പൊതുജനങ്ങൾക്ക് ഇരുപത്തിനാലു മണിക്കൂറും സേവനം നൽകാൻ ഷാർജ പോലീസിന്റെ വാട്സ്ആപ് നമ്പർ

GCC News

പൊതുജനങ്ങൾക്ക് പോലീസിന്റെ സുരക്ഷാ സേവനം 24 മണിക്കൂറും ലഭ്യമാകുന്നതിന്റെ ഭാഗമായി ഷാർജാ പോലീസ് ഇനി മുതൽ വാട്സാപ്പിലും. അറബിയിൽ സഹായം എന്നർത്ഥം വരുന്ന ഓൺ (Aoun) എന്ന് പേരിട്ടിട്ടുള്ള ഈ സേവനം അറബിക്, ഇംഗ്ലീഷ്, ഉറുദു എന്നീ മൂന്ന് ഭാഷകളിൽ ലഭ്യമാകും. 065633333 എന്ന നമ്പറിലാണ് ഷാർജ പോലീസ് വാട്സാപ്പിൽ സേവനങ്ങൾ ലഭ്യമാക്കുന്നത്.

യു എ ഇയിലെ ആദ്യത്തെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഓൺലൈൻ സുരക്ഷാസേവന സംവിധാനമാണിതെന്ന് ഈ സേവനങ്ങൾ ഫെബ്രുവരി 3-നു ഉദ്ഘാടനം ചെയ്തു കൊണ്ട് ഷാർജ പോലീസിന്റെ കമാണ്ടർ ഇൻ ചീഫ് മേജർ ജനറൽ സൈഫ് അൽ സാരി അൽ ഷംസി അറിയിച്ചു.

സേവനങ്ങൾക്കായി അയക്കുന്ന സന്ദേശങ്ങൾക്ക് ആദ്യം തിരഞ്ഞെടുക്കാവുന്ന സേവങ്ങളുടെ ഒരു പട്ടികയടങ്ങിയ സ്വയം പ്രേരിതമായ ഒരു മറുപടി സന്ദേശവും, പിന്നീട് ആവശ്യം അനുസരിച്ച് കൃത്യമായ വകുപ്പിലേക്ക് നയിക്കുന്ന സന്ദേശങ്ങളും വഴിയാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും പോലീസുമായുള്ള ആശയവിനിമയം സുഗമമാക്കുക എന്നതും സുരക്ഷാ സേവനങ്ങളിൽ നൂതന സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തുക എന്നതുമാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്.