റിയാദ് സീസൺ 2023-ന്റെ ഭാഗമായുള്ള വിവിധ പരിപാടികളിൽ പങ്കെടുത്ത സന്ദർശകരുടെ എണ്ണം ഒമ്പത് ദശലക്ഷം പിന്നിട്ടതായി സൗദി അധികൃതർ അറിയിച്ചു. സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്.
ഇത്തവണത്തെ റിയാദ് സീസണിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്ന വിവിധ സോണുകളിൽ സന്ദർശകരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
‘ബിഗ് ടൈം’ എന്ന ആശയത്തിലൂന്നിയാണ് ഇത്തവണത്തെ റിയാദ് സീസൺ സംഘടിപ്പിക്കുന്നത്.
റിയാദ് സീസണിന്റെ നാലാമത് പതിപ്പ് 2023 ഒക്ടോബർ 28, ശനിയാഴ്ച ആരംഭിച്ചിരുന്നു.
പശ്ചിമേഷ്യന്‍ പ്രദേശങ്ങളിൽ സംഘടിപ്പിക്കപ്പെടുന്ന ഏറ്റവും വലിയ വിനോദ പരിപാടികളിലൊന്നായ റിയാദ് സീസണിന്റെ 2023 പതിപ്പിൽ 12 വ്യത്യസ്ത വിനോദ മേഖലകളാണ് ഒരുക്കിയിരിക്കുന്നത്. ഓരോ വിനോദമേഖലയും സന്ദർശകർക്ക് വ്യത്യസ്തമായ അനുഭവമൊരുക്കുന്നു.
ബുലവാർഡ് വേൾഡ്, ബുലവാർഡ് റിയാദ് സിറ്റി, കിങ്ഡം അരീന, ടെരാസാ,വണ്ടർ ഗാർഡൻ, വയ റിയാദ്, റിയാദ് ഫുഡ് ട്രക്ക്സ് പാർക്ക്, റോഷൻ ഫ്രണ്ട്, ഗ്രോവ്സ്, റിയാദ് സൂ, സുവൈദി പാർക്ക്, സൂഖ് അൽ അവലീൻ എന്നിവയാണ് റിയാദ് സീസൺ 2023-ന്റെ ഭാഗമായുള്ള 12 വ്യത്യസ്ത വിനോദ മേഖലകൾ. ഇത്തവണത്തെ റിയാദ് സീസൺ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ https://riyadhseason.com/en-US എന്ന വിലാസത്തിൽ ലഭ്യമാണ്.
Cover Image: Saudi Press Agency.