൊച്ചു സന്തോഷങ്ങളിൽ മനസ്സിനെയും സന്തോഷത്തിൽ അലിയിച്ചാൽ ഈ ചിന്തയും വിഷമവും കുറയ്ക്കുവാൻ സാധിക്കും.
സംതൃപ്തിയില്ലായ്മ.
ദിനംപ്രതി കൂടിവരുന്ന “സൗകര്യങ്ങൾ” എന്ന് നാം കണ്ണടച്ച് വിശ്വസിക്കുന്ന സംവിധാനങ്ങളിൽ അമിതമായി മനസ്സിനെ കെട്ടിയിടാൻ ശ്രമിക്കുന്നത് കൊണ്ട് നാം ഒന്നിലും സംതൃപ്തരാവാതെ മനസ്സിനോട് “എന്നാണു നല്ല ഒരു ജീവിതം ഉണ്ടാവുക”, “കുറച്ചുകൂടി പണമുണ്ടായിരുന്നെങ്കിൽ…” എന്നെല്ലാം നുള്ളിപ്പെറുക്കുന്നതിലൂടെ മനസ്സിലെ ആ നന്മയുടെ തെളിനീർ വറ്റിപോകുന്നു. നീട്ടിയെടുക്കുന്ന നല്ല ശ്വാസം പോലും ഒരു വലിയ ഭാഗ്യമാണെന്ന് ചിന്തിച്ചാൽ മനസ്സിനെ തൃപ്തിപ്പെടുത്താനാകും.
സ്വയം പഴിചാരൽ.
ഇന്നേറ്റവും അധികം കണ്ടുവരുന്ന മനസ്സിൻറെ ഒരു തോന്നിപ്പിക്കലാണ്, “താൻ ഒന്നിനും പോരാത്തവനാണ്”, “എന്നെ ആർക്കും ഇഷ്ടമല്ലാ”, “എന്നോടാരും മിണ്ടുന്നില്ല” അങ്ങിനെ നാം നമ്മെ തന്നെ പഴിക്കുക എന്നത് നമ്മുടെ മനസ്സിനെ കൂരിരുട്ടിൽ അടയ്ക്കാൻ നിർബന്ധിക്കുന്നു. മറ്റുള്ളവരിലുള്ള എല്ലാ ഗുണങ്ങളും അത് നമ്മളിലും ഉണ്ട്, അല്ലെങ്കിൽ അത്രതന്നെ മതി എന്ന തോന്നൽമനസ്സിൽ രൂപപ്പെടുത്തിക്കൊണ്ട്, നിങ്ങളുടെ ഉള്ളിലേയ്ക്ക് തന്നെ തുറിച്ചു നോക്കിയിരിക്കാതെ പുറത്തുള്ള ഭംഗിയുള്ള കാഴ്ചകൾ കാണുവാൻകൂടി ശ്രമിച്ചാൽ നിങ്ങൾക്ക് തിരിച്ചറിയുവാനാകും “ഈ ലോകത്തിൽ ഞാൻ വളരെ ഭാഗ്യം ചെയ്തവനാണ്, എനിക്കും കുറേ നല്ല കാര്യങ്ങൾ ചെയ്യുവാൻ കഴിയും” എന്ന്. നിങ്ങൾ മനസ്സുകൊണ്ടെങ്കിലും ഒരു കാര്യത്തെ പോസിറ്റീവ് ആയി ചിന്തിച്ചു നോക്കൂ പിന്നീട് ജീവിതത്തിൽ മനസ്സ് നിങ്ങൾക്കൊപ്പം നിൽക്കുന്നതായി മനസ്സിലാക്കാം.
പ്രശ്നങ്ങൾക്കുള്ളിൽ താനും എന്ന് മനസ്സിനെ തെറ്റിദ്ധരിപ്പിക്കൽ.
ഒരു സുഹൃത്ത് പറഞ്ഞതോർക്കുന്നു, വാർത്തകൾ ഒന്നും നല്ലതില്ല, എങ്ങും പ്രശ്നങ്ങൾ മാത്രം. വാർത്തകൾ നമ്മേ തേടിവരുന്നതല്ല, നാം വാർത്തകളുടെ കയത്തിലേക്ക് മുങ്ങിപ്പോകുന്ന ഒരു കാലഘട്ടത്തിലാണ് ജീവിക്കുന്നത്. മനുഷ്യ മനസ്സിൻറെ ഒരു വലിയ പ്രത്യേകതയാണ്, ഒരു കാഴ്ച്ചയെ ശബ്ദത്തിൽ നിന്നോ, വായനയിൽ നിന്നോ “കണ്ടു” എന്ന് തെറ്റിദ്ധരിപ്പിക്കൽ. നാം വായിക്കുന്ന പ്രതലങ്ങളിൽ നമുക്ക് ആവശ്യമില്ല എന്ന് തോന്നുന്നവയിൽ നിന്ന് ഒഴിഞ്ഞുമാറി നല്ല വായനകളിലേയ്ക്ക് കടന്നു നോക്കൂ, നമുക്ക് ചുറ്റും നല്ലത് നടക്കുന്നതും പതുക്കെ നമുക്കുള്ളിലെ ആ ഉൾഭയം മാറി മനസ്സിനെ ഘനമില്ലാതാക്കാനും സഹായിക്കുന്നു.
