ആവേശത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും അവിശ്വസനീയമായ പ്രകടനത്തോടെ ദുബായ് റൺ 2021-ൽ പങ്കെടുക്കാൻ നവംബർ 26, വെള്ളിയാഴ്ച്ച 146000 ആളുകൾ ഷെയ്ഖ് സായിദ് റോഡിൽ ഒത്തുചേർന്നു. പങ്കെടുക്കുന്നവരുടെ ബാഹുല്യം കൊണ്ട് ലോകത്തെ തന്നെ ഏറ്റവും വലിയ ഇത്തരത്തിലുള്ള പരിപാടിയാണ് ദുബായ് റൺ.
ദുബായിയെ ലോകത്തിലെ ഏറ്റവുംആരോഗ്യമുള്ള നഗരമാക്കാൻ ലക്ഷ്യമിട്ടുള്ള, ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സംരംഭമായ, ഈ വർഷത്തെ ദുബായ് ഫിറ്റ്‌നസ് ചലഞ്ചിന്റെ സമാപന വാരാന്ത്യത്തിലാണ് ദുബായ് റൺ നടന്നത്.
നേതൃത്വത്തിന്റെ കാഴ്ചപ്പാടിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, പൗരന്മാർക്കും, താമസക്കാർക്കും, സന്ദർശകർക്കുമായി ദുബായ് റൺ ഉൾപ്പെടെ ഒരു മാസം മുഴുവൻ നീണ്ട് നിൽക്കുന്ന വിവിധ ഫിറ്റ്‌നസ് ഇവന്റുകൾ സൗജന്യമായി ഒരുക്കുന്ന ലോകത്തിലെ ഏക നഗരമാണ് ദുബായ്. ദുബായ് റൺ 2021-ന്റെ ഭാഗമായി നഗരത്തിലെ സൂപ്പർഹൈവേയായ ഷെയ്ഖ് സായിദ് റോഡ് ഒരു ഭീമൻ റണ്ണിംഗ് ട്രാക്കായി രൂപാന്തരപ്പെട്ടു.
വെള്ളിയാഴ്ച്ച പുലർച്ചെ തന്നെ സൺ & സാൻഡ് സ്‌പോർട്‌സ് വിതരണം ചെയ്‌ത ഔദ്യോഗിക ദുബായ് റൺ ടീ-ഷർട്ടുകൾ ധരിച്ച് ഓട്ടക്കാർ തെരുവിലിറങ്ങി. മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിന്റെ സ്റ്റാർട്ട് ലൈനിൽ നിന്ന് റൺ കിക്ക് ഓഫ് ചെയ്‌തതോടെ നഗരം അക്ഷരാർത്ഥത്തിൽ ഒരു നീലക്കടലായി മാറുകയായിരുന്നു.
എമിറേറ്റ്‌സ് ടവേഴ്‌സ്, ബുർജ് ഖലീഫ എന്നിവയുൾപ്പെടെ നഗരത്തിലെ പ്രധാന കാഴ്ചകൾക്കരികിലൂടെ ദുബായ് വേൾഡ് ട്രേഡ് സെന്ററിന് സമീപമുള്ള അൽ മുസ്താഖ്ബാൽ സ്ട്രീറ്റിലെ ഫിനിഷിങ്ങ് ലൈൻ വരെയായാണ് ദുബായ് റണ്ണിൽ പങ്കെടുത്തവർ ഓടിയത്.
എല്ലാ പ്രായത്തിലും വിഭാഗങ്ങളിലുമുള്ളവർക്കും പങ്കെടുക്കാനാകുന്ന രീതിയിൽ 5 കിലോമീറ്ററും 10 കിലോമീറ്ററും ദൈർഘ്യമുള്ള രണ്ട് റൂട്ടുകളാണ് ദുബായ് റൺ 2021-ൽ ഒരുക്കിയിരുന്നത്. കുടുംബങ്ങൾ, കാൽനടത്തക്കാർ തുടങ്ങിയവർക്കായി 5 കിലോമീറ്റർ നീളുന്ന ഒരു റൂട്ട്, ലോകത്തിലെ പ്രമുഖ മധ്യദൂര ഓട്ടക്കാർ ഉൾപ്പടെയുള്ളവർക്കായി 10 കിലോമീറ്റർ നീളമുള്ള മറ്റൊരു റൂട്ട് എന്നിവയാണ് ദുബായ് റണ്ണിൽ ഉൾപ്പെടുത്തിയിരുന്നത്. നിരവധി ഡിഎഫ്‌സി ഇവന്റുകളിലും പ്രവർത്തനങ്ങളിലും പങ്കെടുക്കുന്ന ഒരു കൂട്ടം കെനിയൻ ഓട്ടക്കാരും ഇതിൽ പങ്കെടുത്തു.
“ദുബൈ ഫിറ്റ്നസ് ചലഞ്ച് അതിന്റെ സമാപന വാരാന്ത്യത്തിൽ എത്തുമ്പോൾ, നമ്മുടെ നിരവധി പൗരന്മാരും താമസക്കാരും സന്ദർശകരും അവരുടെ ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടിയുള്ള പ്രതിബദ്ധത പ്രകടമാക്കുന്നത് പ്രചോദനകരമാണ്. ദുബായ് റൺ പൂർത്തിയാക്കിയ 146,000 ആളുകളോടൊപ്പം ഞാനും പങ്കെടുത്തപ്പോൾ ഇന്ന്, നമ്മുടെ കൂട്ടായ്മയുടെ ശക്തിയും, നമ്മൾ ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ നമുക്ക് എന്ത് നേടാനാകും എന്നതുമാണ് ലോകത്തിന് മുൻപിൽ അവതരിപ്പിച്ചത്. ദുബായ് റണ്ണിലെ ഈ വലിയ ജനപങ്കാളിത്തം ജീവിക്കാനും ജോലി ചെയ്യാനും ലോകത്തെ തന്നെ ഏറ്റവും മികച്ച നഗരങ്ങളിലൊന്നാണെന്ന് ദുബായ് എന്നതിന് അടിവരയിടുന്നു.”, ദുബായ് റണ്ണിൽ പങ്കെടുത്ത് കൊണ്ട് H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് പറഞ്ഞു.
WAM