COVID-19 വാക്‌സിൻ പരീക്ഷണം: ഷാർജയിലെ അൽ ഖറയിൻ ഹെൽത്ത് സെന്ററിൽ 500 സന്നദ്ധസേവകർ വാക്സിൻ സ്വീകരിച്ചു

GCC News

അബുദാബിയിൽ നടന്നുകൊണ്ടിരിക്കുന്ന COVID-19 വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ മറ്റു എമിറേറ്റുകളിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഷാർജയിൽ പ്രവർത്തനമാരംഭിച്ച സേവനകേന്ദ്രത്തിൽ നിന്ന് ഇതുവരെ 500 സന്നദ്ധസേവകർ വാക്സിൻ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഷാർജയിലെ അൽ ഖറയിൻ ഹെൽത്ത് സെന്ററിലാണ്, അബുദാബിക്ക് പുറത്തുള്ള ആദ്യത്തെ ഇത്തരം കേന്ദ്രം ഏതാനം ദിവസങ്ങൾക്ക് മുൻപ് പ്രവർത്തനം ആരംഭിച്ചത്.

അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DoH), G42 ഹെൽത്ത്കെയർ, അബുദാബി ഹെൽത്ത് സർവീസസ് (SEHA) എന്നിവർ സംയുക്തമായി നടത്തുന്ന ഈ കേന്ദ്രത്തിലെ ആദ്യത്തെ മൂന്ന് പ്രവർത്തി ദിനങ്ങളിൽ തന്നെ 500 സന്നദ്ധസേവകർ വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഇവർക്കാർക്കും വാക്സിൻ കുത്തിവെപ്പിന് ശേഷം ഇതുവരെ പാർശ്വഫലങ്ങൾ ഒന്നും രേഖപെടുത്തിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയത്തിലെ മെഡിക്കൽ സർവീസസ് വിഭാഗം തലവൻ ഡോ. നൗർ അൽ മുഹൈരി അറിയിച്ചു. വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ, ഗർഭിണികൾ എന്നിവർ ഒഴികെയുള്ളവരിൽ നിന്നാണ് പരീക്ഷങ്ങളുടെ ഭാഗമാകുന്ന സന്നദ്ധസേവകരെ തിരഞ്ഞെടുക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

വാക്സിൻ പരീക്ഷങ്ങൾക്ക് രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക്, ദിനവും രാവിലെ 8 മുതൽ രാത്രി 8 വരെ , മുൻകൂർ അനുവാദം ഇല്ലാതെ തന്നെ ഈ കേന്ദ്രത്തിൽ നേരിട്ടെത്തി സന്നദ്ധത അറിയിക്കാവുന്നതാണ്. ഷാർജ, ദുബായ്, വടക്കൻ എമിറേറ്റുകൾ എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് ഷാർജയിലെ അൽ ഖറയിൻ ഹെൽത്ത് സെന്ററിലെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. ദിനവും 500-ൽ പരം സന്നദ്ധസേവകരെ രജിസ്റ്റർ ചെയ്യുന്നതിന് ഷാർജയിലെ കേന്ദ്രത്തിൽ സൗകര്യമുണ്ടായിരിക്കുന്നതാണ്.