നാല്പത്തിമൂന്നാമത് ഷാർജ പുസ്തകമേള സമാപിച്ചു

GCC News

നാല്പത്തിമൂന്നാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള (SIBF) സമാപിച്ചു. 2024 നവംബർ 17, ഞായറാഴ്ചയാണ് ഷാർജ അന്താരാഷ്ട്ര പുസ്തകമേള സമാപിച്ചത്.

ഷാർജ എക്സ്പോ സെന്ററിൽ നടന്ന ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിൽ നൂറിൽ പരം രാജ്യങ്ങളിൽ നിന്നുള്ള 1.82 ദശലക്ഷം സന്ദർശകർ പങ്കെടുത്തു. യു എ ഇ, ഇന്ത്യ, സിറിയ, ഈജിപ്ത്, ജോർദാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരാണ് ഇതിൽ മുന്നിൽ.

ഇത്തവണത്തെ ഷാർജ പുസ്തകമേളയിൽ 108 രാജ്യങ്ങളിൽ നിന്നുള്ള 2520 പ്രസാധകർ പങ്കെടുത്തിരുന്നു. 2024 നവംബർ 6 മുതൽ നവംബർ 17 വരെയാണ് ഇത്തവണത്തെ ഷാർജ അന്താരാഷ്ട്ര പുസ്തകമേള സംഘടിപ്പിച്ചത്.

SIBF-ലെത്തിയ സന്ദർശകരിൽ 53.66 ശതമാനം പേർ പുരുഷന്മാരും, 46.36 ശതമാനം പേർ സ്ത്രീകളുമാണെന്ന് എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മേളയിൽ 135,000 വിദ്യാർത്ഥികൾ പങ്കെടുത്തിരുന്നു.

സാമൂഹിക പുരോഗതിയുമായി ബന്ധപ്പെട്ട് വായന, അറിവ് എന്നിവയ്ക്കുള്ള പ്രാധാന്യം എടുത്ത് കാട്ടുന്ന ‘അത് ഒരു പുസ്തകത്തിൽ നിന്ന് ആരംഭിക്കുന്നു’ എന്ന ആശയത്തിലൂന്നിയാണ് നാല്പത്തിമൂന്നാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള സംഘടിപ്പിച്ചത്.

ഷാർജ ഭരണാധികാരിയും, സുപ്രീം കൗൺസിൽ അംഗവുമായ H.H. ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് SIBF 2024 ഉദ്ഘാടനം ചെയ്തത്.