അബുദാബി: യാത്രികരെ വഹിക്കുന്ന ഡ്രോൺ പരീക്ഷിച്ചു

featured GCC News

യാത്രികരെ വഹിക്കാനാകുന്ന ഡ്രോണിന്റെ പരീക്ഷണം അബുദാബിയിൽ വെച്ച് നടന്നു. അബുദാബി മൊബിലിറ്റി, മൾട്ടി ലെവൽ ഗ്രൂപ്പ് എന്നിവരാണ് ഈ പരീക്ഷണം നടത്തിയത്.

പശ്ചിമേഷ്യൻ പ്രദേശങ്ങളിൽ ഇതാദ്യമായാണ് ഇത്തരം ഒരു ഡ്രോൺ പരീക്ഷിക്കുന്നത്. 2024 മെയ് 8-നാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

അബുദാബി മൊബിലിറ്റി വീക്കിന്റെ ഭാഗമായാണ് ഈ പരീക്ഷണം. സ്വയം പ്രവർത്തിക്കുന്ന സ്മാർട്ട് വാഹനങ്ങളുടെ പരീക്ഷണങ്ങൾക്ക് ആഗോളതലത്തിൽ തന്നെയുള്ള പ്രധാന വേദിയാണ് അബുദാബി എന്നതിന് അടിവരയിടുന്നതാണ് ഈ നേട്ടം.

ഇതിന്റെ ഭാഗമായി രണ്ട് പരീക്ഷണ പറക്കലുകളാണ് നടന്നത്. ഇതിനായി അഞ്ച് സീറ്റുകളുള്ള ഒരു ഡ്രോണും, രണ്ട് പേരെ മാത്രം വഹിക്കാനാകുന്ന ഒരു ചെറു ഡ്രോണും ഉപയോഗിച്ചു.

അഞ്ച് സീറ്റുകളുള്ള ഡ്രോൺ 350 കിലോഗ്രാം ഭാരം വഹിച്ച് കൊണ്ട് 25 കിലോമീറ്റർ വരെ സഞ്ചരിക്കാനുതകുന്ന രീതിയിലുള്ളതാണ്. രണ്ട് സീറ്റുകളുള്ള ചെറു ഡ്രോൺ 35 കിലോമീറ്റർ വരെ (പരമാവധി 20 മിനിറ്റ്) റേഞ്ച് ഉള്ളതാണ്.