വന മനുഷ്യൻ

Ezhuthupura

യാത്ര മജോലിയിലേക്കാണ്, വൈലോപ്പിള്ളിയുടെ ആസ്സാം പണിക്കാർ എന്ന കവിതയിലാണ് ആസ്സാം എന്ന സ്ഥലത്തെപ്പറ്റി കേട്ടിട്ടുള്ളത്… പിന്നീട് ഒരു സുഹൃത്തിനൊപ്പമാണ് മജോലി ( Mājuli/ Majoli)എന്ന ലോകത്തെ ഏറ്റവും വലിയ നദീ  ദ്വീപ് കാണാനായി പോകുന്നത്… ബ്രഹ്മപുത്ര നദി അതിന്റെ എല്ലാ ശൗര്യത്തോടും കൂടി ഒഴുകുന്ന ഒരു നാട്… വർഷങ്ങൾ കഴിയും തോറും ഈ കുത്തിയൊഴുക്കിൽ പതുക്കെ ഈ നാടും ഭൂപടത്തിൽനിന്നും നീക്കപ്പെടാം… 

ജോറാഡ് ജില്ലയിലുള്ള നുമതി ഘാട് എന്ന ബ്രഹ്മപുത്ര നദീ തീരത്തെത്തിയാൽ അവിടെ നിന്നും ജംഗാറിലാണ് മജോലിയിലേക്കു പോകേണ്ടത്…ഈ കനത്ത മഴയിലും ജംഗാറിൽ നല്ല തിരക്കുണ്ട്… അവിടേക്കുള്ള കുറച്ചു മരുന്നുകളാണ് ബാഗിൽ… അതുകൊണ്ട് ബാഗ് ഒരു പ്ലാസ്റ്റിക് കവറിലിട്ട് മടക്കി പിടിച്ചാണ് യാത്ര… പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ മഴകൊളളാതിരിക്കാൻ ഒരു മഴക്കോട്ടുണ്ടല്ലോ, അതുണ്ടങ്കിൽ നന്നായിരുന്നു എന്ന് തോന്നിപ്പോയി… നിറഞ്ഞൊഴുകുന്ന ബ്രഹ്മപുത്ര നദിയിലൂടെ ആ യാത്ര നമുക്ക് മനസ്സിലാക്കിത്തരും പ്രകൃതിയുടെ ശക്തി എത്രയോ വലുതാണ്…അതിനെ വെല്ലുവിളിച്ചുള്ള മനുഷ്യരുടെ കെട്ടിപ്പൊക്കലുകൾ എല്ലാം വെറും വെറുതെയാണ്…

1300 ചതുരശ്ര കിലോമീറ്റർ ഉണ്ടായിരുന്ന മജോലി ദ്വീപ്  ഇപ്പൊ ഏകദേശം 600 ചതുരശ്ര കിലോമീറ്ററിലേക്ക് ചുരുങ്ങിയിരിക്കുന്നു… വയലുകളിൽ വെള്ളം കേറിയിരിക്കുന്നു… ആ ചതുപ്പിൽ നാല് കാൽ നാട്ടി അതിനു മുകളിലാണ് കൂരകൾ… അതിൽ കുട്ടികളടക്കം വലിയ കുടുംബങ്ങൾ താമസിക്കുന്നു…ഒരുമയുണ്ടങ്കിൽ ഉലക്കമേലും കിടക്കാം എന്ന ചൊല്ല് എത്ര ശരിയാണെന്നു തോന്നിപ്പോകും… എതിരെ നിൽക്കുന്നത് പ്രകൃതി സൃഷ്ടിയായ ബ്രഹ്മപുത്രയായതിനാലാകാം എല്ലാവരിലും ഈ ഒത്തൊരുമ… പരാധിക്കും പരിഹാരത്തിനും ഇടം കുറവാണല്ലോ… അവിടെയുള്ള കുറച്ചു സന്നദ്ധ സംഘടനകളാണ് അവർക്കാവശ്യമായ മരുന്നുകളും, വിദ്യാഭ്യാസത്തിനാവശ്യമായ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുന്നത്… നന്മയുടെ അംശം ആ കുത്തിയൊലിക്കലിൽ മായാതിരിക്കട്ടെ എന്ന് പ്രാർത്ഥന…

