അബുദാബി: 700-ൽ പരം ഡ്രൈവർമാർ ട്രാഫിക് പോയിന്റ് കുറയ്ക്കുന്നതിനുള്ള പദ്ധതിയുടെ ആനുകൂല്യം നേടി

UAE

എമിറേറ്റിൽ 764 ഡ്രൈവർമാർ ട്രാഫിക് പോയിന്റുകൾ കുറയ്ക്കുന്നതിനുള്ള പഠന പദ്ധതിയുടെ ആനുകൂല്യം നേടിയതായും, ഇതിലൂടെ തങ്ങളുടെ ഡ്രൈവിംഗ് ലൈസൻസുകൾ തിരികെ നേടിയതായും അബുദാബി പോലീസ് അറിയിച്ചു. കഴിഞ്ഞ 9 മാസത്തെ കണക്കുകൾ പ്രകാരമുള്ള വിവരങ്ങളാണ് അബുദാബി പോലീസ് അറിയിച്ചത്.

റോഡിലെ സുരക്ഷ ഉറപ്പാക്കുന്നത് ലക്ഷ്യമിട്ടുള്ള പരിശീലന പദ്ധതികൾ പ്രോത്സാഹിപ്പിക്കുന്നതിൽ തങ്ങൾ അത്യന്തം ഉത്സുകരാണെന്ന് അബുദാബി പോലീസുമായി ബന്ധപ്പെട്ട കേണൽ ഡോ. മുഹമ്മദ് അഹ്‌മദ്‌ അൽ ബുറൈഖി വ്യക്തമാക്കി. സാമൂഹിക സുരക്ഷ, ട്രാഫിക്ക് സുരക്ഷ എന്നിവയിൽ ഡ്രൈവർമാർക്ക് മികച്ച ബോധവത്കരണം നൽകുന്നതിനുള്ള പദ്ധതികൾ സ്വീകരിക്കുന്നതിലും, നടപ്പിലാക്കുന്നതിലും അബുദാബി പോലീസ് എന്നും മുൻപന്തിയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ട്രാഫിക് പോയിന്റുകൾ കുറയ്ക്കുന്നതിനുള്ള പഠന പദ്ധതി ട്രാഫിക്ക് നിയമലംഘനങ്ങൾ നടത്തിയവർക്ക് റോഡ് സുരക്ഷയിൽ മികച്ച പരിശീലനം നൽകാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് അദ്ദേഹം വ്യക്തമാക്കി. ട്രാഫിക്ക് നിയമ ലംഘനങ്ങൾക്ക് ഇരുപത്തിമൂന്നോ, അതിൽ താഴെയോ ട്രാഫിക്ക് പോയിന്റുകൾ നേടിയ ഡ്രൈവർമാർക്ക് ഈ പരിശീലന പരിപാടി പൂർത്തിയാക്കുന്നതിലൂടെ എട്ട് പോയിന്റ് വരെ കുറയ്ക്കാവുന്നതാണ്.

വർഷത്തിൽ ഒരു തവണ മാത്രമാണ് ഈ പഠന പദ്ധതിയിൽ ഒരു ഡ്രൈവർക്ക് പങ്കെടുക്കാൻ സാധിക്കുക. അറബിക്, ഇംഗ്ലീഷ്, ഉറുദു എന്നീ ഭാഷകളിൽ റോഡ് സുരക്ഷ സംബന്ധിച്ച പ്രഭാഷണങ്ങളും, പാഠ്യക്രമങ്ങളും ഈ പരിശീലനത്തിന്റെ ഭാഗമായി ലഭിക്കുന്നതാണ്. സുരക്ഷിതമായി വാഹനങ്ങൾ കൈകാര്യം ചെയ്യുന്നതിനും, റോഡ് സുരക്ഷയിൽ ഊന്നൽ നൽകികൊണ്ട് ഡ്രൈവ് ചെയ്യുന്നതിനും, തികച്ചും ഉത്തരവാദിത്വത്തോടെ റോഡിൽ പെരുമാറുന്നതിനും ഈ പാഠ്യപദ്ധതി ഡ്രൈവർമാർക്ക് പരിശീലനം നൽകുന്നു.

നിയമ ലംഘനങ്ങൾക്ക് 24 പോയിന്റിൽ കൂടുതൽ നേടുന്നവരുടെ ലൈസൻസ് സാധാരണയായി കണ്ടുകെട്ടുകയും, മൂന്ന് മാസത്തേക്ക് റദ്ദാക്കുകയും ചെയ്യാറുണ്ട്. ഇത്തരം ഡ്രൈവർമാർക്ക് ഈ പഠനപദ്ധതി വിജയകരമായി പൂർത്തിയാക്കുന്നതിലൂടെ ഈ ശിക്ഷാ നടപടിയിൽ ഇളവ് ലഭിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.