ഇരുപത്തിമൂന്നാമത് എയർപോർട്ട് ഷോ 2024 മെയ് 14 മുതൽ ദുബായിൽ ആരംഭിക്കും. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ദക്ഷിണേഷ്യൻ മേഖലയിലെ എയർപോർട്ട് വ്യവസായങ്ങൾക്കായി സമർപ്പിച്ചിരിക്കുന്ന ഏറ്റവും വലിയ വാർഷിക പ്രദർശനമാണ് എയർപോർട്ട് ഷോ. ഇരുപത്തിമൂന്നാമത് എയർപോർട്ട് ഷോ 2024 മെയ് 14 മുതൽ 16 വരെ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വെച്ച് നടത്തുന്നതാണ്.
എയർ ട്രാഫിക് കൺട്രോൾ (ATC) ഫോറം, എയർപോർട്ട് സെക്യൂരിറ്റി മിഡിൽ ഈസ്റ്റ് എക്സിബിഷൻ, ഗ്ലോബൽ എയർപോർട്ട് ലീഡേഴ്സ് ഫോറം, വുമൺ ഇൻ ഏവിയേഷൻ മിഡിൽ ഈസ്റ്റ് ചാപ്റ്റർ കോൺഫറൻസ് എന്നിങ്ങനെ നാല് പ്രധാന പരിപാടികൾ എയർപോർട്ട് ഷോയുടെ ഭാഗമായി അരങ്ങേറുന്നതാണ്. വ്യോമയാന മേഖലയിലെ ആറായിരത്തിലധികം പ്രമുഖർ ഈ പ്രദർശനത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മേഖലകളിലെ പങ്കാളികൾക്ക് മികച്ച അവസരമാണ് എയർപോർട്ട് ഷോ നൽകുന്നതെന്ന് ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റും ദുബായ് എയർപോർട്ട്സ് ചെയർമാനും എമിറേറ്റ്സ് എയർലൈനിന്റെയും ഗ്രൂപ്പിന്റെയും ചെയർമാനും ചീഫ് എക്സിക്യൂട്ടീവും പരിപാടിയുടെ രക്ഷാധികാരിയുമായ ഷെയ്ഖ് അഹമ്മദ് ബിൻ സഈദ് അൽ മക്തൂം പറഞ്ഞു.
20 രാജ്യങ്ങളിൽ നിന്നായി ഇരുന്നൂറിലധികം പ്രദർശകർ ഈ വർഷത്തെ പ്രദർശനത്തിൽ പങ്കെടുക്കും. ആറ് രാജ്യങ്ങളുടെ പവലിയനുകളും ഇതിൽ പ്രദർശിപ്പിക്കും. വ്യത്യസ്തമായ വ്യോമയാന വിഷയങ്ങളിൽ 60-ലധികം പ്രഭാഷകർ ഈ അവസരത്തിൽ സംസാരിക്കും. 30-ലധികം കോൺഫറൻസ് സെഷനുകൾ ഉണ്ടാകും.
WAM [Cover Image: File photo from WAM]