ലോകത്തെ ഏറ്റവും വലിയ പുസ്തക വില്പനമേളയെന്ന് കരുതുന്ന ‘ബിഗ് ബാഡ് വുൾഫ് ബുക്‌സ്’ പ്രദർശനത്തിന്റെ നാലാമത് പതിപ്പ് ദുബായിയിൽ ആരംഭിച്ചു.
‘ബിഗ് ബാഡ് വുൾഫ് ബുക്‌സ് എക്സിബിഷൻ 2023’ ദുബായ് കൾച്ചർ ചെയർപേഴ്സണും, ദുബായ് കൗൺസിൽ അംഗവുമായ ഷെയ്‌ഖ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഏപ്രിൽ 7, വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്തു.

ദുബായ് സ്റ്റുഡിയോ സിറ്റിയിൽ വെച്ച് നടക്കുന്ന ഈ പുസ്തക മേള 2023 ഏപ്രിൽ 7 മുതൽ ഏപ്രിൽ 16 വരെ നീണ്ട് നിൽക്കും. പത്ത് ദിവസം നീണ്ട് നിൽക്കുന്ന ഈ പുസ്തക പ്രദർശനത്തിൽ ഏതാണ്ട് ഒരു ദശലക്ഷത്തിലധികം പുസ്തകങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
സാഹിത്യം, ശാസ്ത്ര കഥകൾ, ത്രില്ലറുകൾ, പാചകം, ബിസിനസ്, കുട്ടികളുടെ സാഹിത്യം തുടങ്ങി നിരവധി വിഭാഗങ്ങളിലുള്ള പുസ്തകങ്ങൾ ഈ മേളയിൽ നിന്ന് സന്ദർശകർക്ക് വാങ്ങാവുന്നതാണ്. എല്ലാ പുസ്തകങ്ങൾക്കും ആകർഷകമായ ഡിസ്‌കൗണ്ട് ലഭ്യമാണ്.

ദിനവും രാവിലെ 9 മണിമുതൽ രാത്രി 2 മണിവരെയാണ് ‘ബിഗ് ബാഡ് വുൾഫ് ബുക്‌സ്’ പ്രദർശനത്തിലേക്ക് പ്രവേശനം അനുവദിക്കുന്നത്. ഈ പുസ്തകമേളയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.
ദുബായ് കൾച്ചറുമായി സഹകരിച്ചാണ് ഈ പുസ്തകമേള സംഘടിപ്പിച്ചിരിക്കുന്നത്. 2018-ലാണ് ഈ പുസ്തകമേളയുടെ ആദ്യ പതിപ്പ് സംഘടിപ്പിക്കപ്പെട്ടത്.
WAM