കുവൈറ്റ്: ഗാർഹിക വിസകളിൽ നിന്ന് സ്വകാര്യ മേഖല വിസകളിലേക്ക് മാറുന്നതിനായി മുപ്പതിനായിരത്തോളം അപേക്ഷകൾ

GCC News

ഗാർഹിക വിസകളിൽ നിന്ന് സ്വകാര്യ മേഖല വിസകളിലേക്ക് മാറുന്നതിനായി ഇതുവരെ ഏതാണ്ട് മുപ്പതിനായിരത്തോളം അപേക്ഷകൾ ലഭിച്ചതായി കുവൈറ്റ് അധികൃതർ വ്യക്തമാക്കി. കുവൈറ്റ് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസി അഫയേഴ്‌സ് സ്രോതസുകളെ ഉദ്ധരിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഗാർഹിക തൊഴിലാളികൾക്ക് ഉപാധികളോടെ സ്വകാര്യ മേഖലയിലേക്ക് വിസ മാറുന്നതിനുള്ള അനുമതി 2024 ജൂലൈ 14 മുതൽ കുവൈറ്റിൽ പ്രാബല്യത്തിൽ വന്നിരുന്നു. ജൂലൈ 14 മുതൽ ഓഗസ്റ്റ് പകുതി വരെ ഇത്തരം മുപ്പതിനായിരത്തോളം അപേക്ഷകളാണ് ലഭിച്ചിരിക്കുന്നത്.

ഇതിൽ പതിനായിരത്തോളം അപേക്ഷകളിൽ തീർപ്പ് കൽപ്പിച്ചതായി റെസിഡൻസി അഫയേഴ്‌സ് അധികൃതർ അറിയിച്ചു. ബാക്കി അപേക്ഷകളിൽ അവലോകന നടപടികൾ നടന്ന് വരികയാണ്.

രാജ്യത്തെ ഗാർഹിക തൊഴിലാളികളുടെ (വിസ 20) വിസ സ്വകാര്യ മേഖലയിൽ (വിസ 18) തൊഴിലെടുക്കുന്ന രീതിയിലേക്ക് മാറ്റുന്നതിന് നിലവിലുള്ള നിരോധനം 2024 ജൂലൈ 14 മുതൽ സെപ്റ്റംബർ 12 വരെയുള്ള കാലയളവിൽ ഒഴിവാക്കിക്കൊണ്ടുള്ള ഒരു ഉത്തരവ് കുവൈറ്റ് ആഭ്യന്തര വകുപ്പ് മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫ് അൽ സബാഹ് നേരത്തെ പുറത്തിറക്കിയിരുന്നു. സ്വകാര്യ മേഖലയിലെ വിവിധ തൊഴിലുകളിൽ അനുഭവപ്പെടുന്ന തൊഴിലാളികളുടെ വലിയ ദൗർലഭ്യം കണക്കിലെടുത്തായിരുന്നു ഈ തീരുമാനം.