ക്രോംവെൽ – കൊതിയൂറും പഴങ്ങളുടെ നഗരം

International News

Cromwell:- A Town in the South Island

ന്യൂസിലൻഡിലെ സൗത്ത് ഐലൻഡ് വിനോദ യാത്രകളിൽ ഒഴിവാക്കാൻ പറ്റാത്ത പ്രദേശമാണ് സെൻട്രൽ ഒട്ടാഗോയിലെ ക്രോംവെൽ നഗരം. 1862 -ൽ സ്വർണം കണ്ടെത്തിയതോടെ സ്വർണഖനികളുടെ ഒരു ചെറിയ പ്രദേശമായി ഇവിടം മാറി. ക്രോംവെൽ നഗരത്തിന്റെ ഒരു ഭാഗം മനുഷ്യനിർമിതമായ Dunstan തടാകം കൊണ്ട് ചുറ്റപ്പെട്ടിരിക്കുന്നു. മനോഹരമായ ഈ തടാകത്തിന്റെ അരികിലൂടെയാണ് വിനോദസഞ്ചാരികളുടെ യാത്ര. 1990 കളിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ നശിച്ചു പോയ ഈ നഗരം പിന്നീട് പുനർ നിർമ്മിക്കുകയായിരുന്നു. New Settlement എന്നാണ് ഈ നഗരം ഇപ്പോൾ അറിയപ്പെടുന്നത്.

സ്വർണഖനികൾക്കു ശേഷം, Stone Fruit-ന്റെ (Apricots, Cherries, Nectarines, Peaches, Plums തുടങ്ങിയവ) കൃഷിയിടമായി ക്രോംവെൽ മാറി. ഈ നഗരത്തിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ പഴങ്ങളുടെ ഒരു വലിയ ശിൽപ്പകല (ചിത്രത്തിൽ കാണുന്നത്) കാണാം. 1989-ൽ റോട്ടറി ക്ലബ്ബിന്റെ കീഴിലാണ് നാല് പഴങ്ങളുടെ (pear, apple, nectarine and apricot) മാതൃകയിൽ 13 മീറ്റർ ഉയരമുള്ള ഈ ശിൽപ്പം നിർമ്മിച്ചത്. നവംബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളിൽ ആണ് Stone Fruit-ന്റെ വിളവെടുപ്പ്. മേൽപറഞ്ഞ മാസങ്ങളിൽ ഈ നഗരത്തിലൂടെ കടന്നു പോകുമ്പോൾ ചില ഫ്രൂട്ട് കൃഷിയിടങ്ങളുടെ മുൻപിൽ അന്നേദിവസം പറിച്ച പഴങ്ങൾ ബോക്സുകളിൽ നിറച്ചു വച്ചിരിക്കുന്നത് കാണാം. വിലയും കുറിച്ചിട്ടുണ്ടാകും. വില്പനയ്ക്ക് ആരും ഉണ്ടാകില്ല. നമുക്കിഷ്ടമുള്ള ഒരു തുക അല്ലെങ്കിൽ അവിടെ കുറിച്ചിട്ടുള്ള തുക അവിടെയുള്ള ബോക്സിൽ നിക്ഷേപിച്ചു പഴങ്ങൾ കൊണ്ട് പോകാം.

വളരെ മനോഹരമായ ഈ നഗരത്തെ നിങ്ങളുടെ വിനോദയാത്രകളിലെ ഒരു ദിവസത്തെ Stay Point ആയി മാറ്റുന്നതിൽ ഒരു നഷ്ടവുമില്ല. ഇവിടെ നിന്ന് അടുത്ത വിനോദസഞ്ചാര നഗരങ്ങളായ Queenstown/Wanaka എന്നിവടങ്ങളിലേക്ക് പോകാം.

ഡിസംബർ-ഫെബ്രുവരി മാസം ആണ് Cromwell-ൽ സന്ദർശിക്കുവാൻ നല്ലത്. മാർച്ച് അവസാനത്തോടെ മിക്ക പഴങ്ങളുടെയും പ്രധാന സീസൺ കഴിയും. മാർച്ച് അവസാനം മുതൽ മുന്തിരിയുടെ സീസൺ ആരംഭിക്കും.

കടപ്പാട്: facebook.com/newzealandmalayali