ധനുമാസത്തിലെ തിരുവാതിരയുടെ ഓർമകളും, ഗൃഹാതുരത്വം ഉണർത്തുന്ന രുചിയും ഉള്ള ഒരു വിഭവമാണ് ഇന്ന് രുചിക്കൂട്ടിൽ. കൂവപ്പൊടി കൊണ്ട് രുചികരമായ ഒരു പായസം എങ്ങിനെ തയ്യാറാക്കാം എന്ന് നോക്കാം.
ഉദരരോഗ സംബന്ധമായ പ്രശ്നങ്ങൾക്കും, ശരീരത്തിന്റെ ചൂട് കുറയ്ക്കാനും ഉത്തമമാണ് കൂവ.
വേണ്ട വിഭവങ്ങൾ
കൂവപ്പൊടി – 1 കപ്പ്
ശർക്കര – 5-6 അച്ച്
തേങ്ങ ചിരകിയത് – 1/2 കപ്പ്
ഏലക്കായ – 2 എണ്ണം പൊടിച്ചത്
അല്പം അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി എന്നിവ നെയ്യിൽ മൂപ്പിച്ചത്
വെള്ളം – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
- ആദ്യമായി അടികട്ടിയുള്ള ഒരു പാത്രത്തിൽ നമ്മൾ എടുക്കുന്ന ശർക്കര അലിയാൻ വേണ്ട അളവിൽ വെള്ളം ചേർത്ത് ചൂടാക്കുക.ഇത് ശർക്കര അലിഞ്ഞു തിളച്ച് വരുമ്പോൾ അതിലേക്ക് കൂവപ്പൊടി വെള്ളം ചേർത്ത് കട്ടിയില്ലാതെ കലക്കിയത് ചേർത്ത് നല്ലപോലെ ഇളക്കുക.
- തീ കുറച്ച് വെച്ച് തുടരെ ഇളക്കിക്കൊണ്ടിരിക്കണം. കൂവ നല്ലപോലെ കുറുകി വരുമ്പോൾ തേങ്ങാ ചിരകിയതും, ഏലക്കാ പൊടിച്ചതും ചേർത്ത് യോജിപ്പിച്ചു തീ ഓഫ് ചെയ്യുക.
- നെയ്യിൽ മൂപ്പിച്ച അണ്ടിപ്പരിപ്പ് മുന്തിരി എന്നിവ ചേർത്തിളക്കി സെർവിങ് പ്ലേറ്റിലേക്ക് പകരാം.
തയ്യാറാക്കിയത്: ഹാംലറ്റ്. ഇ