യു എ ഇ: വാർഷിക സ്വദേശിവത്കരണ ലക്ഷ്യങ്ങൾ നടപ്പാക്കുന്നതിനുള്ള സമയപരിധി ഡിസംബർ 31-ന് അവസാനിക്കും

featured GCC News

രാജ്യത്തെ അമ്പതോ, അതിലധികമോ ജീവനക്കാരുള്ള സ്വകാര്യ മേഖലാ കമ്പനികൾക്ക് അവരുടെ വാർഷിക സ്വദേശിവത്കരണ ലക്ഷ്യങ്ങൾ നടപ്പിലാക്കുന്നതിനുള്ള സമയപരിധി 2023 ഡിസംബർ 31 വരെയാണെന്ന് യു എ ഇ മിനിസ്ട്രി ഹ്യൂമൻ റിസോഴ്സ് ആൻഡ് എമിറേറ്റൈസേഷൻ (MoHRE) ഓർമ്മപ്പെടുത്തി. 2023 നവംബർ 13-നാണ് MoHRE ഇക്കാര്യം ഓർമ്മപ്പെടുത്തിയത്.

രാജ്യത്തെ അമ്പതോ, അതിലധികമോ ജീവനക്കാരുള്ള സ്വകാര്യ മേഖലാ കമ്പനികളിലെ സ്വദേശിവത്കരണത്തിന്റെ തോത് വാർഷികാടിസ്ഥാനത്തിൽ 2 ശതമാനമെന്ന രീതിയിൽ (ഓരോ ആറ് മാസത്തെ കാലയളവിലും 1% വെച്ച്) ഉയർത്താൻ യു എ ഇ ക്യാബിനറ്റ് നേരത്തെ തീരുമാനിച്ചിരുന്നു. സ്വദേശിവത്കരണം സംബന്ധിച്ച നിബന്ധനകൾ പാലിക്കാത്ത സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് MoHRE നേരത്തെ അറിയിച്ചിട്ടുണ്ട്.

ഇതുവരെയായി ഈ ലക്ഷ്യങ്ങൾ പൂർത്തിയാക്കാത്ത സ്ഥാപനങ്ങൾക്ക് നാഫിസ് സംവിധാനത്തിലൂടെ എമിറാത്തി ജീവനക്കാരെ കണ്ടെത്താവുന്നതാണെന്ന് MoHRE ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സ്വദേശിവത്കരണ ലക്ഷ്യങ്ങൾ കൈവരിച്ചിട്ടുള്ള സ്ഥാപനങ്ങളെ MoHRE പ്രശംസിച്ചു.

ഇതുവരെ 18000-ത്തിൽ പരം സ്ഥാപനങ്ങൾ എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ കൈവരിച്ചതായി MoHRE അറിയിച്ചു. ഇത് രാജ്യത്തെ സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്ന എമിറാത്തി പൗരന്മാരുടെ എണ്ണം 84,000 കടക്കുന്നതിന് സഹായിച്ചതായും MoHRE കൂട്ടിച്ചേർത്തു.

ഇതിൽ 54,000-ത്തിൽ പരം എമിറാത്തി ജീവനക്കാർ കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ സ്വകാര്യ തൊഴിൽ മേഖലയിൽ ചേർന്നവരാണ്.