പരീക്ഷാകാലം രക്ഷിതാക്കൾക്കും കുട്ടികൾക്കും ഒരുപോലെ മാനസിക പിരിമുറുക്കങ്ങളുടെയും വ്യാകുലതകളുടെയും കാലമാണ്. വരാൻ പോകുന്ന പരീക്ഷകളെക്കുറിച്ചുള്ള ആകാംക്ഷ, കുട്ടികൾക്ക് ഒരേസമയം മാനസികവും ശാരീരികവുമായ ക്ലേശങ്ങൾക്ക് വഴിവെക്കുന്നതാണ്. പഠനത്തിൽ മിടുക്കരായ കുട്ടികളേ പോലും ഈ പിരിമുറുക്കങ്ങൾ അനാവശ്യമായ ക്ഷീണവും, ഉറക്കക്കുറവും, പരീക്ഷയിലെ പ്രകടനത്തെ തന്നെ ബാധിക്കുന്ന അവസ്ഥകളിലേക്കും നയിക്കാവുന്നതാണ്. തങ്ങളുടെ കുട്ടികൾ പരീക്ഷയെ അഭിമുഖീകരിക്കുന്ന വേളയിൽ കടന്നു പോകുന്ന മാനസിക പിരിമുറുക്കങ്ങൾ രക്ഷിതാക്കളെയും സമ്മർദ്ദത്തിലാഴ്ത്തുന്നു.
കുട്ടികൾക്കായി ഒരു പ്രത്യേക പരീക്ഷാകാല ആഹാര ക്രമീകരണം, ഇത്തരത്തിലുള്ള സംഘർഷങ്ങൾ ഒഴിവാക്കാനും, അവരുടെ മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനും, ആത്മവിശ്വാസത്തോടെ പരീക്ഷകളെ നേരിടാൻ അവരെ ഒരുക്കുന്നതിനും, രക്ഷിതാക്കൾക്ക് പ്രയോജനപ്പെടുത്താവുന്നതാണ്.
ഇതിനായി എളുപ്പത്തിൽ പിന്തുടരാവുന്ന ചില ആഹാരക്രമീകരണ നിർദ്ദേശങ്ങൾ ഇവിടെ പങ്കുവെക്കുന്നു:
1. പരീക്ഷാ പേടിയിൽ ഭക്ഷണകാര്യങ്ങളിൽ നിന്ന് കുട്ടികളുടെ ശ്രദ്ധ ഒരു കാരണവശാലും കുറയുന്നില്ല എന്ന് പ്രത്യേകം ഉറപ്പ് വരുത്തുക
പരീക്ഷകൾക്കുള്ള ഒരുക്കങ്ങളുടെ തിരക്കിനിടയിൽ മാനസിക പിരിമുറുക്കം മൂലം പ്രാതൽ വേണ്ടെന്നു വെക്കുന്നതും മറ്റുനേരങ്ങളിലെ ഭക്ഷണം പൂർണ്ണമായോ ഭാഗികമായോ ഒഴിവാക്കുന്നതും കുട്ടികളിൽ പൊതുവായി കണ്ടുവരാറുള്ള ഒരു പ്രവണതയാണ്. ശരീരത്തിന്റെ കാര്യക്ഷമമായ പ്രവർത്തനത്തിന് ഭക്ഷണത്തിൽ നിന്ന് ലഭിക്കുന്ന ഊർജ്ജത്തിന് വലിയ പ്രാധാന്യമുണ്ട്. ഒരു ദിവസത്തിന്റെ തുടക്കത്തിൽ ശരീരത്തിന് വേണ്ട പോഷണങ്ങൾ നൽകുന്ന ഒരു ആരോഗ്യകരമായ പ്രഭാതഭക്ഷണം, ദിനം മുഴുവൻ ശരീരത്തിനെയും മനസ്സിനെയും ഉല്‍സാഹമുള്ളതും ശരിയായരീതിയിൽ പ്രവർത്തിക്കാൻ സജ്ജമായതുമാക്കുന്നു.
പരീക്ഷയോടടുക്കുന്ന ദിവസങ്ങളിലെ സമ്മര്ദ്ദത്തിനോടൊപ്പം അപര്യാപ്തമായ അളവിലുള്ള ഭക്ഷണരീതിയും കൂടി ചേരുമ്പോൾ തലച്ചോറിന്റെ കാര്യക്ഷമത കുറയുകയും, മാനസികമായ ഏകാഗ്രതയിൽ കുറവ് സംഭവിക്കുകയും, ശാരീരിക തളര്‍ച്ച അനുഭവപ്പെടുകയും, ഇതെല്ലാം ഒരു വിദ്യാർത്ഥിയുടെ പരീക്ഷയിലെ പ്രകടനത്തിൽ കാര്യമായ ഇടിവ് സംഭവിക്കാൻ കാരണമായിത്തീരുകയും ചെയുന്നു. അതിനാൽ നിങ്ങളുടെ കുട്ടികൾ ഒരുകാരണവശാലും പ്രാതലോ മറ്റു സമയങ്ങളിലെ ഭക്ഷണമോ ഒഴിവാക്കുന്നില്ല എന്ന് ഉറപ്പു വരുത്തുക.
