ദുബായ്: രണ്ടാമത് മൗണ്ടൻ ബൈക്ക് റേസ് ഒക്ടോബർ 15-ന് സംഘടിപ്പിക്കും

featured UAE

രണ്ടാമത് മൗണ്ടൻ ബൈക്ക് റേസ് 2023 ഒക്ടോബർ 15-ന് സംഘടിപ്പിക്കുമെന്ന് ദുബായ് സ്പോർട്സ് കൗൺസിൽ (DSC) അറിയിച്ചു. 2023 സെപ്റ്റംബർ 15-നാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ദുബായ് മുനിസിപ്പാലിറ്റിയുമായി ചേർന്നാണ് DSC ഈ റേസ് സംഘടിപ്പിക്കുന്നത്. അൽ ഖവാനീജിലെ മൗണ്ടൻ ബൈക്ക് ട്രാക്കിലാണ് ഈ റേസ് സംഘടിപ്പിക്കുന്നതെന്ന് DSC അറിയിച്ചിട്ടുണ്ട്.

ഏതാണ്ട് എഴുപത്തിനായിരത്തിലധികം മരങ്ങൾ നിറഞ്ഞ ഒരു കാട്ടിലൂടെ ഒരുക്കിയിട്ടുള്ള മൗണ്ടൻ ബൈക്ക് ട്രാക്കിൽ വെച്ച് നടക്കുന്ന ഈ റേസിൽ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരാർത്ഥികൾ പങ്കെടുക്കുക. 18 കിലോമീറ്റർ ദൈർഘ്യമുള്ള കമ്യൂണിറ്റി കാറ്റഗറി, 37 കിലോമീറ്റർ ദൈർഘ്യമുള്ള അമച്വർ കാറ്റഗറി, 56 കിലോമീറ്റർ ദൈർഘ്യമുള്ള പ്രൊഫഷണൽ കാറ്റഗറി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് ഈ റേസ് നടത്തുന്നത്.

ഇത്തവണത്തെ റേസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒക്ടോബർ 8 വരെ ഇതിനായി രജിസ്റ്റർ ചെയ്യാവുന്നതാണ്. കഴിഞ്ഞ വർഷം നടന്ന മൗണ്ടൻ ബൈക്ക് റേസിന്റെ പ്രഥമ പതിപ്പിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 350 പേരാണ് പങ്കെടുത്തത്.

WAM