പന്ത്രണ്ടാമത് അൽ ഐൻ പുസ്തകമേള ആരംഭിച്ചു

featured GCC News

അൽ ഐൻ പുസ്തകമേളയുടെ പന്ത്രണ്ടാമത് പതിപ്പ് 2021 സെപ്റ്റംബർ 21, ചൊവ്വാഴ്ച്ച അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ അംഗവും, അബുദാബി എക്സിക്യൂട്ടീവ് ഓഫീസ് ചെയർമാനുമായ H.H. ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്തു. അബുദാബി അറബിക് ലാംഗ്വേജ് സെന്ററുമായി ചേർന്ന് അബുദാബി ഡിപ്പാർട്ട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) സംഘടിപ്പിക്കുന്ന ഈ പുസ്തകമേള അൽ ഐനിലെ സയ്ദ് സെൻട്രൽ ലൈബ്രറിയിലാണ് നടക്കുന്നത്.

DCT അബുദാബി ചെയർമാൻ H.E. മുഹമ്മദ് ഖലീഫ അൽ മുബാറക്, അബുദാബി എക്സിക്യൂട്ടീവ് ഓഫീസ് ഡയറക്ടർ ജനറൽ H.E. സൈഫ് സയീദ് ഗോബാഷ്, DCT അബുദാബി അണ്ടർ സെക്രട്ടറി H.E. സഊദ് അൽ ഹോസാനി, അറബിക് ലാംഗ്വേജ് സെന്റർ ചെയർമാൻ H.E. അലി ബിൻ തമിം, അറബിക് ലാംഗ്വേജ് സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ മൗസ അൽ ഷംസി തുടങ്ങിയവർ ഉദ്‌ഘാടനത്തിൽ പങ്കെടുത്തു. അൽ ഐൻ പുസ്തകമേള 2021 സെപ്റ്റംബർ 21 മുതൽ 30 വരെ നീണ്ട് നിൽക്കും.

12th Edition of Al Ain Book Fair. [Source: Abu Dhabi Media Office.]

ഉദ്‌ഘാടനത്തിന് ശേഷം H.H. ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ മേളയിൽ പങ്കെടുക്കുന്ന വിവിധ പ്രസാധകരുടെ പവലിയനുകൾ സന്ദർശിച്ചു. ‘വായിക്കുന്ന തലമുറ വഴികാട്ടുന്ന തലമുറയാണ്’ എന്ന പ്രമേയം അടിസ്ഥാനമാക്കിയാണ് ഈ വർഷത്തെ മേള സംഘടിപ്പിക്കുന്നത്. വായനയുടെ ശക്തി എടുത്ത് കാട്ടുന്ന ഒരു സാംസ്‌കാരിക പ്രദർശനം എന്ന രീതിയിൽ അൽ ഐൻ പുസ്തകമേളയ്ക്ക് വളരെയധികം പ്രാധാന്യമുണ്ട്.

യു എ ഇയുടെ ജൂബിലി വർഷത്തിൽ, ഈ വർഷത്തെ മേള എമിറാത്തി സാംസ്‌കാരിക പൈതൃകത്തിന് പ്രത്യേക ഊന്നൽ നൽകുന്ന രീതിയിലാണ് സംഘടിപ്പിക്കുന്നത്. കഴിഞ്ഞ അഞ്ച് ദശകങ്ങളിൽ യു എ ഇയുടെ ദേശീയ സ്വത്വം രൂപപ്പെടുത്തുന്നതിൽ മുഖ്യപങ്ക് വഹിച്ച സാഹിത്യപരവും, സാംസ്‌കാരികവുമായ സൃഷ്ടികൾ എടുത്ത് കാണിക്കുന്നതിൽ അൽ ഐൻ ബുക്ക് ഫെയർ 2021 പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്.

യു എ ഇയിൽ നിന്നുള്ള 100-ൽ പരം പ്രസാധകരും, പ്രദര്‍ശകരും ഈ മേളയുടെ ഭാഗമായിരിക്കുന്നതാണ്. എല്ലാ പ്രായവിഭാഗങ്ങളിൽപ്പെടുന്ന വായനക്കാരുടെയും അഭിരുചികൾക്കിണങ്ങുന്ന ഏറ്റവും പുതിയ സാഹിത്യസൃഷ്ടികൾ ഉൾപ്പടെ മേളയിൽ പ്രദർശിപ്പിക്കുന്നതാണ്. പുസ്തക പ്രദർശനത്തിനൊപ്പം, ഓൺലൈനിലൂടെ സംഘടിപ്പിക്കുന്ന വിർച്യുൽ സംവാദങ്ങളും, പരിപാടികളും മേളയുടെ ആകർഷണമാണ്.

അമ്പതോളം സാംസ്‌കാരിക നായകർ, എഴുത്തുകാർ, കലാകാരന്മാർ തുടങ്ങിയവർ പങ്കെടുക്കുന്ന പ്രത്യേക സംവാദങ്ങൾ, സംഗീത പരിപാടികൾ, കുട്ടികൾക്കായുള്ള വിദ്യാഭ്യാസസംബന്ധിയായ പ്രദർശനങ്ങൾ, പ്രത്യേക വർക്ക്ഷോപ്പുകൾ തുടങ്ങിയവ മേളയുടെ ഭാഗമാണ്. പൂർണ്ണമായും COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ചാണ് മേള സംഘടിപ്പിക്കുന്നത്.

സന്ദർശകർക്ക് AlHosn ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് നിർബന്ധമാണ്. സന്ദർശകർ 48 മണിക്കൂറിനിടയിൽ നേടിയ PCR നെഗറ്റീവ് റിസൾട്ട് ഹാജരാക്കേണ്ടതാണ്. https://adbookfair.com/en/aabf എന്ന വിലാസത്തിലൂടെയോ അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ ആപ്പിലൂടെയോ മേളയിൽ പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്യാവുന്നതാണ്.


Cover Photo: Abu Dhabi Media Office.