പ്രതികരണ പ്രതലം.
പണ്ടെല്ലാം നമുക്ക് പ്രതികരിക്കാൻ വേദികൾ കുറവായിരുന്നു, എന്നാൽ ഇന്ന് വേദികൾ ധാരാളമുണ്ട്, അതിനാൽ തൻറെ ശബ്ദത്തിനു ശ്രദ്ധ ലഭിക്കുവാൻ നാം നിരന്തരം ഇടപെടലുകൾ നടത്തിക്കൊണ്ടിരിക്കുന്നു. ചില ഘട്ടങ്ങളിൽ നമുക്ക് വേണ്ടത്ര ശ്രദ്ധ കിട്ടുന്നില്ലെന്ന് തോന്നിയാലും മനസ്സ് നിര്ജ്ജലീകരിച്ച അവസ്ഥയിലായിപ്പോകുന്നു, അമിതമായ പ്രതീക്ഷകൾ കുറയ്ക്കുന്നതിലൂടെ ഈ അവസ്ഥയ്ക്കും പരിഹാരം ലഭിക്കുന്നു.
ചിരിക്കാൻ മടി.
ബുദ്ധിയുടെയും, ശക്തിയുടെയും അടയാളം മുഖത്തെ പേശികൾ നിർജീവമാക്കി ചിരിയ്ക്കാതെ ഇരിക്കുക എന്ന് ചിന്തിക്കാതെ, കഴിവതും ഉള്ളുതുറന്ന് ചിരിയ്ക്കാൻ ശീലിച്ചു നോക്കൂ, മനസ്സ് ശാന്തമാകും തീർച്ച.
നൂതന സാങ്കേതികവിദ്യയുടെ ഈ കാലഘട്ടത്തിൽ നാം നമ്മുടെ മനസ്സിനെ ഒരുപാട് തോന്നലുകൾക്കടിമയാക്കാതെ സ്വസ്ഥമായി എന്ത് പ്രശ്നമുണ്ടങ്കിലും അതിനെ നേരിടാൻ തൻറെ മനസ്സിന് കഴിയും എന്ന ഉറച്ച ചിന്ത നാം വളർത്തിയെടുക്കണം. മനസ്സിനെ ശക്തിപ്പെടുത്തുകയാണ് ആദ്യം ചെയ്യേണ്ടത് മനസ്സിന് വിശ്രമം ആവശ്യമുണ്ടെന്നു തിരിച്ചറിയാലാണ്. അതുകൊണ്ട് മനസ്സിൽ സന്തോഷം കുറയുന്നു എന്ന് തോന്നിത്തുടങ്ങിയാൽ, മനസ്സിനെ സ്വസ്ഥമാക്കുവാൻ കുറച്ച് നേരം ചിന്തകളിൽ താളം പിടിക്കാതെ സ്വസ്ഥമായിരുന്നു നോക്കൂ, നിങ്ങളുടെ മനസ്സിന്റെ ഏറ്റവും നല്ല സുഹൃത്തും ശത്രുവും നിങ്ങളുടെ ബുദ്ധിയാണ്, ആ വികൃതി നമുക്കുള്ളിൽ തോന്നിപ്പിക്കുന്ന ചിന്തകളെല്ലാം ശരിയാണ് എന്ന തെറ്റിദ്ധാരണ അകറ്റി, യോഗയോ, പ്രാർത്ഥനയോ ഇനി ഇതൊന്നുമല്ലെങ്കിൽ നന്നായൊന്നു ഉറങ്ങി എണീറ്റാൽ തീരുന്ന പ്രശ്നങ്ങളെ ഉള്ളൂ എന്ന് കരുതി ധൈര്യമായി “ഇന്ന്” ജീവിക്കാൻ ശ്രമിച്ചു നോക്കൂ, ഘനമില്ലാത്ത “ഇന്നിൽ” നിന്നാകാം ഭംഗിയുള്ള “നാളെ” നിങ്ങൾക്ക് വന്നുചേരുന്നത്.
തയ്യാറാക്കിയത് : എഡിറ്റോറിയൽ ടീം.