ശാസ്ത്രകുതുകികൾക്കായി ഭൂഗര്‍ഭശാസ്‌ത്രത്തിന്റെയും ശിലാവശിഷ്‌ട ശാസ്‌ത്രങ്ങളുടെയും ആവേശമുണർത്തുന്ന ഒരു ശേഖരവുമായി ഷാർജ, അൽ ബുഹൈസിലെ ജിയോളോജിക്കൽ പാർക്ക് ജനുവരി 20 ന്, തിങ്കളാഴ്ച തുറന്നു കൊടുത്തു. യു എ ഇയുടെയും, പശ്ചിമേഷ്യന്‍ പ്രദേശങ്ങളുടെയും 93 മില്യൺ വർഷങ്ങൾ പഴക്കമുള്ള പുരാതന ഭൂഗര്‍ഭ ചരിത്രവും നിലവിലെ ഭൂപ്രകൃതിയിലേക്കുള്ള പരിണാമവും എല്ലാം സന്ദർശകർക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട്.
സന്ദർശകർക്കായി ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി സമുദ്ര ഭൂപടലത്തിൽ നിന്നുള്ള പാളി അനാച്ഛാദനം ചെയ്തു കൊണ്ട് പാർക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു. ജബൽ ബുഹൈസിനെയും ജബൽ അകാബ പർവ്വതങ്ങളെയും തമ്മിൽ ബന്ധിപ്പിച്ചിരുന്ന മലനിരകളുടെ കാലപ്പഴക്കത്താൽ നശിച്ചുപോയ അവശിഷ്ടങ്ങൾക്കിടയിലാണ് ഷാർജയുടെയും ചുറ്റുമുള്ള ഭൂമേഖലയുടെയും ചരിത്രമോതുന്ന അൽ ബുഹൈസിലെ ജിയോളോജിക്കൽ പാർക്ക് സ്ഥിതി ചെയ്യുന്നത്. ശിലാവശിഷ്‌ട ശാസ്‌ത്രങ്ങൾ പറയുന്നത് ഇന്നത്തെ യു എ ഇ നിൽക്കുന്ന ഇടം 70 മില്യൺ വർഷങ്ങൾക്ക് മുന്നേ തെതിസ്(Tethys) എന്ന ഒരു പുരാതന സമുദ്രത്തിനടിയിൽ ആയിരുന്നു എന്നാണത്രെ.ഇതിനു തെളിവായുള്ള നിരവധി സമുദ്രജീവികളുടെയും മറ്റും ഫോസിലുകളുടെ വലിയ ഒരു ശേഖരം തന്നെ ഈ പാർക്കിൽ ഉണ്ട്.
ഞായർ മുതൽ വ്യാഴം വരെ രാവിലെ 9.00 മുതൽ വൈകീട്ട് 7.30 വരെയും വെള്ളിയാഴ്ച്ച ഉച്ചയ്‌ക്ക് 2 മുതൽ വൈകീട്ട് 7.30 വരെയും ശനിയാഴ്ച രാവിലെ 11 മുതൽ വൈകീട്ട് 7.30 വരെയും ആണ് പാർക്ക് പ്രവർത്തിക്കുക. ചൊവാഴ്ച്ച അവധിയായിരിക്കും.