തോരാമഴ

Ezhuthupura featured

“ഈ നശിച്ച മഴ തോരുന്നൂല്ല്യല്ലോ!”, കൂരയുടെ ഇറയത്തിരുന്ന് അമ്മിണിയമ്മ പരിതപിച്ചു… പണ്ടത്തെ പോലെയല്ലത്രേ മഴയുടെ ഘനംകൂടി എന്നാണു കുട്ടിത്തേയീടെ വിലയിരുത്തൽ…

“മഴടെ ഘനം കൂടിട്ടൊന്ന്വല്ല… പാടോം പൊഴേം കൈയേറി അതന്നെ കാരണം…”, മുറുക്കാൻ കെട്ടിവെച്ച അരകച്ചയിൽ നിന്ന് അല്പം പൊകല ഞരടി എടുത്ത് വായിൽ വെച്ച് കുറുമ്പ വിലയിരുത്തി…

“ഒളില്ലേ ഈടെ… ലേശം ചായന്റെ വെള്ളം കൂട്ടാൻ”, അസ്വസ്ഥമായ മനസ്സോടെ കുട്ടിത്തേയി ചോയിച്ചു. “ഓളോൾടെ കുടീ പോയിരിക്ക്യാ, ആടേം മഴയാന്നാ കേട്ടേ…”, അമ്മിണിയമ്മ മറുപടി പറഞ്ഞു…

“അ… ആ അത് കൊള്ളാല്ലോ! ഇങ്ങളെ ഈടെ തനിച്ചാക്കി ഓള് സർക്കീട്ട് പോയിരിക്ക്യാ!…”, മഴയായാലും വെയിലായാലും കുറുമ്പ കുറുമ്പുവർത്താനം പറയും, അതാ അതിന്റെ ഒരു ഇത്…

ഇതെല്ലാം കേട്ട് മുട്ടോളം വെള്ളത്തിലായാലും ഇവറ്റോള് പഠിക്കില്ല്യല്ലോ എന്ന് പറഞ്ഞു മഴയും ആ ഏറേത്തേക്ക് കേറി കൂടി… പിന്നാലെ കുറച്ചു പേര് കൈ തോണിയുമായി വന്ന്‌ “വേഗം കേറിൻ അമ്മിണ്യേടത്തീ… മേലേല് മണ്ണ് പൊട്ടി വേം വേം… “

Illustration: Pravasi Daily.

“നീയാ സുമങ്ങലേടെ മോനല്ലേ, നെനക്ക് പണിവല്ലോം ആയിക്കണാടാ മോനെ…” നാലാൾ ചുമക്കുമ്പഴും കുറുമ്പ സംശയിച്ചുകൊണ്ടേ ഇരുന്നു “ഡാ, സുരേ ആ പൊതി ഇങ്ങട് എടുക്കട…” കുറുമ്പ തന്റെ മുറുക്കാൻ പൊതി ചൂണ്ടിക്കാണിച്ച് വിളിച്ച് പറഞ്ഞു…

“ഈടെ മനുഷ്യര് ചാവാൻ കടക്കുമ്പളാ അവരടെ ഒരു ചെല്ലം… വേം പോട്ടെ…” എല്ലാ വിലയിരുത്തലും കുന്നായ്മയും കേട്ട് വിറങ്ങലിച്ച ആ കൂര “നിങ്ങൾ ഒന്നും ഒരു കാലത്തും നന്നാവില്ലേ” എന്നോർത്തു വെള്ളത്തിൽ ആണ്ടുപോയി…

Story By: Abdul Rouf Thiruthummal – Abu Dhabi, UAE.

Cover Image: Pixabay