ഇരുപത്തിമൂന്നാമത് ദുബായ് മാരത്തൺ 2024 ജനുവരി 7, ഞായറാഴ്ച്ച നടന്നു.
ഇതിന്റെ ഭാഗമായി നടന്ന 10 കിലോമീറ്റർ റോഡ് റേസിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് പേരാണ് പങ്കെടുത്തത്.

2024 ജനുവരി 7, ഞായറാഴ്ച്ച രാവിലെ 6 മണിമുതൽ ഉച്ചയ്ക്ക് 1 മണിവരെയാണ് ദുബായ് മാരത്തൺ സംഘടിപ്പിച്ചത്. ദുബായ് സ്പോർട്സ് കൗൺസിലിന്റെ പിന്തുണയോടെയാണ് ദുബായ് മാരത്തൺ നടത്തുന്നത്.

ഇരുപത്തിമൂന്നാമത് ദുബായ് മാരത്തൺ മത്സര വിജയികളെ ദുബായ് സ്പോർട്സ് കൗൺസിൽ ചെയർമാൻ H.H. ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പുരസ്‌കാരങ്ങൾ നൽകി ആദരിച്ചു. ഉം സുഖേയിം റോഡിൽ ഒരുക്കിയ ഇത്തവണത്തെ ദുബായ് മാരത്തണിൽ അന്താരാഷ്ട്ര തലത്തിലുള്ള പ്രമുഖ ഓട്ടക്കാർ പങ്കെടുത്തിരുന്നു.

പുരുഷ വിഭാഗം മാരത്തണിൽ എത്തിയോപ്യൻ അത്ലീറ്റ് അദ്ദിസു ഗോബന (02:05:01 മണിക്കൂറിൽ 42.195 കിലോമീറ്റർ പിന്നിട്ടു) വിജയിയായി. എത്തിയോപ്യയുടെ തന്നെ ലെമി ദുമെച്ച (02:05:20 മണിക്കൂർ), ദെജെനെ മെഗെസ (02:05:42) എന്നിവർ പുരുഷ വിഭാഗത്തിൽ രണ്ടും, മൂന്നും സ്ഥാനം കരസ്ഥമാക്കി.

വനിതാ വിഭാഗം മാരത്തണിൽ എത്തിയോപ്യൻ അത്ലീറ്റ് തിഗിസ്റ്റ് കെതെമ (02:16:07 മണിക്കൂർ) പുതിയ ദുബായ് മാരത്തൺ റെക്കോർഡോടെ വിജയിച്ചു. എത്തിയോപ്യയുടെ തന്നെ റുതി ആഗ (02:18:09), ദേര ദിദ (02:19:29) എന്നിവർ ഈ വിഭാഗത്തിൽ രണ്ടും, മൂന്നും സ്ഥാനം കരസ്ഥമാക്കി.

മിഡിൽ ഈസ്റ്റിലെ ആദ്യത്തേതും ഏറ്റവും പഴക്കമുള്ളതുമായ മാരത്തൺ മത്സരമാണ് ദുബായ് മാരത്തൺ.
WAM