എമിറേറ്റിലെ COVID-19 പ്രതിരോധ മുൻകരുതൽ നിർദ്ദേശങ്ങളിൽ വീഴ്ച്ച കണ്ടെത്തിയ 11 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയതായി ദുബായ് ഇക്കണോമി അറിയിച്ചു. ദുബായ് ഇക്കണോമി ഉദ്യോഗസ്ഥർ എമിറേറ്റിലെ വാണിജ്യ മേഖലയിൽ ഒക്ടോബർ 18-ന് നടത്തിയ പരിശോധനകളുടെ ഭാഗമായാണ് ഈ ലംഘനങ്ങൾ കണ്ടെത്തിയത്.
അൽ മുറാർ, അൽ ഖുസൈസ് തുടങ്ങിയ ഇടങ്ങളിൽ ദുബായ് സ്പോർട്സ് കൗൺസിലുമായി ചേർന്ന് സംയുക്തമായി നടത്തിയ പരിശോധനകളിൽ 11 ഹെൽത്ത് ക്ലബ്ബുകളിലാണ് ഇത്തരം ലംഘനങ്ങൾ കണ്ടെത്തിയതെന്ന് ദുബായ് ഇക്കണോമി വ്യക്തമാക്കി. പിഴ ചുമത്തപ്പെട്ട സ്ഥാപനങ്ങളിൽ ജീവനക്കാർക്കിടയിൽ മാസ്കുകൾ ഉപയോഗിക്കുന്നതിലെ വീഴ്ചകളും, സാമൂഹിക അകലം നടപ്പിലാക്കുന്നതിലെ വീഴ്ചകളുമാണ് കണ്ടെത്തിയതെന്ന് അധികൃതർ അറിയിച്ചു.
രോഗവ്യാപനം തടയുന്നതിനും, സുരക്ഷാ നിർദ്ദേശങ്ങളെ കുറിച്ച് അവബോധം ഉളവാക്കുന്നതിനും ലക്ഷ്യമിട്ടുള്ള ദുബായ് ഇക്കണോമിയുടെ പരിശോധനകൾ എമിറേറ്റിലുടനീളമുള്ള വ്യാപാര കേന്ദ്രങ്ങളിലും, വാണിജ്യ സ്ഥാപനങ്ങളിലും തുടരുകയാണ്. ഈ പരിശോധനകളിൽ 921 സ്ഥാപനങ്ങളിൽ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി നടപ്പിലാക്കപ്പെടുന്നുണ്ടെന്ന് അധികൃതർ കണ്ടെത്തി. സാമൂഹിക അകലം ഓർമ്മപ്പെടുത്തുന്നതിനായുള്ള അടയാള സ്റ്റിക്കറുകൾ പ്രദർശിപ്പിക്കുന്നതിൽ വീഴ്ച്ച വരുത്തിയ ഒരു സ്ഥാപനത്തിന് താക്കീത് നൽകിയതായും അധികൃതർ അറിയിച്ചു.
പൊതുസമൂഹത്തിന്റെ സുരക്ഷയ്ക്കായി പ്രതിരോധ നിർദ്ദേശങ്ങൾ കർശനമായി നടപ്പിലാക്കാൻ മുഴുവൻ സ്ഥാപനങ്ങളോടും ദുബായ് ഇക്കണോമി ആവശ്യപ്പെട്ടിട്ടുണ്ട്. വീഴ്ച്ചകൾ കണ്ടെത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികൾ ഉണ്ടാകുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഇത്തരത്തിലുള്ള സുരക്ഷാ വീഴ്ച്ചകളെക്കുറിച്ചുള്ള വിവരങ്ങൾ 600545555 എന്ന നമ്പറിലോ, https://consumerrights.ae/ എന്ന വെബ്സൈറ്റിലൂടെയോ, ദുബായ് ഇക്കണോമിയുടെ ആപ്പിലൂടെയോ ഉപഭോക്താക്കൾക്ക് പങ്ക് വെക്കാവുന്നതാണ്.