ഷാർജ: അഞ്ചാമത് അൽ ദൈദ് ഡേറ്റ് ഫെസ്റ്റിവൽ ജൂലൈ 22 മുതൽ ആരംഭിക്കും

UAE

അഞ്ചാമത് അൽ ദൈദ് ഡേറ്റ് ഫെസ്റ്റിവൽ ജൂലൈ 22, വ്യാഴാഴ്ച്ച മുതൽ ഷാർജ എക്സ്പോ അൽ ദൈദിൽ ആരംഭിക്കും. ഷാർജ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്റ്ററിയുടെ നേതൃത്വത്തിലാണ് ഈ മേള സംഘടിപ്പിക്കുന്നത്.

ഇത്തവണത്തെ അൽ ദൈദ് ഡേറ്റ് ഫെസ്റ്റിവൽ ജൂലൈ 22 മുതൽ നാല് ദിവസം നീണ്ട് നിൽക്കും. ദിനവും രാവിലെ 8 മുതൽ രാത്രി 10 മണിവരെ മേളയിലേക്ക് സന്ദർശകരെ പ്രവേശിപ്പിക്കുന്നതാണ്. ഷാർജയിൽ നിന്നും, മറ്റു എമിറേറ്റുകളിൽ നിന്നുമായി നിരവധി ഈന്തപ്പന കർഷകർ ഈ മേളയിൽ പങ്കെടുക്കുന്നതാണ്.

ഈ വർഷത്തെ മേളയുടെ ഭാഗമായി നിരവധി പരിപാടികളും, മത്സരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് സംഘാടകർ വ്യക്തമാക്കിയിട്ടുണ്ട്. ഈന്തപ്പന തോട്ടങ്ങളുടെ ഉടമകൾ, ഈന്തപ്പന കർഷകർ എന്നിവർ മത്സരങ്ങളുടെ ഭാഗമായി ഈ വർഷത്തെ വിളവിൽ നിന്നുള്ള വിവിധ തരം ഈന്തപ്പഴങ്ങൾ പ്രദർശിപ്പിക്കുന്നതാണ്.

ഈ വർഷത്തെ മേളയുടെ ഭാഗമായി ആകെ ഏതാണ്ട് ഒന്നര ദശലക്ഷം ദിർഹത്തിന്റെ സമ്മാനത്തുകകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മേളയിൽ ആദ്യമായി രണ്ട് പുതിയ മത്സരയിനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും സംഘാടകർ അറിയിച്ചിട്ടുണ്ട്. പ്രാദേശിക മാമ്പഴ ഇനങ്ങളുടെയും, ചുവപ്പ്, മഞ്ഞ വകഭേദങ്ങളിൽ പെടുന്ന അത്തിപ്പഴങ്ങളുടെയും പ്രദർശനമാണിത്.

WAM