സദാചാരം

Ezhuthupura

പണ്ടൊരു ഗ്രാമത്തിൽ അതികഠിനമായ വരൾച്ച വന്നു. കിണറുകളും പുഴകളും വറ്റി വരണ്ടു. പക്ഷി മൃഗാദികൾ ചത്തു മലച്ചു. മരങ്ങളും, ചെടികളും കരിഞ്ഞുണങ്ങി. ഭക്ഷണ സാധനങ്ങളും, കുടിവെള്ളവും കിട്ടാതെ ജനങ്ങൾ മരണത്തിനു കീഴടങ്ങി കൊണ്ടിരുന്നു. ജീവൻ ബാക്കിയുള്ളവർ ഗ്രാമം വിട്ടു മറ്റു ഗ്രാമത്തിലേക്ക് പോയി കൊണ്ടിരുന്നു.

എന്നാൽ ഒരു സ്ത്രീ മാത്രം അവിടെ അവശേഷിച്ചു. തൻ്റെ വൃദ്ധനായ പിതാവിനെയും പൊന്നോമനയായ പിഞ്ചു കുഞ്ഞിനേയും കൊണ്ട് യാത്ര ചെയ്യുവാൻ കഴിയാതെ ആ സ്ത്രീ അകെ വിഷമത്തിലായി. അവസാനം ഇനിയും ഇവിടെ പിടിച്ചു നിന്നാൽ തങ്ങളുടെ ജീവൻ നഷ്ടപ്പെടും എന്നായപ്പോൾ, അവർ തൻ്റെ പിഞ്ചു കുഞ്ഞിനെ തോളിലേറ്റി വൃദ്ധനായ പിതാവിനെ താങ്ങിയെടുത്തു, ആ ഗ്രാമത്തിൽ നിന്ന് പോകാൻ തന്നെ തീരുമാനിച്ചു .

നടന്നു നടന്ന് അവർ വളരെ ക്ഷീണിച്ചു… തൊണ്ട വറ്റിവരണ്ടു, ശ്വാസം നിലച്ചു പോകും എന്നവർക്ക് തോന്നി, പിതാവാകട്ടെ ശ്വാസം കിട്ടാതെ തളർന്നു വീണു. അവൾ നാലുപാടും നോക്കി വിജനമായ റോഡും ആളൊഴിഞ്ഞ കൂരകളും മാത്രമാണ് അവൾക്കു കാണാനായത്. അവൾ പിതാവിനെയും കുഞ്ഞിനേയും തോളിലേറ്റി വേച്ചു വേച്ചു നടന്നു ഒരു കുന്ന് കയറുവാൻ തീരുമാനിച്ചു. അപ്പുറത്തെ ഗ്രാമത്തിൽ എത്തിയാൽ തങ്ങൾക്കു ചുണ്ടു നനക്കാനാണെങ്കിലും ഒരു തുള്ളി വെള്ളം കിട്ടാതെ വരില്ല.

പക്ഷെ അപ്പോഴേക്കും പിതാവ് തളർന്നു വീണിരുന്നു ഇനിയും താമസിച്ചാൽ തൻ്റെ പിതാവിനെ തനിക്കു നഷ്ടപ്പെടും എന്ന ചിന്ത അവളെ വല്ലാതെ വേദനിപ്പിച്ചു .അവൾ ചുറ്റുപാടും നോക്കി ആരും ഇല്ല എന്ന് ഉറപ്പു വരുത്തി തൻ്റെ കുഞ്ഞിനായി കരുതിയ മുലപ്പാൽ, തളർന്നു വീണുപോയ അവളുടെ പിതാവിൻറെ ചുണ്ടിലേയ്ക്ക് ഇറ്റിച്ചു കൊടുത്തു .തൊണ്ടയിൽ ഒരു നനവ് കിട്ടിയതോടെ ആ പിതാവിൻറെ ശ്വാസഗതി വർദ്ധിച്ചു .ഈ സമയത്താണ് കുറച്ചു പേർ ആ വഴി വന്നത് അവർ ആ കാഴ്ച കാണാൻ ഇടയായി. അവരിൽ ചിലരുടെ സദാചാര ബോധം ഉണർന്നു. അവർ ആക്രോശിച്ചുകൊണ്ടു അവരുടെ നേർക്ക് പാഞ്ഞടുത്തു.

അവൾ കൈ കൂപ്പി കൊണ്ട് എല്ലാം പറഞ്ഞു നോക്കി. പക്ഷെ അവരുടെ സദാചാര ബോധം ഏറെ ഭ്രാന്തവും വന്യവുമായി മാറിക്കൊണ്ടിരുന്നു.

“വിടരുതവരെ, കൊല്ലണം…” അവരിലൊരാൾ ആക്രോശിച്ചു.

ഭ്രാന്തമായ ആവേശം പ്രഹര ശക്തി വർധിപ്പിച്ചു കൊണ്ടിരുന്നു… അഗാധമായ ബോധക്ഷയത്തിലേയ്ക്ക് അവർ താഴ്ന്നുപോകുന്നവരെയും…

അബ്ദുൾകലാം ആലംകോട്

Leave a Reply

Your email address will not be published. Required fields are marked *