സമീകൃതമായതും ആരോഗ്യപ്രദമായതുമായ ഒരു പ്രാതൽ അവർക്കായി ഒരുക്കുകയും അത് തിടുക്കം കൂടാതെ പിരിമുറുക്കങ്ങളില്ലാതെ മുഴുവൻ കുടുംബത്തോടൊപ്പം ആസ്വദിച്ച് കഴിക്കുവാനുള്ള അന്തരീക്ഷം ഒരുക്കുകയും ചെയ്യുക. തീർച്ചയായും അവരുടെ പ്രകടനത്തിലും ആത്മവിശ്വാസത്തിലും പ്രകടമായ മാറ്റങ്ങൾക്ക് ഇത് ഇടയാക്കും. പ്രോടീൻ, ഫൈബർ, കാൽഷ്യം എന്നിവയിൽ സമൃദ്ധമായ ഒരു പ്രാതൽ അവരുടെ തലച്ചോറിനെ കാര്യക്ഷമാക്കുകയും പരീക്ഷകളെ കൂടുതൽ എകാഗ്രതയോടെ സമീപിക്കാൻ പ്രാപ്തരാക്കുകയും ചെയ്യുന്നു.
2. പരീക്ഷാകാലങ്ങളിൽ അമിതമായി ഭക്ഷണം കഴിക്കുന്നതും ഒഴിവാക്കണം
നമ്മുടെ ശരീരത്തിലെ ഊർജത്തിന്റെ ഒരു ഭാഗം നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന്റെ ദഹനപ്രക്രിയയ്ക്കായി ഉപയോഗിക്കുന്നുണ്ട്. അമിതമായ ഭക്ഷണം ശരീരത്തിന്റെ ഊർജ്ജസ്വലത ഇലാതാക്കുകയാണ് ചെയ്യുക. വളരെ അധികം അളവിൽ കഴിക്കുന്ന ഭക്ഷണം ദഹിപ്പിക്കുന്നതിനായി ശരീരം അമിതമായി പ്രയത്നിക്കുകയും അതിന്റെ ഫലമായി കുട്ടികൾ പെട്ടന്ന് ക്ഷീണിക്കുകയും ഉറക്കം തൂങ്ങുകയും ചെയ്യാം. അതിനാൽ പഠനത്തിനായി കൂടുതൽ സമയം ചിലവിടേണ്ട പരീക്ഷാകാലയളവിൽ അമിതഅളവിലുള്ള വിഭവസമൃദ്ധമായ ഭക്ഷണ രീതികൾക്ക് പകരം സമര്‍ത്ഥമായ ചില ഭക്ഷണരീതികൾ കുട്ടികൾക്കായി ഒരുക്കുക.
പ്രധാന ഭക്ഷണങ്ങൾക്കായി മൂന്ന് തവണയായി ദിനവും ക്രമീകരിച്ചിട്ടുള്ള ഭക്ഷണസമയക്രമത്തിൽ മാറ്റം വരുത്തി, കുട്ടികൾക്കായി നാലോ അഞ്ചോ തവണയായി ലഘുവായതും എന്നാൽ പോഷകസമ്പുഷ്ടമായതുമായ ആഹാരം നൽകുക. പച്ചക്കറികളും, ഇല വർഗ്ഗങ്ങളും നിറഞ്ഞ സാലഡുകൾ, സൂപ്പുകൾ, ബദാം പോലുള്ള കായ് ഇനങ്ങൾ, പഴവർഗ്ഗങ്ങൾ എന്നിവ ഉപയോഗിച്ച് നിങ്ങൾക്ക് കുട്ടികൾക്കായി ഇത്തരം അവരുടെ ശരീരത്തിനെ ഉദാസീനമാക്കാത്ത ലഘുഭക്ഷണങ്ങൾ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയും. ഇത് കുട്ടികളെ പരീക്ഷാദിനങ്ങളിൽ കൂടുതൽ ഏകാഗ്രതയുള്ളവരും, ഊര്‍ജ്ജസ്വലരായും ആക്കിമാറ്റുന്നു.
3. കുട്ടികളെ തലച്ചോറിന്റെ പ്രവർത്തനങ്ങളെയും കാര്യപ്രാപ്തിയെയും ഉത്തേജിപ്പിക്കുന്നതും ഓർമശക്തിയെ വര്‍ദ്ധിപ്പിക്കുന്നതുമായ ആഹാരസാധനങ്ങൾ കഴിക്കാൻ പ്രോത്സാഹിപ്പിക്കുക
കുട്ടികളുടെ ദൈനംദിന ഭക്ഷണക്രമങ്ങളിൽ, പ്രത്യേകിച്ചും പരീക്ഷാകാലങ്ങളിൽ, സമീകൃതമായ ആഹാരശീലങ്ങൾ കൊണ്ടുവരാൻ രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കുക. പച്ച ഇല വർഗ്ഗങ്ങൾ, പഴവർഗ്ഗങ്ങൾ, മുട്ട, കാരറ്റ്, ഉണക്കിയ പഴങ്ങൾ, മീൻ മുതലായവ തലച്ചോറിന്റെ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുകയും ഓർമശക്തിയെ വർദ്ധിപ്പിക്കുകയും ചെയ്യുന്ന ആഹാരവസ്തുക്കളാണ്. ഇവ ഉൾക്കൊള്ളിച്ച് തയാറാക്കുന്ന ഭക്ഷണ വിഭവങ്ങൾ കുട്ടികൾക്ക് പഠനത്തെ എളുപ്പമാക്കുവാനും ചുറുചുറുക്കോടെ പരിക്ഷകളെ നേരിടാനുള്ള മാനസികവും ശാരീരികവുമായ ഉണർവും നൽകുന്നു.
