അൽ ഐനിൽ വെച്ച് നടക്കുന്ന ഒമ്പതാമത് പരമ്പരാഗത കരകൗശല മേള 2023 നവംബർ 1 മുതൽ ആരംഭിക്കും. അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
അൽ ഐനിലെ സൂഖ് അൽ ഖട്ടാരയിൽ വെച്ചാണ് ഈ പരമ്പരാഗത കരകൗശല മേള സംഘടിപ്പിക്കുന്നത്. അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസമാണ് ഈ മേള ഒരുക്കുന്നത്.
അബുദാബി ഭരണാധികാരിയുടെ അൽ ഐനിലെ പ്രതിനിധി H.H. തഹ്നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ട്രഡീഷണൽ ഹാന്റിക്രാഫ്റ്റ്സ് ഫെസ്റ്റിവൽ 2023 നവംബർ 1 മുതൽ നവംബർ 20 വരെ നീണ്ട് നിൽക്കുന്നതാണ്.എമിറാത്തി സാംസ്കാരിക പൈതൃകം, ശില്പവൈദഗ്ദ്ധ്യം എന്നിവ എടുത്ത് കാട്ടുന്നതാണ് ഈ മേള.
‘പൂര്‍വ്വികരുടെ കരകൗശലവൈദഗ്ദ്ധ്യം, ഒരു ജനതയുടെ അഭിമാനം’ എന്ന ആശയത്തിലൂന്നിയാണ് ഈ മേളയുടെ ഒമ്പതാം പതിപ്പ് ഒരുക്കുന്നത്. പരമ്പരാഗത എമിറാത്തി കരകൗശലവൈദഗ്ദ്ധ്യം എടുത്ത് കാട്ടുന്ന പണിപ്പുരകൾ, തത്സമയ നിർമ്മാണ ക്ലാസുകൾ, മറ്റു പ്രദർശനങ്ങൾ എന്നിവ ഈ മേളയുടെ ഭാഗമായി അരങ്ങേറുന്നതാണ്.
പരമ്പരാഗത എമിറാത്തി കരകൗശലവിദ്യയുടെ ചരിത്രം, എമിറാത്തി സംസ്കാരത്തിൽ അവയ്ക്കുള്ള പ്രാധാന്യം, കരകൗശലവിദ്യയുടെ ഭാഗമായി ഉപയോഗിക്കുന്ന പരമ്പരാഗത ഉപകരണങ്ങൾ, നിർമ്മാണരീതികൾ എന്നിവ സന്ദർശകർക്ക് മുൻപിൽ അവതരിപ്പിക്കുന്ന രീതിയിലാണ് ഈ മേള ഒരുക്കുന്നത്. എമിറാത്തി നാടൻ കലാരൂപങ്ങൾ, സംഗീത നൃത്ത പരിപാടികൾ, പരമ്പരാഗത ഭക്ഷ്യവിഭവങ്ങൾ മുതലായവയും ഈ മേളയിലെത്തുന്നവർക്ക് ആസ്വദിക്കാവുന്നതാണ്.
ദിവസവും രാവിലെ 9 മണിമുതൽ ഉച്ചയ്ക്ക് 1 മണിവരെയും, വൈകീട്ട് 4 മണിമുതൽ രാത്രി 11 മണിവരെയുമാണ് ഈ മേളയിലേക്ക് പ്രവേശനം അനുവദിക്കുന്നത്. ഈ മേളയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.
Cover Image: Abu Dhabi Media Office.