ഖത്തർ: നിശ്ചിത മേഖലകളിൽ ഡ്രോണുകളുടെ പ്രവർത്തനത്തിന് അനുമതി നൽകിയതായി ആഭ്യന്തര മന്ത്രാലയം

GCC News

രാജ്യത്തെ നിശ്ചിത മേഖലകളിൽ 2026 സെപ്റ്റംബർ 29, ചൊവാഴ്ച മുതൽ ഡ്രോണുകളുടെ പ്രവർത്തനത്തിന് അനുമതി നൽകിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിപ്പ് നൽകി. 2026 സെപ്റ്റംബർ 29-ന് രാത്രിയാണ് ഖത്തർ ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയുമായും ബന്ധപ്പെട്ട മറ്റ് അധികൃതരുമായും സഹകരിച്ചു കൊണ്ടാണ് ഈ തീരുമാനം നടപ്പിലാക്കുന്നത്.

ഈ അറിയിപ്പ് പ്രകാരം ഖത്തറിലെ നിശ്ചിത പ്രദേശങ്ങളിൽ 2026 സെപ്റ്റംബർ 29 മുതൽ ആളില്ലാ വിമാനങ്ങളുടെ (ഡ്രോണുകൾ) പ്രവർത്തനങ്ങൾക്ക് ഉപാധികളോടെ അനുമതി നൽകിയിട്ടുണ്ട്. ഡ്രോൺ ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുള്ള പ്രദേശങ്ങൾ ‘മെട്രാഷ്’ ആപ്പ് വഴി തിരിച്ചറിയാവുന്നതാണ്.

ഇത്തരം പ്രദേശങ്ങളിൽ ദിവസവും സൂര്യോദയം മുതൽ രാവിലെ 9 മണി വരെയും, ഉച്ചയ്ക്ക് 2 മണി മുതൽ സൂര്യാസ്തമയം വരെയും എന്ന രീതിയിൽ രണ്ട് സമയങ്ങളിലായാണ് ഡ്രോൺ പ്രവർത്തനങ്ങൾ അനുവദിക്കുന്നത്. നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളിലും അനുവദനീയമായ സമയങ്ങളിലും മാത്രം ഡ്രോണുകൾ പ്രവർത്തിപ്പിക്കണമെന്നും, അംഗീകൃത മേഖലകൾക്ക് പുറത്തോ ലൈസൻസ് ലഭിച്ച ആവശ്യങ്ങൾക്കല്ലാതെ മറ്റെന്തെങ്കിലും ആവശ്യങ്ങൾക്കോ ​​അവ ഉപയോഗിക്കരുതെന്നും ഖത്തർ ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.

ഡ്രോണുകൾ ഉപയോഗിക്കുന്നവർ അംഗീകൃതമായ എല്ലാ നിബന്ധനകളും പ്രവർത്തന മേഖലകളുമായി ബന്ധപ്പെട്ട വ്യവസ്ഥകളും പാലിക്കേണ്ടതുണ്ട്. ഇതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.