ദിനവും 1.5 ദശലക്ഷത്തിൽ പരം യാത്രികർ: ആരോഗ്യ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളുമായ് RTA

GCC News

ഏകദേശം ആറര ലക്ഷത്തോളം ആളുകളാണ് തങ്ങളുടെ യാത്രകൾക്ക് ദുബായ് മെട്രോയെ ആശ്രയിക്കുന്നത്. മെട്രോ കൂടാതെ ബസ്, ടാക്സി, ട്രാം, വാട്ടർ ടാക്സി പോലുള്ള ജല ഗതാഗത സംവിധാനങ്ങൾ എന്നിവയെല്ലാം പൊതു ഗതാഗതത്തിനായി ലക്ഷകണക്കിന് ആളുകൾ ഉപയോഗിക്കുന്നുണ്ട്. ഇത്രയും ആളുകൾ ഒത്തുചേരുന്ന ഒരു പൊതുഗതാഗത സംവിധാനത്തിൽ എങ്ങിനെയാണ് ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നത് എന്നത് വ്യക്തമാക്കുന്ന വീഡിയോ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) പങ്കുവെച്ചു.

ദുബായിലെ സമൂഹത്തിന്റെ സുരക്ഷയെ മുൻനിർത്തി ഏറ്റവും മികച്ച രോഗ പ്രതിരോധ നടപടികളും, ശുചീകരണ പരിപാടികളുമാണ് നിലവിൽ RTA പൊതുഗതാഗത സംവിധാനങ്ങളിൽ നടപ്പിലാക്കുന്നത്.

ആയിരത്തിലധികം ആളുകളാണ് പൊതുഗതാഗത സംവിധാനങ്ങളുടെ ശുചീകരണമുറപ്പാക്കുന്നതിനായി പ്രവർത്തിക്കുന്നത്. ഏറ്റവും മികച്ചതും ലോകോത്തരവുമായ ശുചീകരണ ഉപകരണങ്ങളും, അണുനശീകരണ സംവിധാനങ്ങളും, മാനദണ്ഡങ്ങളും ഉപയോഗിച്ചാണ് ഈ നടപടികൾ കൈക്കൊള്ളുന്നത്. ഇതിലൂടെ ദിനവും പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്ന 1.5 മില്യൺ യാത്രാക്കാരുടെ ആരോഗ്യ സുരക്ഷ RTA ഉറപ്പുവരുത്തുന്നു.