പഞ്ചസാരയുടെ അളവ് കൂടുതലുള്ള ചോക്കലേറ്റ്, മിട്ടായികൾ, മറ്റു മധുരപലഹാരങ്ങൾ എന്നിവ പൊതുവെ കുട്ടികളുടെ ആഹാരത്തിൽ നിന്ന്
ഒഴിവാക്കുക. കഴിച്ചയുടനെ ശരീരത്തിന് വളരെക്കുറച്ച് സമയത്തേക്ക് മാത്രം ഊർജം നൽകുന്ന ഇത്തരം ആഹാരപദാർത്ഥങ്ങൾ കഴിച്ച് അല്പസമയത്തിനു ശേഷം വളരെ വലിയ തോതിലുള്ള ആലസ്യവും മാന്ദ്യവുമാണ് ശരീരത്തിന് നൽകുന്നത്. ഇത്തരം മധുരപലഹാരങ്ങൾക്ക് പകരം കുട്ടികൾക്ക് വിവിധയിനം കുരുവില്ലാത്തയിനം പഴവർഗ്ഗങ്ങൾ (berries) നൽകാം. ഇവയിലെ പ്രകൃത്യാ ഉള്ള പഞ്ചസാര മധുരപലഹാരങ്ങളിലുള്ള പഞ്ചസാര പോലെ ആലസ്യം ഉണ്ടാകുന്നതല്ല എന്നതിനാൽ ഇവ കുട്ടികളെ ഊർജ്ജസ്വലരായി നിലനിർത്തുന്നു.
4. നിര്‍ജ്ജലീകരണത്തിനെതിരെ കരുതൽ വേണം
പരീക്ഷാ തയ്യാറെടുപ്പിന്റെ ചൂടിൽ ആവശ്യത്തിന് ജലാംശം ശരീരത്തിലേക്ക് ചെല്ലാത്തത് കൊണ്ടുള്ള നിര്‍ജ്ജലീകരണം കുട്ടികളിൽ വളരെയധികം കണ്ടുവരാറുള്ള ഒരു പ്രശ്നമാണ്. ഇത് ശരീരത്തിലെ ധാതുക്കളുടെ സന്തുലിതാവസ്ഥയെ ബാധിക്കുവാനും, തലവേദന, വിവിധ അസ്വസ്ഥതകൾ എന്നിവ ഉണ്ടാകുവാനും, ക്ഷീണത്തിനും, പഠനത്തിൽ ശ്രദ്ധനഷ്ടമാകാനും കാരണമാകുന്നു. നിങ്ങളുടെ കുട്ടികൾക്കു നിര്‍ജ്ജലീകരണം കൊണ്ടുള്ള ശാരീരിക പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ അവർ ദിനവും ആരോഗ്യകരമായ അളവിൽ വെള്ളവും ജലാംശമുള്ള ആഹാരസാധനങ്ങളും കഴിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.
അവരെ ഇതിന് പ്രോത്സാഹിപ്പിക്കാൻ ദിനവും ഇടയ്ക്കിടെ ശുദ്ധമായ ജലം, പഴസത്തുക്കൾ, ഗ്രീൻ ടീ പോലുള്ള പാനീയങ്ങൾ, ജലാംശമുള്ള പഴവർഗ്ഗങ്ങൾ മുതലായവ കൃത്യമായ ഇടവേളകളിൽ നൽകുക.
കുട്ടികൾക്ക് അവരുടെ സ്കൂൾ കാലഘട്ടത്തിലെ മാനസികമായി ഏറ്റവും പിരിമുറുക്കമുള്ള ദിനങ്ങളാണ് ഓരോ പരീക്ഷാകാലവും സമ്മാനിക്കുന്നത്. അവർക്ക് പിന്തുണ നൽകുവാനും, അവരുടെ മാനസിക സംഘർഷം കുറയ്ക്കാനും, പഠനം ഉല്ലാസപ്രദമാക്കാനും രക്ഷിതാക്കൾ എന്ന നിലയിൽ നിങ്ങൾക്ക് അവരുടെ ആഹാരകാര്യങ്ങളുടെ ഇത്തരം ക്രമീകരണവും ശ്രദ്ധയും കൊണ്ട് എളുപ്പത്തിൽ സാധിക്കും.
തയ്യാറാക്കിയത്: പ്രവാസി ഡെയ്ലി എഡിറ്റോറിയൽ ടീം