മുപ്പതാമത് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ 2024 ഡിസംബർ 6 മുതൽ

featured GCC News

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ (DSF) മുപ്പതാമത് സീസൺ 2024 ഡിസംബർ 6-ന് ആരംഭിക്കും. 38 ദിവസം നീണ്ട് നിൽക്കുന്ന ഈ ഷോപ്പിംഗ് മേള ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീറ്റെയ്ൽ എസ്റ്റാബ്ലിഷ്‌മെന്റാണ് (DFRE) സംഘടിപ്പിക്കുന്നത്.

DSF-ന്റെ മുപ്പതാമത് സീസൺ 2024 ഡിസംബർ 6 മുതൽ 2024 ജനുവരി 12 വരെ നീണ്ട് നിൽക്കും. ഇത്തവണത്തെ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലുമായി ബന്ധപ്പെട്ട പരിപാടികളുടെ വിവരങ്ങൾ സംഘാടകർ പ്രഖ്യാപിച്ചിട്ടുണ്ട്.

മികച്ച ഷോപ്പിംഗ് അനുഭവങ്ങൾ വാഗ്‌ദാനം ചെയ്യുന്ന ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ പുതിയ പതിപ്പ് ഏറെ പുതുമകളോടെയാണ് സന്ദർശകർക്കായി ഒരുങ്ങുന്നതെന്ന് സംഘാടകർ വ്യക്തമാക്കിയിട്ടുണ്ട്. ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും മികച്ച സീസണായിരിക്കും ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ മുപ്പതാമത് സീസൺ എന്ന് DFRE അറിയിച്ചിട്ടുണ്ട്.

ചില്ലറവില്പന മേഖലയിലെ ഏറ്റവും വലിയ വിലക്കിഴിവുകൾ, ദിനം തോറും രണ്ട് തവണ വീതമുള്ള സൗജന്യ ഡ്രോൺ ഷോ, റാഫിൾ നറുക്കെടുപ്പുകൾ, ദിനം തോറുമുള്ള അതിഗംഭീരമായ വെടിക്കെട്ട്, പുതുവർഷാഘോഷങ്ങൾ തുടങ്ങിയ അനുഭവങ്ങൾ ഇത്തവണത്തെ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലുമായി ബന്ധപ്പെട്ട് ഒരുക്കുന്നതാണ്. സന്ദർശകർക്കിടയിൽ ഏറെ പ്രചാരമുള്ള 321 ഫെസ്റ്റിവൽ, മാർക്കറ്റ് ഔട്ട്സൈഡ് ദി ബോക്സ് (MOTB), കാന്റീൻ X തുടങ്ങിയ ആകർഷണങ്ങൾ ഇത്തവണയും ഉണ്ടായിരിക്കുന്നതാണ്.

ഉപഭോക്താക്കൾക്ക് മികച്ച ഷോപ്പിംഗ് അനുഭവങ്ങൾ നൽകുന്ന DSF ചില്ലറവില്പന മേഖലയിൽ അവിശ്വസനീയമായ ഇളവുകളും, ആനുകൂല്യങ്ങളും നൽകുന്നു. DSF ഉപഭോക്താക്കൾക്കായി അവിശ്വസനീയമായ വിലക്കുറവിനോപ്പം അതിനൂതനമായ കലാപരിപാടികളും, ലോകനിലവാരത്തിലുള്ള വിനോദപരിപാടികളും ഒരുക്കുന്നു.