ഖത്തർ: ട്രാവൽ കാർഡ് രജിസ്റ്റർ ചെയ്യുന്നവർക്ക് പ്രത്യേക സൗജന്യ യാത്രാ പദ്ധതിയുമായി ദോഹ മെട്രോ

featured GCC News

ട്രാവൽ കാർഡ് രജിസ്റ്റർ ചെയ്യുന്നവർക്ക് അഞ്ച് യാത്രകൾ വരെ സൗജന്യമായി നൽകുന്ന ഒരു പദ്ധതി സംബന്ധിച്ച് ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ അറിയിപ്പ് നൽകി. 2024 സെപ്റ്റംബർ 15-നാണ് ദോഹ മെട്രോ അധികൃതർ ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം 2024 സെപ്റ്റംബർ 15 മുതൽ ഡിസംബർ 15 വരെയുള്ള കാലയളവിനുള്ളിൽ ട്രാവൽ കാർഡുകൾ രജിസ്റ്റർ ചെയ്യുന്നവർക്ക് അഞ്ച് സൗജന്യ യാത്രകൾ പ്രയോജനപ്പെടുത്താൻ അവസരം ലഭിക്കുന്നതാണ്. ഈ കാലയളവിൽ ട്രാവൽ കാർഡ് രജിസ്‌ട്രേഷൻ പൂർത്തിയാക്കുന്നവർക്ക് സ്വയമേവ ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

ഈ പദ്ധതിയുടെ കാലയളവ് അവസാനിച്ച ശേഷമായിരിക്കും ഈ സൗജന്യ യാത്രകൾ ലഭിക്കുന്നത്. ഈ ആനുകൂല്യം ലഭിച്ച് മൂന്ന് മാസത്തിനകം ഈ യാത്രകൾ പ്രയോജനപ്പെടുത്തേണ്ടതാണ്.

ഖത്തർ റെയിൽ വെബ്സൈറ്റ്, ആപ്പ് എന്നിവയിലൂടെ രജിസ്റ്റർ / ലോഗിൻ ചെയ്തശേഷം ‘മാനേജ് ട്രാവൽ കാർഡ്’ സംവിധാനത്തിൽ നിന്ന് ഈ ട്രാവൽ കാർഡ് രജിസ്‌ട്രേഷൻ പൂർത്തിയാക്കാവുന്നതാണ്. ഇവിടെ നിന്ന് ‘ആഡ് കാർഡ്’ തിരഞ്ഞെടുത്ത ശേഷം നിങ്ങളുടെ ട്രാവൽ കാർഡിലെ അവസാനത്തെ പതിനൊന്ന് അക്കങ്ങൾ നൽകികൊണ്ട് രജിസ്റ്റർ ചെയ്യാവുന്നതാണ്.