ഫോറസ്റ്റ് മാൻ ഓഫ് ഇന്ത്യ: നൂറ്റിയിരുപത്തെട്ടാമത്‌ കോമൺവെൽത്ത് പോയിന്റ്സ് ഓഫ് ലൈറ്റ് അവാർഡ് ജാദവ് പായങിന്

Family & Lifestyle

നൂറ്റിയിരുപത്തെട്ടാമത്‌ കോമൺവെൽത്ത് പോയിന്റ്സ് ഓഫ് ലൈറ്റ് അവാർഡിനു ‘ഫോറസ്റ്റ് മാൻ ഓഫ് ഇന്ത്യ’ എന്ന് അറിയപ്പെടുന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍ ജാദവ് പായങ് അർഹനായി. നാൽപ്പതു വർഷത്തിലേറെയുള്ള പ്രവർത്തനത്തിലൂടെ ബ്രഹ്മപുത്ര നദിയിലുള്ള, ലോകത്തെ ഏറ്റവും വലിയ നദീ ദ്വീപായ മജോലിയിൽ 1300 ഏക്കറോളം ഉള്ള വലിയ ഒരു വനപ്രദേശം സൃഷ്ടിച്ചെടുത്തതിലൂടെ പരിസ്ഥിതി സംരക്ഷണത്തിന്റെ പുതിയ ഒരു അദ്ധ്യായം രചിക്കുകയായിരുന്നു ജാദവ് പായങ്. മജോലിയിൽ അദ്ദേഹം മോളായ് എന്ന് പേരിട്ട് വിളിക്കുന്ന ഈ വനം ഇന്ന് വിവിധ ഇനം മൃഗങ്ങളുടെയും പക്ഷികളുടെയും സ്വന്തം വീടാണ്. ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ രാജ്യം 2015-ൽ പത്മശ്രീ നൽകി ആദരിച്ചിരുന്നു.

സ്വമനസ്സാലെയുള്ള ഈ പരിസ്ഥിതി സംരക്ഷണ പ്രവർത്തനത്തിന്റെ അംഗീകാരമായാണ് അദ്ദേഹത്തിന് എലിസബത്ത് രാജ്ഞി (Queen Elizabeth II) കോമൺവെൽത്ത് പോയിന്റ്സ് ഓഫ് ലൈറ്റ് നൽകി ആദരിക്കുന്നത് എന്ന് ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈ കമ്മീഷൻ വക്താവ്‌ അറിയിച്ചു. മാർച്ച് 11-നു കൊൽക്കത്തയിലെ ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈ കമ്മീഷണർ നിക്ക് ലോ ജാദവ് പായങിനെ ആദരിക്കും. 53 കോമൺവെൽത്ത് രാജ്യങ്ങളിൽ നിന്നുള്ള പ്രചോദനദായകമായതും തങ്ങളുടെ സമൂഹത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുന്നതുമായ പ്രവർത്തനങ്ങളിൽ വ്യാപൃതരായ വ്യക്തികൾക്ക് നൽകിവരുന്ന അംഗീകാരമാണ് കോമൺവെൽത്ത് പോയിന്റ്സ് ഓഫ് ലൈറ്റ് അവാർഡ്.

ഈ അംഗീകാരം ലഭിച്ചതിൽ അഭിമാനമുണ്ടെന്നും, ഈ പുരസ്കാരം തന്റെ കടമകൾ കൂടുതൽ ഉത്തരവാദിത്വത്തോടെ തുടരേണ്ടതുണ്ടെന്ന് തന്നെ ഓർമപ്പെടുത്തുന്നതായും അദ്ദേഹം പ്രതികരിച്ചു. നാൽപ്പത് വർഷങ്ങൾക്ക് മുൻപ് വെള്ളപ്പൊക്കത്തിൽ മജോലിയിൽ വന്നുപെട്ട ചില ഉരഗവർഗങ്ങൾക്ക് പിന്നീടുണ്ടായ ചൂടിന്റെ കാഠിന്യം കൊണ്ട് ജീവൻ നഷ്ടമാകുന്നത് കാണേണ്ടി വന്നതാണ് ഇദ്ദേഹത്തിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. അന്ന് ഏതാനം മുളകൾ നട്ടുകൊണ്ട് ആരംഭിച്ച തന്റെ ഒറ്റയാൾ വനവത്കരണം അദ്ദേഹം ഇന്നും തുടരുന്നു. ഇന്ന് ബംഗാൾ കടുവ, കാണ്ടാമൃഗങ്ങൾ, മാനുകൾ എന്നിവയെല്ലാം ഉള്ള ഈ വനം ജൈവ വൈവിധ്യം കൊണ്ട് ആരെയും അതിശയിപ്പിക്കും.


ഇവിടുന്നു കുറച്ചകലെയായി മോളായ് എന്ന ഒരു കാടുണ്ട്… ഇന്നതേകദേശം 1300 ഏക്കറോളം ഉള്ള വലിയ ഒരു കാനനമായി മാറിയിരിക്കുന്നു… 1979 -ൽ   ഒരാൾ തുടങ്ങിവെച്ച പുണ്യമാണ് ആ കാട്… ആദ്യമാദ്യം ചെറിയ ചെടികൾ ആ തരിശു ഭൂമിയിൽ നടുമ്പോൾ അദ്ദേഹം ഇന്നത്തെ ആ വനഭംഗി മനസ്സിൽ കണ്ടു കാണണം… ഒരാളുടെ ഇച്ഛാശക്തിയും തീരുമാനവും മതി ഭൂമിയെ സുന്ദരമാക്കാൻ എന്നതിന് തെളിവാണ് ഈ മനുഷ്യൻ…

വർഷങ്ങൾക്ക് മുന്നേ മജോലി ദ്വീപ് സന്ദർശിച്ച് ഫോറസ്റ്റ് മാൻ ഓഫ് ഇന്ത്യയെ നേരിൽ കണ്ട ഒരു അനുഭവം ഇവിടെ നിന്ന് വായിക്കാം…