യു എ ഇ ദേശീയ ദിനാഘോഷം: പൊതു മേഖലയിലെ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു

GCC News

യു എ ഇയുടെ നാല്പത്തൊമ്പതാമത് ദേശീയ ദിനാഘോഷത്തിന്റെയും, സ്മാരക ദിനത്തിന്റെയും ഭാഗമായുള്ള പൊതു മേഖലയിലെ അവധി ദിനങ്ങൾ ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സ്സ് (FAHR) പ്രഖ്യാപിച്ചു. യു എ ഇയിൽ പൊതു മേഖലയിൽ ഡിസംബർ 1, ചൊവ്വാഴ്ച്ച സ്മാരക ദിനത്തിന്റെ ഭാഗമായും, ഡിസംബർ 2, 3 (ബുധൻ, വ്യാഴം) തീയ്യതികൾ ദേശീയദിനത്തിന്റെ ഭാഗമായും അവധിയായിരിക്കുമെന്ന് FAHR അറിയിപ്പിൽ വ്യക്തമാക്കുന്നു.

നവംബർ 22, ഞായറാഴ്ചയാണ് FAHR ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്. അവധിയ്ക്ക് ശേഷം ഡിസംബർ 6, ഞായറാഴ്ച്ച മുതൽ ഓഫീസുകളുടെ പ്രവർത്തനം പുനരാരംഭിക്കുന്നതാണ്.

ഇതോടെ ഈ വർഷം ദേശീയ ദിനത്തിന്റെ ഭാഗമായി അഞ്ച് ദിവസം തുടർച്ചായി അവധി ലഭിക്കുന്നതാണ്. മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറേറ്റൈസേഷൻ ഇതുവരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും, രാജ്യത്തെ നയമനുസരിച്ച് സ്വകാര്യ മേഖലയിലും ഇതേ ദിനങ്ങൾ അവധിയായിരിക്കുമെന്നാണ് കരുതുന്നത്.