ശുചിത്വസംഗമം പ്രദർശന വിപണനമേളയ്ക്ക് ഇന്ന് (ജനുവരി 15)തുടക്കം

Kerala News

പ്ലാസ്റ്റിക് വസ്തുക്കൾക്ക് പകരമുള്ള ബദൽ ഉത്പന്നങ്ങളും വീടുകളിലുൾപ്പെടെ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കുന്ന മാർഗങ്ങളും ഉൾപ്പെടുത്തി ശുചിത്വസംഗമം പ്രദർശന വിപണനമേളയ്ക്ക് കനകക്കുന്ന് സൂര്യകാന്തിയിൽ ഇന്ന് (15ന്) തുടക്കമാവും.

മേളയുടെ ഉദ്ഘാടനം വൈകിട്ട് അഞ്ചിന് തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി എ.സി. മൊയ്തീൻ നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു അധ്യക്ഷത വഹിക്കും. ഹരിതകേരളം മിഷനും തദ്ദേശസ്വയംഭരണ വകുപ്പും ശുചിത്വ മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന മേളയിൽ സംസ്ഥാനത്തിനകത്തും മറ്റു സംസ്ഥാനങ്ങളിൽ നിന്നുമായി  നൂറിലേറെ സ്റ്റാളുകളുണ്ടാവും.

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള ഉത്പന്നങ്ങളുടെ നിരോധനം സംസ്ഥാനത്ത് നിലവിൽ വന്ന സാഹചര്യത്തിൽ ഇതിനു ബദലായുള്ള ഉത്പന്നങ്ങളുടെ വൻശേഖരം  മേളയിലെ മുഖ്യ  ആകർഷണമാണ്.  തദ്ദേശ ഭരണസ്ഥാപനങ്ങളുടെ ശുചിത്വമാതൃകകൾ ഉൾപ്പെടുത്തി തിരുവനന്തപുരത്ത് 21നും 22നും നടക്കുന്ന  ദേശീയ ശില്പശാലയുടെ  ഭാഗമായാണ് മേള ഒരുക്കിയിട്ടുള്ളത്.

ഖരമാലിന്യ സംസ്‌കരണത്തിനുള്ള ഹോം കമ്പോസ്റ്റർ, പുനരുപയോഗിക്കാവുന്ന നോട്ട്ബുക്കുകൾ, പേന, പെൻസിൽ, പേപ്പർ, മുള കൊണ്ടുള്ള ടൂത്ത് ബ്രഷുകൾ, കോംപാക്ട് പ്ലാസ്റ്റിക് ഷ്രെഡിംഗ് മെഷീനുകൾ, ഇന്റർലോക്കിംഗ് ടൈലുകൾ, സാനിട്ടറി നാപ്കിൻ ഇൻസിനറേറ്ററുകൾ, മാജിക് പഴ്‌സുകൾ, ഉറവിട മാലിന്യം ശേഖരിക്കുന്നതിനുള്ള കളക്ഷൻ ഹബ്ബുകൾ, ജൈവവള നിർമ്മാണ യൂണിറ്റുകൾ, ഇല, സ്റ്റീൽ മുതലായവ കൊണ്ടുള്ള സ്‌ട്രോകൾ, മെത്ത, പായ കൊണ്ട് നിർമ്മിച്ച ബയോ ബിന്നുകൾ, വെള്ളത്തിൽ ലയിക്കുന്ന കാരിബാഗുകൾ തുടങ്ങി നിരവധി ബദൽ ഉത്പന്നങ്ങൾ മേളയിലുണ്ടാവും.  ബയോപോട്ടുകൾ, ബയോബിന്നുകൾ, ബയോ ഗ്യാസ് നിർമ്മാണം എന്നിവയുടെ പ്രവൃത്തി പരിചയവും മേളയിലുണ്ടാകും. വ്യത്യസ്ത വിഭവങ്ങളുമായി നാടൻ ഭക്ഷ്യമേളയുമുണ്ടാകും. പ്രവേശനം സൗജന്യമാണ്.

മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന സ്‌കൂൾ വിദ്യാർത്ഥികൾക്ക് പ്ലാസ്റ്റിക്കിനു പകരമുള്ള അലങ്കാര വസ്തുക്കളും വിവിധ കരകൗശല വസ്തുക്കളും നിർമ്മിക്കുന്നതിനുള്ള പരിശീലനം നൽകും. വിവിധ സ്‌കൂളുകളിൽ നിന്ന് പ്രദർശനം കാണാനെത്തുന്ന കുട്ടികൾക്ക് സ്‌പോട്ട് ക്വിസ് മത്സരം നടത്തും.  കുടുംബശ്രീ അംഗങ്ങൾ, ഹരിതകർമ്മസേന എന്നിവർക്കായി പരിശീലനക്ലാസ്സുകൾ ഉണ്ടായിരിക്കും. താത്പര്യമുള്ളവർ  9387801694 നമ്പരിൽ വിളിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.

ശുചിത്വ സംഗമം 21 ന് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മന്ത്രിമാർ, എം.എൽ.എ മാർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കേർപ്പെടുത്തിയ മുഖ്യമന്ത്രിയുടെ ഹരിത അവാർഡും ശുചിത്വ സംഗമത്തിൽ വിതരണം ചെയ്യും.