ആ യാത്രയിൽ പരിചയപ്പെട്ട ഒരു വലിയ മനുഷ്യനാണ് ജാദവ് പായാങ്, കാഴ്ചയിൽ ചെറിയ ഒരു മനുഷ്യൻ, നമ്മുടെ ഭാഷയിൽ രു സാധാരണക്കാരൻ… മരുന്നുകൾ കൊടുത്തശേഷം അവിടെയുള്ള കുട്ടികളുമായി വെള്ളത്തിൽ കളിച്ചുകൊണ്ടിരിക്കുമ്പോളാണ് സുഹൃത്ത് അമൽ വിളിച്ചു ഇദ്ദേഹത്തെ പരിചയപ്പെടുത്തിയത്… “കാഴ്‌ച്ചയിൽ നിന്ന് വിലയിരുത്തരുത്… പദ്മശ്രീ പുരസ്ക്കാരം കിട്ടിയ ആളാണ്…” എന്നിലെ ആശ്ചര്യം കണ്ണുകളിൽ കണ്ടുകൊണ്ടായിരിക്കാം അമൽ പറഞ്ഞു തന്നു… ഇദ്ദേഹമാണ് “ഫോറസ്റ്റ് മാൻ ഓഫ് ഇന്ത്യ ” എന്ന് അറിയപ്പെടുന്നതും… ഇവിടുന്നു കുറച്ചകലെയായി മോളായ് എന്ന ഒരു കാടുണ്ട്… ഇന്നതേകദേശം 1300 ഏക്കറോളം ഉള്ള വലിയ ഒരു കാനനമായി മാറിയിരിക്കുന്നു… 1979 -ൽ   ഒരാൾ തുടങ്ങിവെച്ച പുണ്യമാണ് ആ കാട്… ആദ്യമാദ്യം ചെറിയ ചെടികൾ ആ തരിശു ഭൂമിയിൽ നടുമ്പോൾ അദ്ദേഹം ഇന്നത്തെ ആ വനഭംഗി മനസ്സിൽ കണ്ടു കാണണം… ഒരാളുടെ ഇച്ഛാശക്തിയും തീരുമാനവും മതി ഭൂമിയെ സുന്ദരമാക്കാൻ എന്നതിന് തെളിവാണ് ഈ മനുഷ്യൻ… ഒരു യൂണിവേഴ്സിറ്റിയിൽ നിന്നും വലിയ തിരിച്ചറിവിന്റെ പാഠം പഠിച്ചിറങ്ങിയപോലെ തോന്നിപ്പോയി ആ കൂടിക്കാഴ്ചയിൽ….

അദ്ദേഹത്തിന്റെ അഭിപ്രയത്തിൽ ഒരു കുട്ടി, ഒരു ചെടി നട്ടു തുടങ്ങുക, ആ മരം അവന്റെ കൂടപ്പിറപ്പാണെന്നു കൂടി പഠിപ്പിക്കുക… പിന്നീട് അവൻ ആ ചെടിയുടെ ഓരോ വളർച്ചയിലും അതിനു വേണ്ട പരിചരണം ഏറ്റെടുത്തോളും… താൻ നട്ടു പിടിപ്പിച്ച ഒരു മരത്തിന്റെ തണലിൽ എന്നെങ്കിലും ഇരിക്കുമ്പോളുണ്ടാകുന്ന ആ അനുഭവം, അത് അനുഭവിച്ചറിയേണ്ട ഒന്നാണ്… മടക്കം മോളായ്  വനവും ഒന്ന് പോയി കണ്ടു… മനോഹരം… ആ യാത്രയിലും അദ്ദേഹം ഒരു ചെടി കയ്യിൽ കരുതിയിരുന്നു, അതവിടെ നട്ടു, എന്നിട്ടു മരങ്ങളോട് സംസാരിക്കാറുണ്ടെന്നു പറഞ്ഞ അദ്ദേഹം മറ്റു മരങ്ങളോട് ഈ ചെടി  കൂടി ഒന്ന് നോക്കിക്കോളൂ നമ്മുടെ കുടുംബത്തിലെ പുതിയ അതിഥിയാണ് എന്ന് പറഞ്ഞു പരിചയപ്പെടുത്തി അവിടെ നിന്നും മടങ്ങി… 

നന്മ ചെയ്യാൻ മനസ്സുമാത്രം മതി, ഭാഷയോ, നിറമോ, എഴുത്തും വായനയുമോ ഒന്നും തന്നെ വേണ്ടതില്ല എന്നദ്ദേഹം തെളിയിച്ചിരിക്കുന്നു… കാടെന്നതു നമ്മുടെ അസ്തിത്വമാണ്, അത് നശിപ്പിക്കാതിരിക്കുക… കുട്ടികളെ അത് പറഞ്ഞു മനസ്സിലാക്കിയില്ലെങ്കിലും , യാത്ര പോകുമ്പോൾ “ആ ഒഴിഞ്ഞ പ്ലാസ്റ്റിക്  കുപ്പി എന്തിനാ വണ്ടിയിലിട്ടിരിക്കുന്നത്, പുറത്തേക്കു കളയൂ” എന്ന് കുട്ടികളെ ഉപദേശിക്കാതിരിക്കുകയെങ്കിലും ചെയ്യുക… വന മഹോത്സവത്തിൽ വെച്ചതും വെക്കാനിരിക്കുന്നതുമായ ചെടികളുടെ എണ്ണം നിരത്തി കടലാസ്സു നിറയ്ക്കുന്ന വെള്ളാനകൾക്ക് ചെന്ന് കാണാവുന്ന ഒരു സ്ഥലമാണ്…അല്ലങ്കിൽ വേണ്ട, സർക്കാർ കണക്കിൽ യാത്രക്കൂലി തരപ്പെടുത്തി അവിടെ ചെന്ന് വഴിയുണ്ടാക്കി അതും കെടുത്തണ്ട…ഇവിടെയുള്ള കുണ്ടും കുഴിയും തന്നെ എണ്ണിയിരുന്നോളൂ…

തയ്യാറാക്കിയത്: പ്രമോദ് ശിവ്റാം

1 thought on “വന മനുഷ്യൻ

Leave a Reply

Your email address will not be published. Required fields are marked *