ടൂറിസം മേഖലയിൽ 100 ദശലക്ഷം തൊഴിലുകൾ മഹാമാരി മൂലം ഭീഷണിയിലെന്ന് UN സെക്രട്ടറി ജനറൽ

Business

കൊറോണാ വൈറസ് സാഹചര്യത്തിൽ, ആഗോളതലത്തിലെ ടൂറിസം മേഖലയിൽ ഏതാണ്ട് 100 ദശലക്ഷം നേരിട്ടുള്ള തൊഴിലുകൾ ഭീഷണി നേരിടുന്നതായി UN സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ് അഭിപ്രായപ്പെട്ടു. വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ ഏറ്റവും പുതിയ കണക്കുകൾ ഉദ്ധരിച്ച് കൊണ്ടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. COVID-19 മഹാമാരി മൂലം ടൂറിസം രംഗത്തുടലെടുത്തിട്ടുള്ള പ്രതിസന്ധികളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യാത്രാ വിലക്കുകൾ, നിയന്ത്രണങ്ങൾ എന്നിവയാൽ ടൂറിസം മേഖലയിൽ രേഖപ്പെടുത്തുന്ന വരുമാനത്തിലെ വലിയതോതിലുള്ള ഇടിവ് മൂലം, ആഗോള തലത്തിലെ ആഭ്യന്തര ഉത്പാദന വളര്‍ച്ചാ നിരക്ക് 2.8 ശതമാനത്തോളം കുറയാനിടയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുസ്ഥിര വികസനം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളിലെ സുപ്രധാന കണ്ണിയാണ് ടൂറിസമെന്നും, ഈ മേഖല നേരിടുന്ന തകർച്ച ഉണ്ടാക്കുന്ന ആഘാതം വളരെ വലുതാണെന്നും അദ്ദേഹം അറിയിച്ചു.

കൊറോണ വൈറസ് സാഹചര്യത്തിൽ ഏറ്റവും പ്രതിസന്ധി നേരിട്ടത് ടൂറിസം മേഖലയിലാണ്. ആഗോളതലത്തിൽ മുഴുവൻ രാജ്യങ്ങളിലും ഈ മേഖലയിലെ പ്രതിസന്ധി പ്രകടമാണെന്നും, സഞ്ചാരികളുടെ എണ്ണത്തിലെ വലിയ കുറവും, യാത്രാ നിയന്ത്രണങ്ങളും ഈ പ്രതിസന്ധി രൂക്ഷമാക്കിയതായും UN പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു. തൊഴിലവസങ്ങൾ, സമ്പദ്‌വ്യവസ്ഥ, വന്യജീവി സംരക്ഷണം, സാംസ്‌കാരിക പൈതൃക സംരക്ഷണം തുടങ്ങി ആഗോളതലത്തിൽ ടൂറിസവുമായി ബന്ധപ്പെട്ട സമസ്ത മേഖലകളിലും ഈ മഹാമാരി വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിട്ടുള്ളത്.

ടൂറിസം മേഖലയ്ക്ക് പുതു ജീവൻ പകരുന്നതിനായുള്ള സുരക്ഷിതമായതും, നിലവിലെ സാഹചര്യങ്ങൾക്കിണങ്ങിയതുമായ പദ്ധതികൾ അടിയന്തിരമായി തയ്യാറാക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രകൃതി, സംസ്കാരം എന്നിവയുടെ സംരക്ഷണത്തിനും, മാന്യമായി വരുമാനം നേടുന്നതിനുള്ള തൊഴിലവസരങ്ങൾ നിലനിർത്തുന്നതിനും ഇത് അത്യാവശ്യമാണ്.

“സഞ്ചാരികൾക്ക് പുതിയ സംസ്കാരങ്ങളും, അനുഭവങ്ങളും നൽകുന്നതോടൊപ്പം നൂറുകണക്കിനു ദശലക്ഷങ്ങൾക്ക് ജീവിതമാർഗം കൂടിയാണ് ടൂറിസം വ്യവസായം.”, സമ്പദ്‌വ്യവസ്ഥയുടെ സുരക്ഷയ്ക്കും, രാജ്യങ്ങളുടെ പുരോഗതിക്കും ടൂറിസം മേഖല നൽകുന്ന സംഭാവനകൾ ചെറുതല്ല എന്ന് ഓർമ്മപ്പെടുത്തികൊണ്ട് അദ്ദേഹം പറഞ്ഞു.