ഊണിന്റെ കൂടെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു ഉരുളക്കിഴങ്ങ് ഉപ്പേരി ആണ് ഇന്നത്തെ വിഭവം. ആവശ്യത്തിന് എരുവും പുളിയും ഒക്കെ ഉള്ള ഈ കൂട്ട് കുട്ടികൾക്ക് ഒരുപാട് ഇഷ്ടമാകും.
വേണ്ട വിഭവങ്ങൾ:
ഉരുളകിഴങ്ങ് – 1 വലുത്
സവാള – 1
പച്ചമുളക് -1
ഇഞ്ചി – 1 ചെറിയ കഷ്ണം
വെളുത്തുള്ളി – 1 അല്ലി
വെളിച്ചെണ്ണ – 2 റ്റേബിൾസ്പൂൺ
ജീരകം – 1 ടീസ്പൂൺ
കുരുമുളക് പൊടി – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
കറിവേപ്പില – അൽപ്പം
മഞ്ഞൾപ്പൊടി – 1 നുള്ള്
കസൂരിമേത്തി – ആവശ്യത്തിന്
ടൊമാറ്റോ സോസ് – 1 റ്റേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം:
- ഉരുളക്കിഴങ്ങ് തൊലികളഞ്ഞ ശേഷം കഴുകി വൃത്തിയാക്കുക. എന്നിട്ട് ചെറിയ ചതുരക്കഷ്ണങ്ങൾ ആയി നുറുക്കി എടുക്കുക.
- ഒരു പാനിലോ ചീനച്ചട്ടിയിലോ രണ്ട് റ്റേബിൾസ്പൂൺ വെളിച്ചെണ്ണ ചൂടാക്കിയ ശേഷം ഉരുളക്കിഴങ്ങ് അതിലേക്ക് ഇടുക. നല്ല പോലെ ഇളക്കി കൊടുക്കുക. ഇതിലേക്ക് അര ടീസ്പൂൺ ജീരകവും ആവശ്യത്തിന് ഉപ്പും വിതറി യോജിപ്പിക്കുക.കരിഞ്ഞു പോകാതെ എല്ലാ ഉരുളകിഴങ്ങ് കഷ്ണങ്ങളും നല്ല പോലെ വെന്ത് മൊരിഞ്ഞു വരുന്ന വരെ ഇത് തുടരണം. എല്ലാ വശങ്ങളും മൊരിഞ്ഞു ഉള്ളിൽ ഒരുപോലെ വെന്തു കിട്ടുന്നതിനായി ഇടയ്ക്കിടെ ഉരുളകിഴങ്ങ് കഷ്ണങ്ങളെ തവികൊണ്ട് മറിച്ചിട്ടു കൊണ്ട് വേണം ഇളക്കി യോജിപ്പിക്കാൻ.
- ഉരുളക്കിഴങ്ങ് കഷ്ണങ്ങൾ നല്ല സ്വർണ്ണ നിറത്തോടെ പാകമാകുമ്പോൾ ഒരു പാത്രത്തിലേക്ക് എണ്ണ ഇല്ലാതെ കോരി മാറ്റി വെക്കുക.
- പാനിലെ ബാക്കിയുള്ള എണ്ണയിലേക്ക് അര ടീസ്പൂൺ ജീരകം ചേർത്ത് പൊട്ടിക്കുക. ഇതിലേക്ക് കറിവേപ്പില ചേർത്ത് മൂപ്പിക്കുക. ചെറുതായി അരിഞ്ഞ ഇഞ്ചി, വെള്ളുള്ളി എന്നിവ ചേർത്ത് പച്ചമണം മാറുന്ന വരെ വഴറ്റുക.
- ഇതിലേക്ക് ചെറുതായി അറിഞ്ഞ സവാള ചേർത്ത് വഴറ്റുക. ആവശ്യത്തിന് ഉപ്പ് ചേർക്കാം. സവാള ഒന്ന് വഴന്ന ശേഷം അൽപ്പം കുരുമുളകും, അരിഞ്ഞു വെച്ച പച്ചമുളകും ചേർത്ത് നല്ല പോലെ വഴറ്റുക. ഇതിലേക്ക് ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർത്ത് ഇളക്കുക. സവാള നല്ല പോലെ വഴന്നാൽ ഇതിലേക്ക് ഒരു നുള്ള് കസൂരി മേത്തി ഉള്ളംകൈയിൽ ഒന്ന് തിരുമ്മിയ ശേഷം ചേർത്ത് യോജിപ്പിക്കുക. തക്കാളി സോസ് ചേർത്ത് ഒന്ന് കൂടെ ഇളക്കിയെടുക്കുക. സോസിന്റെ പച്ചമണം മാറാൻ അരമിനിറ്റ് ഈ മസാല ഇളക്കി യോജിപ്പിക്കുക. ഉപ്പ് നോക്കിയതിനു ശേഷം ആവശ്യമെങ്കിൽ കൂടുതൽ ഉപ്പ് ചേർക്കുക.
- ഇതിലേക്ക് നമ്മൾ വറുത്ത് മാറ്റി വെച്ച ഉരുളക്കിഴങ്ങ് ചേർത്ത് നല്ല പോലെ യോജിപ്പിച്ചെടുക്കുക. ഒരു മിനിറ്റു കൂടി ഇളക്കിയെടുത്ത ശേഷം ഒരു നുള്ള് കൂടി കസൂരി മേത്തി ചേർത്തിളക്കി അടുപ്പത്തു നിന്ന് വാങ്ങുക.
നിങ്ങൾക്ക് ഇതിലേക്ക് അവസാനം അല്പം അരിഞ്ഞ മല്ലിയില ചേർക്കാവുന്നതാണ്.
തയ്യാറാക്കിയത്
മാളൂസ് കിച്ചൻ