രാജ്യത്തെ ആരോഗ്യ മേഖലയിലെ നാല് തൊഴിൽ പദവികളിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്നതിന്റെ രണ്ടാം ഘട്ടം ആരംഭിച്ചതായി സൗദി അധികൃതർ അറിയിച്ചു. 2025 ഒക്ടോബർ 17-നാണ് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് സോഷ്യൽ ഡവലപ്മെന്റ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
دعم مستمر للكفاءات الوطنية في سوق العمل بتطبيق المرحلة الثانية من قرار رفع نسب التوطين لأربع مهن صحية. pic.twitter.com/R439lV7P9S
— وزارة الموارد البشرية والتنمية الاجتماعية (@HRSD_SA) October 17, 2025
സൗദി അറേബ്യയിലെ ആരോഗ്യ മേഖലയിലെ നാല് തൊഴിൽ പദവികളിൽ സ്വദേശിവത്കരണത്തിന്റെ തോത് ഉയർത്താനുള്ള തീരുമാനത്തിന്റെ രണ്ടാം ഘട്ടം 2025 ഒക്ടോബർ 17-ന് ആരംഭിച്ചിട്ടുണ്ട്. സൗദി ആരോഗ്യ മന്ത്രാലയവുമായി ചേർന്നാണ് മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് സോഷ്യൽ ഡവലപ്മെന്റ് ഇത് നടപ്പിലാക്കുന്നത്.
രണ്ടാം ഘട്ടത്തിൽ രാജ്യവ്യാപകമായി താഴെ പറയുന്ന രീതിയിലാണ് ഈ തീരുമാനം നടപ്പിലാക്കുന്നത്:
- തെറപ്യൂറ്റിക് ന്യൂട്രിഷൻ തൊഴിൽ പദവികളിൽ – സ്വദേശിവത്കരണ തോത് 80 ശതമാനമാക്കി ഉയർത്തും.
- ഫിസിയോതെറാപ്പി തൊഴിൽ പദവികളിൽ – സ്വദേശിവത്കരണ തോത് 80 ശതമാനമാക്കി ഉയർത്തും.
- റേഡിയോളജി തൊഴിൽ പദവികളിൽ – സ്വദേശിവത്കരണ തോത് 65 ശതമാനമാക്കി ഉയർത്തും.
- മെഡിക്കൽ ലബോറട്ടറി തൊഴിൽ പദവികളിൽ – സ്വദേശിവത്കരണ തോത് 70 ശതമാനമാക്കി ഉയർത്തും.
ഈ തീരുമാനം സൗദി അറേബ്യയിലെ മുഴുവൻ സ്വകാര്യ ആരോഗ്യ പരിചരണ കേന്ദ്രങ്ങൾക്കും ബാധകമാണ്. ഈ മേഖലകളിലെ സ്പെഷ്യലിസ്റ്റുകൾക്കുള്ള ചുരുങ്ങിയ വേതനം 7000 ആക്കുന്നതിനും, ടെക്നിഷ്യന്മാരുടെ ചുരുങ്ങിയ വേതനം 5000 ആക്കുന്നതിനും മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.
2025 ഏപ്രിൽ 17 മുതൽ നിലവിൽ വന്ന ഈ തീരുമാനത്തിന്റെ ആദ്യ ഘട്ടം റിയാദ്, മക്ക, മദീന, ജിദ്ദ, ദമാം, അൽ ഖോബാർ എന്നിവിടങ്ങളിലെ മുഴുവൻ ആശുപത്രികളിലും, മറ്റു ആരോഗ്യ പരിചരണ കേന്ദ്രങ്ങളിലും, മറ്റു മേഖലകളിലെ വലിയ മെഡിക്കൽ കേന്ദ്രങ്ങളിലും മാത്രമാണ് നടപ്പിലാക്കിയത്.

