ബ്രിട്ടൺ ഒഴികെയുള്ള യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രകൾ വിലക്കി അമേരിക്ക

International News

കൊറോണാ വൈറസ് വ്യാപനം തടയുന്നതിനാവശ്യമായ കര്‍ക്കശമായ നടപടികളുടെ ഭാഗമായി വെള്ളിയാഴ്ച്ച മുതൽ യൂറോപ്പിൽ നിന്നുള്ള യാത്രകൾക്ക് വിലക്ക് പ്രഖ്യാപിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. 30 ദിവസത്തേക്കുള്ള ഈ യാത്രാവിലക്ക് ബ്രിട്ടൺ ഒഴികെയുള്ള യൂറോപ്യൻ രാജ്യങ്ങൾക്കെല്ലാം ബാധകമാക്കിയിട്ടുണ്ട്. അമേരിക്കൻ പൗരന്മാരുടെ ദൈനംദിന ജീവിതത്തിനെ സാരമായി ബാധിച്ചിട്ടുള്ള ഈ മഹാമാരിയുടെ വ്യാപനം തടയാനും ആഗോളസാമ്പത്തിക രംഗത്തുള്ള ആശങ്കകളുടെ അമേരിക്കയിൽ ഉള്ള പ്രതിഫലനത്തിന്റെ തോത് കുറക്കുന്നതിനുമാണ് ഈ തീരുമാനം കൈകൊള്ളുന്നതെന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത കൊണ്ട് അദ്ദേഹം അറിയിച്ചു.

രോഗം പ്രതിരോധിക്കുന്നതിൽ യൂറോപ്യൻ യൂണിയൻ വീഴ്ച്ചവരുത്തിയതായി ട്രംപ് കുറ്റപ്പെടുത്തുക. ചൈനയിൽ നിന്നുള്ള രോഗബാധ പ്രതിരോധിക്കാൻ കൈക്കൊണ്ട കർശന നിലപാടുകൾ യൂറോപ്യൻ രാജ്യങ്ങളോടും കൈക്കൊള്ളാൻ അമേരിക്ക നിർബന്ധിതമായിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ചരക്ക് ഗതാഗതത്തിനു ഈ വിലക്കുകൾ ബാധകമാക്കിയിട്ടില്ല. പ്രത്യേക സൂക്ഷമപരിശോധനകൾക്ക് വിധേയരാകുന്ന അമേരിക്കൻ പൗരന്മാർക്കും ഈ വിലക്കുകളിൽ ഇളവ് ഉണ്ടായിരിക്കും.സ്ഥിഗതികൾ തുടരെ നിരീക്ഷിക്കുമെന്നും ആവശ്യമെങ്കിൽ ഈ തീരുമാനങ്ങളിൽ മാറ്റങ്ങൾ വരുത്തുമെന്നും അദ്ദേഹം അറിയിച്ചു. നിലവിൽ അമേരിക്കയിൽ ആയിരത്തോളം ആളുകൾക്ക് കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.