റിയാദ് സീസൺ 2021-ന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട വിവിധ പരിപാടികളിൽ ഇതുവരെ പങ്കെടുത്ത സന്ദർശകരുടെ എണ്ണം പതിനാല് ദശലക്ഷം പിന്നിട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിൽ 125 രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളും ഉൾപ്പെടുന്നു.
2021 ഒക്ടോബർ 20-നാണ് റിയാദ് സീസൺ 2021 ആരംഭിച്ചത്. നാല് മാസത്തിനിടയിൽ 14 ദശലക്ഷത്തിലധികം വിദേശ, ആഭ്യന്തര സന്ദർശകർ ഈ പരിപാടികളിൽ പങ്കെടുത്തു.
സൗദിയുടെ വിനോദസഞ്ചാര മേഖലയിൽ വലിയ ഉണർവേകുന്നതിൽ കഴിഞ്ഞ ഏതാനം മാസങ്ങളായി റിയാദ് സീസൺ പ്രധാന പങ്ക് വഹിക്കുന്നു. പശ്ചിമേഷ്യന്‍ പ്രദേശങ്ങളിൽ സംഘടിപ്പിക്കപ്പെടുന്ന ഏറ്റവും വലിയ വിനോദ പരിപാടികളിലൊന്നാണ് റിയാദ് സീസൺ. ഏതാണ്ട് 5.4 ദശലക്ഷം സ്ക്വയർ മീറ്ററിൽ പരന്ന് കിടക്കുന്ന റിയാദ് സീസൺ വേദിയിൽ 14 വ്യത്യസ്ത വിനോദ മേഖലകൾ ഒരുക്കിയിട്ടുണ്ട്.
7500-ഓളം വിനോദ പ്രദർശനങ്ങൾ, ആഘോഷ പരിപാടികൾ തുടങ്ങിയവയാണ് ഇത്തവണത്തെ ഈ മേളയുടെ ഭാഗമായി അരങ്ങേറുന്നത്. ഇതിൽ 70 അറബ് സംഗീത പരിപാടികൾ, ആഗോള തലത്തിലുള്ള 6 സംഗീത പരിപാടികൾ, പത്തോളം അന്താരാഷ്ട്ര പ്രദർശനങ്ങൾ, 350-ലധികം നാടകപ്രദർശനങ്ങൾ മുതലായവ ഉൾപ്പെടുന്നു. ഇത്തവണത്തെ റിയാദ് സീസൺ 2022 മാർച്ച് അവസാനം വരെ സന്ദർശകരെ സ്വീകരിക്കുന്നതാണ്.
റിയാദ് സീസൺ വേദിയിലെ തുറന്ന ഇടങ്ങളിൽ സന്ദർശകർക്ക് മാസ്ക് ഒഴിവാക്കിയതായി സംഘാടകർ മാർച്ച് 7-ന് അറിയിച്ചിരുന്നു.