ലോകത്ത് ആകെ ഉത്പാദിപ്പിക്കപ്പെടുന്ന ഈന്തപ്പഴത്തിന്റെ 17 ശതമാനം സൗദി അറേബ്യയിൽ നിന്നാണ്. നിലവിൽ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ഈന്തപഴം ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിൽ രണ്ടാമതായ സൗദി അറേബ്യ, 2030-തോടെ ഈ മേഖലയിലെ ഏറ്റവും വലിയ ഉത്പാദക രാജ്യമാകാനുള്ള തയ്യാറെടുപ്പുകൾ ഊർജ്ജിതമായി നടത്തി വരികയാണ്.
സൗദിയുടെ വിവിധ മേഖലകളിൽ നിന്ന് ഏതാണ്ട് 3.1 കോടി ഇന്തപ്പനകളിൽ നിന്നായി, 1.5 മില്യൺ ടൺ ഈന്തപ്പഴമാണ് പ്രതിവർഷം ഉത്പാദിപ്പിക്കുന്നത്. ഇതിൽ ഏതാണ്ട് 860 മില്യൺ റിയാൽ വിലമതിക്കുന്ന, 184,000 ടൺ ഈന്തപ്പഴം സൗദി മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. രാജ്യത്തെ ഒരു ലക്ഷത്തിൽ പരം ഹെക്ടർ കൃഷിഭൂമിയിൽ നിലവിൽ ഈന്തപ്പന തോട്ടങ്ങൾ പരിപാലിക്കപ്പെടുന്നു. വിവിധ തരങ്ങളിലുള്ള ഈന്തപ്പഴങ്ങൾ ഉത്പാദിപ്പിക്കപ്പെടുന്ന സൗദിയിൽ, ഇവയിൽ നിന്നുള്ള മൂല്യവർദ്ധിത ഉൽപ്പനങ്ങൾ തയ്യാറാക്കുന്നതിനായുള്ള 150-ൽ പരം ഫാക്ടറികൾ പ്രവർത്തിക്കുന്നുണ്ട്.
2018-ൽ പ്രവർത്തനം ആരംഭിച്ച നാഷണൽ സെന്റർ ഫോർ ഡേറ്റ്സ്, സൗദിയിലെ ഈന്തപ്പനകളുടെ പരിചരണം, ഈന്തപ്പഴ ഉത്പാദനം മുതലായ മേഖലകളിൽ നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ, വിപ്ലവാത്മകമായ മാറ്റങ്ങളാണ് കൊണ്ടുവന്നത്. ഉയർന്ന നിലവാരമുള്ള ഈന്തപ്പഴങ്ങൾ ഉത്പാദിപ്പിക്കുന്നതിലും, ഏറ്റവും മികച്ച കാർഷികരീതികൾ അവലംബിക്കുന്നതിലും ഈ കേന്ദ്രം കർഷകർക്ക് നൽകുന്ന പിന്തുണ വളരെ വലുതാണ്. ആഗോളതലത്തിൽ, ഈന്തപ്പഴ ഉത്പാദനത്തിലെ പ്രഥമസ്ഥാനം ലക്ഷ്യമിട്ടുകൊണ്ട് സൗദി ആരംഭിച്ച ഇന്റർനാഷണൽ ഡേറ്റ്സ് കൗൺസിൽ, രാജ്യാന്തര ഈന്തപ്പഴ ഉത്പാദന മേഖലയിലെ പുതിയ കണ്ടെത്തലുകൾ അറിയുന്നതിനും അംഗരാജ്യങ്ങൾ തമ്മിൽ കൃഷി രീതികളും, നിരീക്ഷണങ്ങളും കൈമാറുന്നതിനും ഏറെ സഹായകമാണ്.