വർക്ക് പെർമിറ്റ് കാലാവധി അവസാനിച്ച ശേഷം ഒമാനിൽ അനധികൃതമായി തുടരുന്ന പ്രവാസികൾക്ക് പിഴ കൂടാതെ രാജ്യം വിടാൻ അവസരം നൽകുന്ന പദ്ധതിയിൽ ഇതുവരെ 65173 പ്രവാസി തൊഴിലാളികൾ രജിസ്റ്റർ ചെയ്തതായി ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു. ഇതിൽ 46355 പേർ ഒമാനിൽ നിന്ന് മടങ്ങിയതായും മന്ത്രാലയം വ്യക്തമാക്കി.
മാർച്ച് 23-നാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. വിസ കാലാവധി അവസാനിച്ചവർക്കും, തൊഴിൽ പ്രശ്നങ്ങൾ നേരിടുന്നവർക്കും ഈ പദ്ധതിയുടെ കീഴിൽ ഒമാനിൽ നിന്ന് എന്നേക്കുമായി മടങ്ങുകയാണെങ്കിൽ, നില നിൽക്കുന്ന പിഴതുകകളും മറ്റും ഒഴിവാക്കി നൽകുന്നതാണ്.
ഈ ആനുകൂല്യം ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർ 2021 മാർച്ച് 31-ന് മുൻപായി അപേക്ഷകൾ സമർപ്പിക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇത്തരം പ്രവാസി തൊഴിലാളികൾക്ക് തങ്ങളുടെ നാടുകളിലേക്ക് മടങ്ങുന്നതിനായി 2020 നവംബർ 15 മുതൽ ഡിസംബർ 31 വരെയുള്ള കാലയളവാണ് ഒമാൻ തൊഴിൽ മന്ത്രാലയം ആദ്യം അനുവദിച്ചിരുന്നത്. പിന്നീട് ഈ പദ്ധതിയുടെ ആനുകൂല്യം മൂന്ന് മാസത്തേക്ക് കൂടി നീട്ടി, 2021 മാർച്ച് 31 വരെ തുടരാൻ തൊഴിൽ മന്ത്രാലയം തീരുമാനിക്കുകയായിരുന്നു.
2021 മാർച്ച് 31-ന് ശേഷം ലഭിക്കുന്ന അപേക്ഷകൾ ഈ പദ്ധതിയുടെ കീഴിൽ യാതൊരു കാരണവശാലും പരിഗണിക്കില്ലെന്ന് മന്ത്രാലയം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. മാർച്ച് 31-ന് ശേഷം ലഭിക്കുന്ന അപേക്ഷകൾക്ക് ആനുകൂല്യം ലഭിക്കില്ലെന്നും, ഇവർക്ക് പിഴതുകകൾ അടയ്ക്കേണ്ടി വരുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ഈ പദ്ധതിയുടെ കീഴിൽ പിഴ ഒഴിവാക്കി ഒമാനിൽ നിന്ന് മടങ്ങുന്നതിന് ഔദ്യോഗിക അനുമതി ലഭിച്ച പ്രവാസികൾക്ക് 2021 ജൂൺ 30 വരെയുള്ള സമയപരിധിയാണ് രാജ്യം വിടുന്നതിനായി നിശ്ചയിച്ചിട്ടുള്ളതെന്ന് മാർച്ച് 17-ന് ഒമാൻ തൊഴിൽ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചിരുന്നു. മാർച്ച് 31 വരെ അപേക്ഷ സമർപ്പിക്കുന്നവരിൽ നിന്ന് ഇത്തരത്തിൽ അനുമതി ലഭിച്ചിട്ടുള്ള പ്രവാസികൾ ജൂൺ 30-ന് മുൻപ് നിർബന്ധമായും ഒമാനിൽ നിന്ന് മടങ്ങേണ്ടതാണ്. ഈ സമയപരിധി അവസാനിച്ച ശേഷം ഒമാനിൽ തുടരുന്ന ഇത്തരം പ്രവാസികൾക്ക് ഈ പദ്ധതിയുടെ കീഴിൽ അനുവദിച്ചിട്ടുള്ള ആനുകൂല്യങ്ങൾ, അനുമതികൾ മുതലായവയെല്ലാം റദ്ദ് ചെയ്യുമെന്നും മന്ത്രാലയം നേരത്തെ അറിയിച്ചിട്ടുണ്ട്.
കൊറോണ വൈറസ് വ്യാപന പശ്ചാത്തലത്തിൽ സാമ്പത്തിക പ്രതിസന്ധികൾ നേരിടുന്ന സ്വകാര്യ സ്ഥാപനങ്ങൾക്ക് പ്രവാസി തൊഴിലാളികളെ പിരിച്ച് വിടുന്നതിന് അനുമതി നൽകിയിട്ടുള്ള തീരുമാനം 2021 മാർച്ച് 31 വരെ തുടരുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇത്തരത്തിൽ പിരിച്ച് വിടുന്ന തൊഴിലാളികളുടെ കൊടുക്കാനുള്ള ശമ്പളം സ്ഥാപനങ്ങൾ കൊടുത്ത് തീർക്കേണ്ടതാണ്.