2024 ജനുവരി 7-ന് നടക്കാനിരിക്കുന്ന ഇരുപത്തിമൂന്നാമത് ദുബായ് മാരത്തൺ മത്സരത്തിന്റെ റൂട്ട് സംബന്ധിച്ച വിവരങ്ങൾ അധികൃതർ പ്രഖ്യാപിച്ചു. 2023 ഓഗസ്റ്റ് 23-നാണ് ദുബായ് മീഡിയ ഓഫീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ദുബായ് സ്പോർട്സ് കൗൺസിലിന്റെ പിന്തുണയോടെയാണ് ദുബായ് മാരത്തൺ സംഘടിപ്പിക്കുന്നത്. ദുബായ് പോലീസ് അക്കാദമിയ്ക്ക് സമീപം ഉം സുഖേയിം റോഡിൽ നിന്ന് ആരംഭിക്കുകയും, അവിടെ തന്നെ അവസാനിക്കുകയും ചെയ്യുന്ന രീതിയിലാണ് ഇരുപത്തിമൂന്നാമത് ദുബായ് മാരത്തൺ റൂട്ട് ഒരുക്കിയിരിക്കുന്നത്.
ഇരുപത്തിമൂന്നാമത് ദുബായ് മാരത്തണിന്റെ ഭാഗമായി അരങ്ങേറുന്ന 4 കിലോമീറ്റർ, 10 കിലോമീറ്റർ, 42.195 കിലോമീറ്റർ എന്നിങ്ങനെയുള്ള മൂന്ന് വിഭാഗം മത്സരങ്ങളും ഉം സുഖേയിം റോഡിൽ നിന്ന് തന്നെയാണ് ആരംഭിക്കുന്നത്. ദുബായ് സ്പോർട്സ് കൗൺസിൽ, ദുബായ് പോലീസ്, റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി എന്നിവർ ചേർന്ന് സംയുക്തമായാണ് റൂട്ട് നിശ്ചയിച്ചിരിക്കുന്നത്.
42.195 കിലോമീറ്റർ ദൈർഘ്യമുള്ള മാരത്തൺ ജുമേയ്റ ബീച്ച് റോഡിലൂടെ ബുർജ് അൽ അറബ്, മദീനത് മുതലായ കെട്ടിടങ്ങളെ കടന്ന് പോകുന്നതാണ്. മത്സരത്തിൽ പങ്കെടുക്കുന്നവർക്കുള്ള രജിസ്ട്രേഷൻ https://www.dubaimarathon.org/ എന്ന വിലാസത്തിൽ ലഭ്യമാണ്.
മിഡിൽ ഈസ്റ്റിലെ ആദ്യത്തേതും ഏറ്റവും പഴക്കമുള്ളതുമായ മാരത്തൺ മത്സരമാണ് ദുബായ് മാരത്തൺ. ഇരുപത്തിമൂന്നാമത് ദുബായ് മാരത്തൺ 2024 ജനുവരി 7-ന് നടക്കുമെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു.
Cover Image: File Photo of Dubai Marathon. Source: WAM.