യു എ ഇ സെൻട്രൽ ബാങ്ക് 100 ബില്യൺ ദിർഹത്തിന്റെ സാമ്പത്തിക ഉത്തേജന പദ്ധതി പ്രഖ്യാപിച്ചു

Business

Covid-19 മൂലം രാജ്യത്തെ വിപണിയിൽ ഉണ്ടായിട്ടുള്ള മാന്ദ്യം മറികടക്കുന്നതിനായി യു എ ഇ സെൻട്രൽ ബാങ്ക് 100 ബില്യൺ ദിർഹത്തിന്റെ സാമ്പത്തിക ഉത്തേജന പദ്ധതി പ്രഖ്യാപിച്ചു. ഇതിൽ സെൻട്രൽ ബാങ്കിൽ നിന്നും നേരിട്ടു അനുവദിക്കുന്ന 50 ബില്യൺ ദിർഹം മറ്റ് ബാങ്കുകൾക്ക് പലിശരഹിത വായ്പകളായി നൽകും. ബാക്കിയുള്ള 50 ബില്യൺ ദിർഹം രാജ്യത്ത് പ്രവർത്തിക്കുന്ന മറ്റു ബാങ്കുകളുടെ മൂലധന ശേഖരത്തിൽ നിന്ന് കണ്ടെത്തുന്നതാണ്.

കൊറോണാ വൈറസ് ബാധയുടെ വ്യാപനം മൂലം യാത്രാ രംഗത്തും, മറ്റു മേഖലകളിലും ഉള്ള വിലക്കുകൾ ചെറുകിട വ്യാപാരങ്ങളെയും മറ്റു സംരംഭകരേയും സാമ്പത്തികമായി ബാധിച്ചുതുടങ്ങിയ അവസ്ഥയിലാണ് അവരെ ഈ മാന്ദ്യത്തെ അതിജീവിക്കാൻ സഹായിക്കുന്ന ഈ നടപടി.

ബാങ്കുകൾ അവർക്കനുവദിക്കുന്ന ധനശേഖരം സ്വകാര്യമേഖലയിലെ സ്ഥാപനങ്ങൾക്കും, സംരംഭകർക്കും ആറുമാസത്തേക്ക് താത്കാലിക ആശ്വാസ ധനസഹായമായി നൽകും.