ഒമാൻ ആഭ്യന്തര വകുപ്പ് മന്ത്രി സയ്യിദ് ഹമൗദ് ഫൈസൽ അൽ ബുസൈദിയുടെ മേൽനോട്ടത്തിൽ, ഇരുപത്തേഴാമത് മസ്കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയർ 2023 ഫെബ്രുവരി 22 മുതൽ ആരംഭിക്കുമെന്ന് ഒമാൻ സാംസ്കാരിക വകുപ്പ് അറിയിച്ചു. 2023 ഫെബ്രുവരി 13-നാണ് ഒമാൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇരുപത്തേഴാമത് മസ്കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയർ സംബന്ധിച്ച വിവരങ്ങൾ പങ്ക് വെക്കുന്നതിനായി 2023 ഫെബ്രുവരി 13-ന് നടന്ന പ്രത്യേക പത്രസമ്മേളനത്തിൽ ഒമാൻ മിനിസ്ട്രി ഓഫ് കൾച്ചർ, സ്പോർട്സ് ആൻഡ് യൂത്ത് ഫോർ കൾച്ചർ അണ്ടർസെക്രട്ടറിയും, മസ്കറ്റ് പുസ്തകമേളയുടെ സംഘാടക കമ്മിറ്റിയുടെ ഡെപ്യൂട്ടി ചെയർമാനുമായ സയ്യിദ് സൈദ് സുൽത്താൻ അൽ ബുസൈദിയാണ് ഇക്കാര്യം അറിയിച്ചത്. ഈ വർഷത്തെ മസ്കറ്റ് അന്താരാഷ്ട്ര പുസ്തക മേളയിൽ പ്രത്യേക അതിഥിയായി സൗത്ത് അൽ ബതീന ഗവർണറേറ്റിനെ തിരഞ്ഞെടുത്തിട്ടുണ്ടെന്ന് അദ്ദേഹം പത്രസമ്മേളനത്തിൽ അറിയിച്ചു.
ഇത്തവണത്തെ മസ്കറ്റ് അന്താരാഷ്ട്ര പുസ്തകമേളയിൽ എത്തുന്ന സന്ദർശകരുടെ വിവിധ വിവരങ്ങൾ വിശകലനം ചെയ്യുന്നതിനും, മേളയിലെ പരിപാടികൾ സംബന്ധിച്ച വിവരങ്ങൾ അപഗ്രഥിക്കുന്നതിനും നിർമ്മിത ബുദ്ധിയുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തവണത്തെ പുസ്തകമേളയിൽ ബഹ്റൈനി സാംസ്കാരിക പരിപാടികൾ ഉൾപ്പെടുത്തുന്ന ഒരു ‘ബഹ്റൈനി കൾച്ചറൽ വീക്ക്’ സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
2023 ഫെബ്രുവരി 22 മുതൽ മാർച്ച് 4 വരെയാണ് ഇരുപത്തേഴാമത് മസ്കറ്റ് അന്താരാഷ്ട്ര പുസ്തകമേള സംഘടിപ്പിക്കുന്നത്. ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ വെച്ചാണ് ഈ മേള നടത്തുന്നത്.
ആഗോളതലത്തിൽ തന്നെ പ്രശസ്തരായ എഴുത്തുകാരും, ബുദ്ധിജീവികളും പങ്കെടുക്കുന്ന നിരവധി പരിപാടികൾ മേളയുടെ ഭാഗമായി അരങ്ങേറുന്നതാണ്. 32 രാജ്യങ്ങളിൽ നിന്നായി 826 പുസ്തക പ്രസാധകരാണ് മസ്കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയറിൽ പങ്കെടുക്കുന്നതെന്ന് പുസ്തകമേളയുടെ ഡയറക്ടർ അഹ്മദ് സൗദ് അൽ റവാഹി പത്രസമ്മേളനത്തിൽ അറിയിച്ചു.
ഏതാണ്ട് അഞ്ച് ലക്ഷത്തിൽപരം പുസ്തകങ്ങൾ ഈ മേളയിൽ അവതരിപ്പിക്കുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മേളയുടെ ഭാഗമായി 165 സാംസ്കാരിക പരിപാടികളും, 166 കുട്ടികൾക്കുള്ള പരിപാടികളും ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു. ഏതാണ്ട് 1194 പവലിയനുകളാണ് ഈ വർഷത്തെ മസ്കറ്റ് പുസ്തകമേളയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇരുപത്തേഴാമത് മസ്കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയർ 2023 ഫെബ്രുവരി 22 മുതൽ ആരംഭിക്കുമെന്ന് ഒമാൻ ഇൻഫോർമേഷൻ വകുപ്പ് മന്ത്രി H.E. ഡോ. അബ്ദുല്ല ബിൻ നാസിർ അൽ ഹരസി 2022 നവംബർ 22-ന് അറിയിച്ചിരുന്നു.
അറബ് ലോകത്തെ പ്രധാനപ്പെട്ട പുസ്തകമേളകളിലൊന്നായ മസ്കറ്റ് അന്താരാഷ്ട്ര പുസ്തകമേള 1992-ലാണ് ആദ്യമായി സംഘടിപ്പിക്കപ്പെട്ടത്. അന്താരാഷ്ട്ര പ്രസാധകരും, എഴുത്തുകാരും പങ്കെടുക്കുന്ന ഈ പുസ്തകമേള ഒമാനിലെ പ്രധാന സാംസ്കാരിക മേളകളിലൊന്നാണ്.
മസ്കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയറിന്റെ ഇരുപത്താറാമത് പതിപ്പ് 2022 ഫെബ്രുവരി 24-ന് സാംസ്കാരിക വകുപ്പ് മന്ത്രി H.H. സായിദ് തെയാസീൻ ബിൻ ഹൈതം അൽ സൈദ് ഉദ്ഘാടനം ചെയ്തിരുന്നു. മസ്കറ്റ് പുസ്തകമേളയുടെ 2022-ലെ പതിപ്പിൽ 27 രാജ്യങ്ങളിൽ നിന്നായി 715 പുസ്തക പ്രസാധകർ പങ്കെടുത്തിരുന്നു.
Cover Image: Oman News Agency.