ഒമാൻ: 5% VAT ഏപ്രിൽ 16 മുതൽ പ്രാബല്യത്തിൽ വരും; നികുതിയിനത്തിൽ പ്രതീക്ഷിക്കുന്നത് പ്രതിവർഷം 400 ദശലക്ഷം റിയാൽ

featured GCC News

രാജ്യത്ത് നടപ്പിലാക്കുന്ന 5 ശതമാനം മൂല്യവർദ്ധിത നികുതി (VAT) 2021 ഏപ്രിൽ 16 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഒമാൻ ടാക്സ് അതോറിറ്റി തലവൻ സ്ഥിരീകരിച്ചതായി ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. മാർച്ച് 14-നാണ് ഒമാൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ തീരുമാനം നടപ്പിലാക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും പൂർത്തിയാക്കിയതായി ഒമാൻ ടാക്സ് അതോറിറ്റി തലവൻ H.E. സൗദ് ബിൻ നാസ്സർ അൽ ഷുകൈലി ഒമാൻ ന്യൂസ് ഏജൻസിയ്ക്ക് നൽകിയ അഭിമുഖത്തിൽ അറിയിച്ചു. ഇതിനായുള്ള നിയമനിർമ്മാണം, VAT നടപ്പിലാക്കുന്നതിനുള്ള സോഫ്റ്റ്‌വെയർ തയ്യാറാക്കൽ, വിവിധ വകുപ്പുകളുടെ സംയോജനം തുടങ്ങിയ നടപടികൾ പൂർത്തിയാക്കിയതായി അദ്ദേഹം വ്യക്തമാക്കി. ഏതാനം സേവനങ്ങൾക്കും, സാധനങ്ങൾക്കും ഒഴികെ മറ്റു സേവനങ്ങൾക്കെല്ലാം 5 ശതമാനം VAT ബാധകമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇളവ് നൽകിയിട്ടുള്ള ഏതാനം മേഖലകളിലൊഴികെ ഒമാനിലേക്ക് ഇറക്കുമതി ചെയ്യുന്ന വസ്തുക്കൾക്കും ഈ നികുതി ബാധകമാണ്.

ആഭ്യന്തര ഉത്പാദന വളര്‍ച്ചയുടെ ഏതാണ്ട് 1.5% VAT നടപ്പിലാക്കുന്നതിലൂടെ കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. നികുതിയിനത്തിൽ പ്രതിവർഷം 400 ദശലക്ഷം റിയാൽ പിരിച്ചെടുക്കാനാകുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.

അവശ്യ ഭക്ഷണ സാധനങ്ങൾ, ആരോഗ്യ പരിചരണം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളെ ഈ നികുതിയുടെ പരിധിയിൽ നിന്ന് ഒഴിവാക്കുമെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു. 2021 ജനുവരിയിൽ ഒമാൻ ടാക്സ് അതോറിറ്റി പുറത്തിറക്കിയ അറിയിപ്പ് പ്രകാരം 94 അടിസ്ഥാന ഭക്ഷണ സാധനങ്ങളെ VAT-ൽ നിന്ന് ഒഴിവാക്കിയതായി സൂചിപ്പിച്ചിരുന്നു. പാൽ, ക്ഷീരോല്‍പന്നങ്ങള്‍, മാംസം, മീൻ, മുട്ട, കോഴി, താറാവ്, പഴം, പച്ചക്കറി, കാപ്പി, ചായ, പഞ്ചസാര, ഒലിവ് എണ്ണ, ബ്രഡ്, കുപ്പിയിൽ ലഭിക്കുന്ന കുടിവെള്ളം, ഉപ്പ്, കുട്ടികൾക്കുള്ള പോഷകാഹാരം മുതലായ സാധനങ്ങളെ VAT-ൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

2021 ഏപ്രിൽ മുതൽ രാജ്യത്ത് 5 ശതമാനം VAT നടപ്പിലാക്കുന്നത് സംബന്ധിച്ച് ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖ് 2020 ഒക്ടോബർ 12-ന് പ്രത്യേക ഉത്തരവ് പുറത്തിറക്കിയിരുന്നു. ഒമാൻ ഭരണാധികാരി പുറത്തിറക്കിയ ‘121/2020’ എന്ന ഉത്തരവ് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് 180 ദിവസങ്ങൾക്ക് ശേഷമാണ് ഈ നിയമം പ്രാബല്യത്തിൽ വരുന്നത് എന്നതുകൊണ്ടാണ് 2021 ഏപ്രിൽ 16 മുതൽ VAT നടപ്പിലാക്കുന്നത്.

രാജ്യത്തെ മൂല്യവർദ്ധിത നികുതിയുമായി (VAT) ബന്ധപ്പെട്ട രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചതായി ഒമാൻ ടാക്സ് അതോറിറ്റി 2021 ഫെബ്രുവരിയിൽ അറിയിച്ചിരുന്നു. VAT-നു കീഴിൽ വരുന്നവർക്കുള്ള, രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിന് 2021 ഫെബ്രുവരി 1 മുതൽ മാർച്ച് 15 വരെ അതോറിറ്റി സമയം നൽകിയിരുന്നു.