2023 ജനുവരി 25 മുതൽ ആരംഭിക്കാനിരിക്കുന്ന രണ്ടാമത് എംറ്റി ക്വാർട്ടർ ഫെസ്റ്റിവലിന്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലെത്തിയതായി ദോഫാർ ഗവർണറേറ്റിലെ ഹെറിറ്റേജ് ആൻഡ് ടൂറിസം ഡയറക്ടറേറ്റ് ജനറൽ അറിയിച്ചു. 2023 ജനുവരി 17-ന് ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ദോഫാർ ഗവർണറേറ്റിലെ തുമറയ്ത്ത് വിലയത്തിലെ അൽ ഖാദിഫ് മേഖലയിൽ സംഘടിപ്പിക്കുന്ന ഈ മേള 2023 ജനുവരി 25 മുതൽ ഫെബ്രുവരി 3 വരെ നീണ്ട് നിൽക്കും. ഒമാനിലെ സർക്കാർ വകുപ്പുകളുടെയും, സ്വകാര്യ മേഖലയുടെയും സഹകരണത്തോടെയാണ് ഈ മേള സംഘടിപ്പിക്കുന്നത്.
രണ്ടാമത് എംറ്റി ക്വാർട്ടർ ഫെസ്റ്റിവലിന്റെ ഭാഗമായി നിരവധി സാംസ്കാരിക, വിനോദ, കായിക പരിപാടികൾ അരങ്ങേറുമെന്ന് ദോഫാർ ഗവർണറേറ്റിലെ ഹെറിറ്റേജ് ആൻഡ് ടൂറിസം ഡയറക്ടറേറ്റ് ജനറൽ ഡയറക്ടർ ഖാലിദ് ബിൻ അബ്ദുല്ല അൽ അബ്രി വ്യക്തമാക്കിയിട്ടുണ്ട്. കുടുംബാംഗങ്ങൾക്ക് ഒത്തൊരുമിച്ച് ആസ്വദിക്കാവുന്ന സാഹസിക മത്സരങ്ങൾ, വാണിജ്യ പ്രദർശനങ്ങൾ, സംഗീതപരിപാടികൾ എന്നിവയും എംറ്റി ക്വാർട്ടർ ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിക്കുന്നതാണ്.
എംറ്റി ക്വാർട്ടർ ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കുന്ന ഫെസ്റ്റിവൽ ഒയാസിസ് മേഖലയായിരിക്കും ഈ മേളയുടെ പ്രധാനവേദിയെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. സന്ദർശകർക്ക് ഇവിടെ നിന്ന് മൊബൈൽ വാഹനങ്ങൾ ഉൾപ്പടെയുള്ള വിവിധ സേവനങ്ങൾ ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹെറിറ്റേജ് വില്ലേജ്, കരകൗശല ഉത്പന്നങ്ങളുടെ പ്രദർശനം, പരമ്പരാഗത കലാപരിപാടികൾ അവതരിപ്പിക്കുന്ന ഒരു പ്രത്യേക ഇടം എന്നിവയും ഈ മേഖലയിൽ ഒരുക്കുന്നതാണ്.
ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും, ദോഫാർ ഗവർണറേറ്റിലെ ശൈത്യകാല ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനുമായാണ് ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം എംറ്റി ക്വാർട്ടർ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. മേഖലയിൽ നിക്ഷേപിക്കുന്നതിന് താത്പര്യമുള്ള നിക്ഷേപകരെ ദോഫാറിലേക്ക് ക്ഷണിക്കുന്നതിനും ഈ മേളയിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നു.
എംറ്റി ക്വാർട്ടർ ഫെസ്റ്റിവലിന്റെ ആദ്യ പതിപ്പ് 2021 ഡിസംബർ 23 മുതൽ പതിനേഴ് ദിവസം നീണ്ട് നിൽക്കുന്ന രീതിയിലാണ് സംഘടിപ്പിച്ചത്. സാഹസിക പ്രവർത്തനങ്ങൾ ഇഷ്ടപ്പെടുന്നവർക്കായി പാരാഗ്ലൈഡിങ്ങ്, ഒമാനിൽ ആദ്യമായി അവതരിപ്പിക്കുന്ന മണൽക്കുന്നുകൾക്കിടയിലൂടെയുള്ള സിപ്പ് ലൈൻ, പരമ്പരാഗത ഷൂട്ടിംഗ് മത്സരങ്ങൾ, മണൽപ്പരപ്പുകളിലൂടെയുള്ള വാഹനങ്ങൾ ഉപയോഗിച്ചുള്ള പ്രകടനങ്ങൾ എന്നിവയും എംറ്റി ക്വാർട്ടർ ഫെസ്റ്റിവലിന്റെ ആദ്യ പതിപ്പിൽ ഉൾപ്പെടുത്തിയിരുന്നു.
Cover Image: Oman News Agency.