മോക്ഷത്തിൻറെ മഹാപാത്രക്കാർ

Ezhuthupura

നേരത്തെ പറഞ്ഞ വൃന്ദാവനത്തിലെ യാത്രയോടു ചേർന്നാണ് വാരണസിയിലെ മണികർണികാ ഘാട് എന്ന, മനുഷ്യന്റെ ആവശ്യങ്ങളും, ആഗ്രഹങ്ങളും എരിഞ്ഞടങ്ങുന്ന കാശിയുടെ തീരത്തെത്തുന്നത്… ജീവിതത്തിലെ എല്ലാ തെറ്റുകുറ്റങ്ങളും, ചെയ്ത പാപങ്ങളും അവിടെയുള്ള നിമഞ്ജനം കൊണ്ടില്ലാതാവും എന്ന മനുഷ്യന്റെ ന്യായീകരണത്തിൽ മലിനപ്പെടുന്ന ഗംഗാനദി; മരിച്ചവരെക്കാൾ ജീവിച്ചിരിക്കുന്നവർ ആഗ്രഹ നിർവൃതിയിൽ ചെയ്യുന്ന തെറ്റിൽ പരാതി പറയാനാകാതെ ആ അമ്മ ഒഴുകിക്കൊണ്ടിരിക്കുന്നു… അവിടെയിരിക്കുമ്പോൾ ഉയർന്നു പൊങ്ങുന്ന ആ ഇരുണ്ട പുക നമ്മോടു പറയുന്നപോലെ തോന്നും “ഭൂമിയിൽ ഞാൻ അറിഞ്ഞോ അറിയാതെയോ ചെയ്ത പാപങ്ങൾക്കെല്ലാം മാപ്പ്…അവിടെ വരുമ്പോൾ കണ്ടുമുട്ടാം…

ചിലരോടായി എൻറെ ഒരു സുഹൃത്ത് നടത്തിയ പരിചയപ്പെടലിലായിരുന്നു മഹാപാത്രക്കാർ എന്ന പിതൃക്കളുടെ ശബ്‌ദക്കാരെ പറ്റി അറിഞ്ഞത്… സുഹൃത്തിനു അതൊരു പത്രക്കുറിപ്പായിരുന്നെങ്കിൽ എനിക്കതൊരു കൗതുകമായിരുന്നു… മരിച്ച ആത്മാക്കൾക്ക് നിത്യ ശാന്തി കിട്ടണമെങ്കിൽ മഹാപത്രക്കാർക്കു ഊട്ടു നടത്തണം…മരിച്ചവർ അവർ ഉപയോഗിച്ചിരുന്ന എല്ലാം ഇവർക്ക് നൽകണം; അതിൽ അവരുപയോഗിച്ച പായ, തലയിണ, കിടക്ക വിരി, കുട, പാത്രങ്ങൾ, വസ്ത്രങ്ങൾ… എല്ലാം ഇവർക്ക് നൽകണം… കൂട്ടത്തിൽ വഴിച്ചിലവിനുള്ള പൈസയും… ഇവർ വഴി അത് മരിച്ചവരിലേക്കെത്തും എന്നാണു വിശ്വാസം… ഇതിൽ നിന്നാണ് ഈ വിഭാഗക്കാർ അവരുടെ കുടുംബം പോറ്റുന്നത്…

മറ്റൊരു തൊഴിലും അവർ ചെയ്യാൻ നമ്മുടെ പരിഷ്കൃത സമൂഹം അനുവദിക്കാത്തതിനാലാകാം, ജീവിതോപാധിയുടെ ശബ്ദത്തിൽ ഈ കൊച്ചു സമൂഹവും ജീവിച്ചു പോകുന്നത്… സമൂഹം ഇവരെ കാണുന്നത് പോലും ഒരപശകുനമായാണ്… കല്യാണങ്ങൾക്കോ, മറ്റു സന്തോഷാവസരങ്ങൾക്കോ ഇവരെ ആരും ക്ഷണിക്കാറില്ല; ഒരു പക്ഷെ   ഇവർ വരുന്നിടത് മരണത്തിൻറെ നിഴലാട്ടം ഉണ്ടെന്നു കരുതപ്പെടുന്നതുകൊണ്ടായിരിക്കും… എന്നാൽ മരിക്കുന്നതു വരെ ജീവിക്കുക, അത് കഴിഞ്ഞാൽ ചിലപ്പോൾ ഇവർക്കുള്ള യാത്രക്കൂലി ചോദിക്കാൻ ആരും കാണില്ല…  ഈ തത്വം അവർക്കും ഇശ്ശി അറിയുന്നതുകൊണ്ടായിരിക്കാം, മനുഷ്യന്റെ ഭയത്തിൽ നിന്നാണ് ഇവർക്കുള്ള അന്നം ലഭിക്കുന്നതെന്നും ആ മനുഷ്യൻ പറഞ്ഞു തന്നു…

മരിച്ചവരുടെ ശബ്ദത്തിൽ ഈ വിഭാഗക്കാരും അവരുടെ കുടുംബവും  വിശപ്പകറ്റുമ്പോൾ ആയിരിക്കാം ഒരു പക്ഷെ ജീവിച്ചിരിക്കുന്ന മനുഷ്യരുടെ പാപമോക്ഷം നടപ്പിലാവുന്നത്… ഈ ഭൂമിയിൽ നമ്മൾ എത്തിച്ചേരുന്നിടത്തെല്ലാം ഇത്തരത്തിൽ കൗതുകകരമായ ജീവിതങ്ങളുണ്ട്…അവരും മനുഷ്യരാണ്, അതുകൊണ്ട് ജീവിതം മടുത്തെന്നു ചിന്തിക്കുന്നതിനു മുൻപ് ഭൂമിയിൽ നാം കാണാത്ത ജീവിതങ്ങളെ പറ്റി ഓർക്കുക, കാണാനായി ശ്രമിക്കുക… വിശാല ഭൂമിയുടെ സൗന്ദര്യവും പരപ്പും ഒരായുഷ്‌ക്കാലം മുഴുവൻ കണ്ടാലും മടുക്കാത്തതാണ്, അതുകൊണ്ട് ജീവിതത്തിൽ മടുപ്പും, ഉൾവലിയലും തോന്നിത്തുടങ്ങിയാൽ ഒരു ചെറു ഇടവേളയെടുത്തു യാത്രയ്ക്കായി സമയം കണ്ടെത്താൻ ശ്രമിക്കുക… മടുപ്പു തോന്നിയത് മഠയത്തരമായിപോയെന്നു മനസ്സിലാക്കി മനസ്സിന്റെ ബലം വീണ്ടെടുക്കാൻ അത് സഹായിക്കും…

നടക്കട്ടെ…

രാഹുൽ ദാസ്, ബംഗളൂരു 

Leave a Reply

Your email address will not be published. Required fields are marked *