സൗദി അറേബ്യ: 2024-ന്റെ ആദ്യ പകുതിയിൽ 60 ദശലക്ഷം സന്ദർശകരെത്തിയതായി കണക്കുകൾ സൂചിപ്പിക്കുന്നു

featured GCC News

2024-ന്റെ ആദ്യ പകുതിയിൽ 60 ദശലക്ഷം വിനോദസഞ്ചാരികൾ സൗദി അറേബ്യയിലെത്തിയതായി ടൂറിസം മന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

സൗദി ടൂറിസം വകുപ്പ് മന്ത്രി അഹ്‌മദ്‌ അൽ ഖതീബിനെ ഉദ്ധരിച്ച് കൊണ്ടാണ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2024-ന്റെ ആദ്യ പകുതിയിൽ സൗദി അറേബ്യയിലെത്തിയ 60 ദശലക്ഷം സഞ്ചാരികൾ ഏതാണ്ട് 150 ബില്യൺ റിയാൽ രാജ്യത്ത് ചെലവഴിച്ചതായും ഈ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.

നിലവിൽ സൗദി അറേബ്യയിലെ ആഭ്യന്തര ഉത്പാദന വളർച്ചയുടെ ഏതാണ്ട് 3 ശതമാനം ടൂറിസം മേഖലയെ പ്രതിനിധാനം ചെയ്യുന്നു. ഇത് കൂടുതൽ വളർത്തുന്നതിന് ടൂറിസം മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം ഏതാണ്ട് 109 മില്യൺ വിനോദസഞ്ചാരികൾ സൗദി അറേബ്യ സന്ദർശിച്ചതായും അദ്ദേഹം അറിയിച്ചു. 2019-ലെ കണക്കുകളുമായി താരതമ്യം ചെയ്യുന്ന അവസരത്തിൽ സൗദി അറേബ്യയിലെ ടൂറിസം മേഖലയിലെ നിലവിലെ വളർച്ച 153% ആണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.