തെറ്റായ ഡ്രൈവിംഗ് ശീലങ്ങൾ കണ്ടെത്തുന്നതിനുള്ള സ്മാർട്ട് റഡാർ സംവിധാനമൊരുക്കി ദുബായ്

GCC News

ദുബായിലെ റോഡുകളിലെ സുരക്ഷയുറപ്പാക്കുന്നതിനായുള്ള പ്രയത്നങ്ങളുടെ തുടർച്ചയായി പുതിയ സ്മാർട്ട് റഡാർ സംവിധാനവുമായി ദുബായ് പോലീസ്. ഈ നൂതന സംവിധാനത്തിലൂടെ വാഹനമോടിക്കുന്നവരുടെ ഡ്രൈവിംഗ് ശീലങ്ങൾ നിരീക്ഷിക്കാനും, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ അപകടങ്ങൾക്കിടയാകുന്ന വിധത്തിൽ വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നത്തിനും കഴിയുമെന്ന് ദുബായ് പൊലീസിലെ ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റ് ഡയറക്ടർ, ബ്രിഗേഡിയർ സൈഫ് മുഹെയർ അൽ മസ്‌റൂഈ അറിയിച്ചു. ഈ സംവിധാനം നിലവിൽ ഹൈവേകളിലും റോഡുകളിലും പ്രവർത്തനമാരംഭിച്ചതായി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലൂടെ അദ്ദേഹം വ്യക്തമാക്കി.

ഈ സംവിധാനത്തിലൂടെ വാഹനമോടിക്കുന്നവരുടെ റോഡിലുള്ള ശ്രദ്ധയും, പെരുമാറ്റരീതികളും തുടർച്ചയായി നിരീക്ഷിക്കുന്നതിലൂടെ നിയമലംഘനങ്ങൾ കുറച്ച് കൊണ്ടുവരാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോണുകൾ കൈകാര്യം ചെയ്യുക, അശ്രദ്ധമായും അച്ചടക്കമില്ലാതെയും റോഡിലെ വരികൾ മാറി വാഹനമോടിക്കുക, സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനമോടിക്കുക, പെട്ടന്ന് അതിവേഗത്തിൽ മറ്റു പാതകളിലേക്ക് വാഹനം തിരിക്കുക മുതലായ മറ്റു വാഹനങ്ങളിലുള്ളവർക്ക് അപകടമുണ്ടാക്കുന്ന തെറ്റായ ശീലങ്ങൾ കണ്ടെത്താനും ശിക്ഷ ഉറപ്പാക്കാനും ഈ സംവിധാനത്തിലൂടെ കഴിയും.

ഒരു ഡ്രൈവർ റോഡിൽ വരുത്തുന്ന ചെറിയ നിയമലംഘങ്ങൾ പോലും പലപ്പോഴും മറ്റു വാഹങ്ങളിലുള്ളവർക്ക് അപകടങ്ങൾക്കിടയാകുന്നതാണ്. അറിയാതെ ചെയ്യുന്നതാണെങ്കിൽ പോലും ഇത്തരം ഡ്രൈവിംഗ് ശീലങ്ങൾ പലപ്പോഴും നിരപരാധികളുടെ ജീവനാണ് ഭീഷണിയാകാറുള്ളത്. ഇത്തരത്തിലുള്ള അപകടങ്ങൾ കണ്ടെത്തി തടയുകയും അതിലൂടെ റോഡുകളിൽ അപകടമരണങ്ങൾ ഇല്ലാതാകുകയും ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമാണ് ഈ സംവിധാനം എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കൃത്രിമബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ സംവിധാനം പോലീസിന്റെ റഡാർ നിയന്ത്രണ സംവിധാനവുമായും, നിയമലംഘനങ്ങൾ കൈകാര്യം ചെയ്യുന്ന കേന്ദ്രങ്ങളുമായും ഇന്റർനെറ്റ് ഉപയോഗിച്ചുകൊണ്ട് തത്സമയം വിവരങ്ങൾ കൈമാറാൻ പര്യാപ്തമായിട്ടാണ് നിർമ്മിച്ചിരിക്കുന്നത്.